പോലീസ് നിരപരാധിയെ തല്ലിക്കൊല്ലുന്നതു പുതിയ ഏര്‍പ്പാടല്ല. പോലീസ് ആണെങ്കില്‍ ഇതും ഇതിലപ്പുറവും ചെയ്യും എന്നാണ് അവസ്ഥ. എത്രവിദ്യാഭ്യാസവും വിവരവും ഉണ്ടായാലും ചിലര്‍ പോലീസില്‍ ചേര്‍ന്നാല്‍ ക്രിമിനലുകളാവും എന്നാണ് എവിടത്തേയും അനുഭവം. സംസ്ക്കാരവും സാക്ഷരതയും പറഞ്ഞാലൊന്നും രക്ഷയില്ല. പോലീസായാല്‍ തല്ലും കൊല്ലും എന്നത് രണ്ടരത്തരം. കഴിഞ്ഞ ദിവസം വരാപ്പുഴയില്‍ ഒരു നിരപരാധിയെ തല്ലിക്കൊന്ന് പോലീസ് പ്രാകൃതരാണെന്ന് വീണ്ടും തെളിയിച്ചു.
കഴിഞ്ഞിടെയാണ് കേരളാപോലീസിനെ നന്നാക്കാന്‍ ഡിജിപി വഴി നിര്‍ദേശം ഉണ്ടായത്. ഉപദേശം പരിശീലനം എന്നുവേണ്ട എല്ലാകൊടച്ചക്രവും പോലീസിനെ നന്നാക്കാന്‍ ഉപയോഗിക്കും എന്നൊക്കെയായിരുന്നു വന്പു പറച്ചില്. പക്ഷേ നന്നാവില്ലെന്ന് പോലീസിനുമറിയാം. പോലീസ് തലവനായ ഡിജിപിക്കും അറിയാം. പിന്നെ പറ്റിക്കാന്‍ ആകെ പറ്റുന്നതു ജനത്തെയാണല്ലോ. ഇതിനിടയില്‍ ഡിജിപിക്ക് ഒരു പോലീസുകാരനില്നിന്നു കിട്ടിയത് പച്ചത്തെറി. പലരുടേയും വികാരം ഒന്നായി ഒരു പോലീസുകാരന് ഒറ്റയ്ക്കുകൊടുത്തു എന്നതും ആകാം. എന്തായാലും കേരളാപോലീസിന്റെ ചരിത്രത്തില്‍ ഇത്രത്തോളം പഴികേട്ട മറ്റൊരു ഡിജിപി ലോക്നാഥ് ബഹ്റയെപ്പോലെ ഉണ്ടാവില്ലെന്നത് സത്യം.
പരിശീലനം കൊണ്ട് പോലീസ് നന്നാകുമെന്നു അധികൃതര്‍ വിശ്വസിക്കുന്നതു തന്നെ വലിയ മണ്ടത്തരമാണ്. പോലീസിനും മനുഷ്യത്വം വേണം എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. പോലീസിനുവേണ്ട യോഗ്യതയില്‍ പലപ്പോഴും ഒഴിവാക്കപ്പെടുന്നതാണ് മനുഷ്യത്വം എന്നുതോന്നുന്നു. കായികക്ഷമത മാത്രമാണ് പോലീസില്‍ ചേരാനുള്ള മികവെന്നു വന്നാല്‍ ഇത്തരം തല്ലിക്കൊല്ലുന്ന പോലീസുകാരെ സേനയ്ക്കു കിട്ടിയെന്നു വരും.
പോലീസ് മനുഷ്യനെ ഉപദ്രവിക്കാനുള്ളതാണെന്നുള്ള പ്രാകൃത വിശ്വാസത്തില്‍നിന്നും യാതൊരുമാറ്റവും കേരളാപോലീസിനു വന്നിട്ടില്ല. തലയില്‍ തൊപ്പിവെച്ചാല് പൊതുജനത്തിന്റെ ശത്രുവാകണം എന്ന കീഴ്വഴക്കം മാറണം. ഭരണം മാറുന്നതനുസരിച്ച് പോലീസിന്റെ കൂറും സ്വഭാവവും മാറുന്നതാണ് മറ്റൊരു പ്രശ്നം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവുംമോശമായ പോലീസാണ് പിണറായിയുടെ പോലീസ് എന്നു പറയേണ്ടിവരും. ഇടതു ഭരണം വരുമ്പോഴൊക്കെ ഇത്തരം പോലീസ് ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ ശാപമാണ്. പോലീസിനെ അടിമയാക്കുകയാണ് സിപിഎം ചെയ്യാറ്. എംവി.ജയരാജനെപ്പോലൊരു നേതാവിന്റെ വിരല്‍ത്തുമ്പിലാണ് കേരളത്തിലെ പോലീസ് കാര്യം എന്നുകേള്‍ക്കുന്നത് എത്ര നാണക്കേടാണ്. ഇത്തരം നേതാക്കള്‍ക്കും പാര്‍ട്ടിക്കും നട്ടെല്ലു പണയംവെക്കാതെ മാനംമര്യാദയുള്ള, മനുഷ്യമുഖമുള്ള പോലീസ് എന്നാണുണ്ടാവുക .
പ്രതികരിക്കാൻ ഇവിടെ എഴുതുക: