സിറിയയിൽ അസദ് സൈന്യം വിമതർക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിൽ കൂടുതലും കൊല്ലപ്പെടുന്നത് സാധാരാണക്കാരാണ്. ഇവരിൽ ഏറിയ പങ്കും കുട്ടികളും സ്ത്രീകളും എന്നത് ഏറെ വേദനാജനകമാണ്. അസദ് ഭരണകൂടത്തിന് പരിപൂർണ്ണ പിന്തുണ നൽകുന്ന റഷ്യയുടെ ഇടപെടലുകൾ ലോകം ഏറെ ഉത്കണ്ഠായോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ഡമൗ പ്രദേശത്ത് സൈന്യം നടത്തിയ രാസായുധ പ്രയോഗത്തിൽ കുട്ടികളടക്കം 49 പേരാണ് കൊല്ലപ്പെട്ടത്. നൂറ് കണക്കിന് പേർ ശ്വാസം കിട്ടാതെ ആശുപത്രികളിൽ ജീവന് വേണ്ടി പിടയുന്ന കാഴ്ച ഏവരെയും ഭീതിയിലാഴ്‌ത്തും.
സരിൻ പോലുള്ള മാരക വിഷങ്ങൾ തീവ്രവാദികളുടെ നേർക്ക് പ്രയോഗിക്കുമ്പോഴും സാധാരണക്കാർക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യം ഇനിയും അസദ് ഭരണകൂടം മനസിലാക്കുന്നില്ല. ലോക രാഷ്‌ട്രങ്ങൾ സിറിയയിൽ നടക്കുന്ന മനുഷ്യവകാശ ധ്വംസനങ്ങൾ പൂർണ്ണമായും വിലയിരുത്തുന്നുണ്ട്. യൂറോപ്യൻ യൂണിയനും അമേരിക്കയും സിറിയൻ ഭരണകൂടത്തിന്റെ മനുഷ്യത്വ രഹിതമായ പ്രവർത്തികൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
ഇതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം യുഎൻ സമിതിയിൽ അമേരിക്കയുടെ പ്രതിനിധി നിക്കി ഹാലെ നടത്തിയ പ്രസ്താവന. റഷ്യയുടെ കരങ്ങൾ സിറിയയിലെ കുട്ടികളുടെ രക്തത്തിൽ കുളിച്ചിരിക്കുകയാണെന്നാണ് നിക്കി ഹാലെ തുറന്നടിച്ചത്. അനാവശ്യമായി സാധാരണക്കാരെ കൊന്നൊടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച നിക്കി ഹാലെ യുഎസ് ഇതിന് തിരിച്ചടി നൽകുമെന്നും പറഞ്ഞു. യുഎൻ സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിക്കി ഹാലെ തന്റെ ഭാഗം വ്യക്തമാക്കിയത്.
മുഖം മൂടി ധരിച്ച് ജീവവായുവിന് വേണ്ടി നെട്ടോട്ടമോടുന്ന കുരുന്നുകളുടെ ചിത്രങ്ങൾ ഇതിനോടകം ലോകമാനമുള്ള മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സിറിയയിലെ ഈ കൂട്ടക്കൊലകൾക്ക് ഇറാനും റഷ്യയും പിന്തുണ നൽകുന്നതിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷരീതിയിലാണ് വിമർശിച്ചത്. സിറിയയും ഇരു രാജ്യങ്ങളും ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യൂറോപ്യൻ യൂണിയനിലും ചർച്ചയായ വിഷവാതക പ്രയോഗം സിറിയൻ ഭരണകൂടത്തിനു മേൽ സമ്മർദ്ദം ചെലുത്തുമെന്നത് ഉറപ്പാണ്.
അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ഡൊണാൾഡ് ട്രംപ് ഈ വിഷയത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. യൂറോപ്പിലെ പ്രബല ശക്തിയെന്ന നിലക്ക് ഫ്രാൻസിന്റെ നിലപാട് അസദ് ഭരണകൂടത്തിന് വിനയാകുമെന്നാണ് വിലയിരുത്താനാകുക. സരിൻ പോലുള്ള മാരക വിഷവാതകൾ യുദ്ധത്തിന് അറുതി വരുത്തില്ല എന്ന ഉത്തമ ബോധം അസദ് ഭരണകൂടം ഇനിയും മനസിലാക്കണം എന്നത് വാസ്തവമായ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: