ആയുര്‍വേദത്തിന്റെ ഈറ്റില്ലമാണ് കേരളമെന്നത് കാലം തെളിയിച്ച സത്യം. ലോകം മുഴുവന്‍ ഈ സത്യത്തെ പ്രകീര്‍ത്തിക്കുമ്പോഴും കേരളത്തിന്റേതായി പേരെടുത്ത ആയുര്‍വേദ ഔഷധ നിര്‍മാണ ബ്രാന്റുകള്‍ വിരളം. ഗുണമേന്മയും വിശ്വസ്തതയും ഒരുപോലെ നിലനിര്‍ത്തിക്കൊണ്ടുപോയാല്‍ മാത്രമേ ഒരു ആയുര്‍വേദ ഔഷധത്തിന് വിപണിയില്‍ പിടിച്ചുനില്ക്കാന് കഴിയൂ. രോഗികള്‍ക്ക് അത്രയേറെ ആശ്വാസം പകരാന്‍ ആ ഉത്പന്നത്തിന് കഴിയണം. അത്തരത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജനങ്ങള്‍ക്കിടയില്‍ ഒരു മന്ത്രം പോലെ നിലനില്‍ക്കുന്ന ആയുര്‍വേദ നാമമാണ് പങ്കജ കസ്തൂരി. ലക്ഷോപലക്ഷം രോഗികള്‍ക്ക് മരുന്നെന്ന മന്ത്രം കൊണ്ട് ആശ്വാസം പകര്‍ന്ന ഹരീന്ദ്രജാലത്തിലൂടെ ലോകത്തിന്റെ തന്നെ അംഗീകാരം നേടിയ പങ്കജകസ്തൂരി ഇന്ന് മലയാളക്കരയുടെ അഭിമാനം. പങ്കജ കസ്തൂരി എന്ന ബ്രാന്റിനെ ആയുര്‍വേദത്തിന്റെ മറുവാക്കാക്കി മാറ്റുകയായിരുന്നു ഡോ.ജെ ഹരീന്ദ്രന്‍ നായര്‍.
തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ എന്ന ഗ്രാമത്തില്‍നിന്നും ലോകമെമ്പാടും അറിയുന്ന നാമമായി പങ്കജകസ്തൂരിയെ വളര്‍ത്തിയതിന് പിന്നില്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ജെ. ഹരീന്ദ്രന്‍ നായരുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും കഥയുണ്ട്. ആയുര്‍വേദത്തിലെ ലോകോത്തര ബ്രാന്റായി പങ്കജകസ്തൂരിയെ വളര്‍ത്തിയ ഇദ്ദേഹത്തെ 2012 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. വിജയവഴികള്‍ കീഴടക്കിയ പങ്കജ കസ്തൂരിയുടെ അമരക്കാരന് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
പങ്കജ കസ്തൂരിയുടെ ഉത്ഭവം?
1983 ല്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി. ശേഷം പൂജപ്പുര റീജ്യണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് അവിടെനിന്നും രാജിവച്ചു. 1988 ല്‍ സ്വന്തമായി ആയുര്‍വേദ ഔഷധ നിര്‍മ്മാണ യൂണിറ്റ് തുടങ്ങി. പൂവച്ചലിലായിരുന്നു തുടക്കം. കഷായങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യങ്ങള്‍ എന്നിങ്ങനെ ആദ്യം കുറച്ച് ക്ലാസ്സിക്കല്‍ ഉത്പന്നങ്ങളായിരുന്നു നിര്‍മിച്ചിരുന്നത്. ആയുര്‍വേദ ഡോക്ടറാണെങ്കിലും വിപണന തന്ത്രങ്ങള്‍ അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ പാളിച്ചകളുണ്ടായി. ഏറെ വൈകാതെ ബിസിനസ് പരാജയപ്പെട്ടു. പക്ഷേ പരാജയം വിജയത്തിന്റെ ചവിട്ടുപടിയാക്കി യാത്ര തുടര്‍ന്നു. 1990 ല്‍ പങ്കജ കസ്തൂരി ഗ്രാന്യൂള്‍സ് ഉത്പാദനം തുടങ്ങി. ഈ ഉത്പന്നമാണ് ഇന്ന് ബ്രീത്ത് ഈസി എന്നറിയപ്പെടുന്നത്. ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, കഫക്കെട്ട്, ശ്വാസതടസ്സം എന്നിവയ്ക്കുള്ള മരുന്നാണിത്. തുടക്കത്തില്‍ ഡോക്ടര്‍മാരെ നേരിട്ടുപോയി കണ്ട് ഈ മരുന്ന് പരിചയപ്പെടുത്തി. അവരെക്കൊണ്ട് രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യിക്കുകയായിരുന്നു രീതി. എത്തിക്കല്‍ മാര്‍ക്കറ്റിങ് എന്നു പറയുന്ന പ്രിസ്ക്രിപ്ഷന് മാര്‍ക്കറ്റ് സാധാരണ ഒരു കമ്പനിക്ക് പിടിച്ചുനില്ക്കാന് കഴിയുന്ന മേഖലയല്ലെന്ന് ഏറെ വൈകാതെ മനസിലായി. പരസ്യമാണ് ബിസിനസ് വിജയത്തിന്റെ രഹസ്യമെന്ന സത്യവും. തുടര്‍ന്നു ഒടിസി (ഓവര്‍ ദ കൗണ്ടര്‍) എന്നപേരില്‍ മാര്‍ക്കറ്റ് ചെയ്യുകയായിരുന്നു. ധാരാളം മാധ്യമങ്ങളില്‍ പരസ്യം കൊടുത്തു. പങ്കജകസ്തൂരി ഉത്പ്പന്നങ്ങള്‍ ജനങ്ങള്‍ ചോദിച്ച് വാങ്ങുന്ന സാഹചര്യം ഉണ്ടായി. അങ്ങനെയാണ് പങ്കജകസ്തൂരി എന്ന ബ്രാന്റിന്റെ വളര്‍ച്ച.
ബ്രീത്ത് ഈസിക്ക് മികച്ച സ്വീകാര്യത ലഭിക്കാന്‍ കാരണം?
ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, കഫക്കെട്ട്, ശ്വാസതടസ്സം, ആസ്ത്മ ഇങ്ങനെയുള്ള രോഗങ്ങള്‍ 30 മുതല്‍ 40 ശതമാനം വരെ ആളുകളില്‍ കണ്ടുവരുന്നു. ചിലപ്പോള്‍ ആസ്ത്മയുടെ നിരക്ക് കുറവായിരിക്കും, ബ്രോങ്കൈറ്റിസ് പ്രശ്നങ്ങള്‍ കുറവായിരിക്കാം. പക്ഷേ മൊത്തത്തില്‍ നോക്കുമ്പോള്‍ കുട്ടികളില്‍ ഉള്‍പ്പടെ മുപ്പത് ശതമാനം പേരില്‍ ഈ രോഗങ്ങളെല്ലാമുണ്ട്. മിക്കവരും ആയുര്‍വേദത്തിന് സാധ്യതയുണ്ടോ, ആയുര്‍വേദ ഔഷധങ്ങള്‍ കഴിച്ചു നോക്കാമോ എന്ന് ചിന്തിക്കാറില്ല. മാത്രമല്ല ആസ്ത്മയ്ക്ക് ആയുര്‍വേദ ഔഷധം ശരിയാവില്ലെന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. അതിനു ഇംഗ്ലീഷ് മരുന്നുകള്‍ തന്നെ വേണമെന്ന വാശിയും. കുറേക്കാലം ഇന്‍ഹെയ്ലര്‍ ഉപയോഗിച്ചാല്‍ പിന്നിട് രോഗം വരില്ലെന്ന വിശ്വാസം ആളുകളുടെ ഇടയില്‍ നിലനിന്നിരുന്നു.
ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നതുകൊണ്ട് താത്കാലികശമനം എന്നുള്ളതല്ലാതെ രോഗത്തിന് ശാശ്വത പരിഹാരമൊന്നും ഉണ്ടാകില്ല. എന്നാല്‍ ആയുര്‍വേദം അങ്ങനെയല്ല. ആയുര്‍വേദം ശ്വാസകോശ സങ്കോചം മാറ്റി വികസിപ്പിച്ച് കഫത്തെ ഇളക്കിക്കളഞ്ഞ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ശ്വാസകോശത്തെ ബലപ്പെടുത്തി ശ്വാസം മുട്ടല്‍ മുതല്‍ ആസ്ത്മ സിഒപിഡി(ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മനറി ഡിസീസ്) വരെയുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നു. അവിടെ ക്യുവര്‍ എന്ന വാക്ക് പ്രയോഗിക്കാന്‍ കഴിയും. പക്ഷേ ഇതിന്റെയൊക്കെ സാങ്കേതികമായ ഒരു ബുദ്ധിമുട്ട്, ആദ്യകാലങ്ങളില്‍ ഈ ഔഷധങ്ങള്‍ കഴിക്കുമ്പോള്‍ ഒരു ദിവസം കൊണ്ട് നമ്മള് ശീലിച്ചുവരുന്ന ഇംഗ്ലീഷ് ഔഷധങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ല എന്നുള്ളതാണ്. ഉദാഹരണമായി ഏതെങ്കിലും ബ്രോങ്കോഡയലേറ്ററുകളോ ഇന്ഹെയ്ലറുകളോ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആള് ആയുര്‍വേദ ഔഷധം ഉപയോഗിച്ചു തുടങ്ങുമ്പോള്‍ പെട്ടെന്ന് ഇംഗ്ലീഷ് ഔഷധം ഒഴിവാക്കിയാല്‍ രോഗി ആകെ കഷ്ടപ്പെടും. അതുകൊണ്ട് രണ്ടുംകൂടി ഒന്നിച്ച് പ്രയോഗിക്കാന്‍ ഉപദേശിച്ചു. ആയുര്‍വേദം കഴിക്കുക, അരമണിക്കൂര്‍ കഴിഞ്ഞ് ഇംഗ്ലീഷ് മരുന്ന് കഴിക്കുക. അങ്ങനെ രണ്ടും തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ ക്രമേണ രോഗപ്രതിരോധശേഷി കൈവരും. ശ്വാസകോശ രോഗങ്ങള്‍ മാറും. ഇത് അനുഭവത്തിലൂടെ ജനം തിരിച്ചറിഞ്ഞപ്പോള്‍ ബ്രീത്ത് ഈസി വിജയം കണ്ടു
ആയുര്‍വേദത്തെ അലോപ്പതി ഡോക്ടര്‍മാര്‍ എതിര്ക്കുന്നതെന്ത്?
ഇംഗ്ലീഷ് മരുന്നുകളോടൊപ്പം ആയുര്‍വേദ മരുന്ന് കഴിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നവരാണ് അലോപ്പതി ഡോക്ടര്‍മാരില്‍ ഏറെയും. ചില ഡോക്ടര്‍മാര്‍ ഉടനെ പറയും, രണ്ടും കൂടെ ഒന്നിച്ചുകഴിക്കരുതേ, അത് ഒരുപാട് കോംപ്ലിക്കേഷന്‍സ് ഉണ്ടാക്കും, അത് കിഡ്നിയെ ബാധിക്കും, ലിവറിനെ ബാധിക്കും, റിയാക്ഷന് ഉണ്ടാകും എന്നിങ്ങനെ. അത് സാധാരണ ജനങ്ങളില്‍ തിരുകികയറ്റി ഈ സിസ്റ്റത്തെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ് അവര്‍. അതുപോലെ തന്നെ, തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം ആയുര്‍വേദ ഔഷധങ്ങള്ക്കുമേല് അനാവശ്യ പഥ്യങ്ങള്കൊണ്ടുവന്ന് അങ്ങനെയും കൂടി ആളുകള്‍ ഉപയോഗിക്കാതിരിക്കുന്ന അവസ്ഥയിലായിട്ടുണ്ട്. ജനങ്ങളിലേക്ക് ഒരു മരുന്ന് എത്തിക്കുക മാത്രമല്ല, നമ്മുടെ വ്യവസ്ഥിതിക്കെതിരെ, ഇവിടെ നിലവിലുള്ള ഒരു സംവിധാനത്തിനെതിരെയുള്ള പൊരുതല്‍ കൂടിയാണ് ഞാന്‍ നടത്തുന്നത്.
ബ്രീത്ത് ഈസിയുടെ ഘടനയും ഉപയോഗരീതിയും?
കഴിഞ്ഞ മുപ്പത് വര്‍ഷമായി ബ്രീത്ത് ഈസി എന്ന മരുന്ന് പ്രചാരത്തിലുണ്ട്. ആദ്യം അതിന്റെ പേര് പങ്കജകസ്തൂരി എന്നായിരുന്നു. അന്ന് കമ്പനിയുടെ പേര് ശ്രീ ധന്വന്തരി ആയുര്‍വേദിക്സ് എന്നും. പിന്നിട് കമ്പനിയുടെ പേര് പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ ലിമിറ്റഡ് എന്നാക്കിയപ്പോള്‍ ഉത്പന്നത്തിന്റെ പേര് പങ്കജകസ്തൂരി ബ്രീത്ത് ഈസി എന്നാക്കി. ഒരു അംബ്രല്ലാ ബ്രാന്റിംഗ് അഥവാ ബ്രാന്റ് ഡെവലപ് ചെയ്യുന്നതിനുവേണ്ടിയാണ് പങ്കജകസ്തൂരിയെ ബ്രാന്റ് നെയിം ആക്കുകയും ഉത്പന്നത്തിന്റെ പേര് ബ്രീത്ത് ഈസി എന്നാക്കുകയും ചെയ്തത്. തിപ്പലി, ചുക്ക്, കുരുമുളക്, ആടലോടകം, കൂവളം, ചെറുവഴുതന, ഏലക്ക തുടങ്ങി പതിനഞ്ചോളം ഘടകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. കല്‍ക്കണ്ടം ആണ് അടിസ്ഥാനം. ബ്രീത്ത് ഈസി ഇന്ന് നാലുതരത്തിലുണ്ട്. ബ്രീത്ത് ഈസി ഗ്രാന്യൂള്‍സാണ് ഇന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്നത്. അതില്‍ കല്‍ക്കണ്ടം ഉള്ളതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പാടില്ല. അവര്‍ക്കായി ബ്രീത്ത് ഈസി ടാബ്ലെറ്റ് ഉണ്ട്. അടുത്തത് ബ്രീത്ത് ഈസി സിറപ്പ്. ബ്രീത്ത് ഈസി മിശ്രിതം വിപണിയിലെത്തിയിട്ടില്ല.
സന്ധിവേദനയ്ക്ക് ഓര്‍ത്തോ ഹെര്‍ബ്
പങ്കജകസ്തൂരി ഓര്‍ത്തോ ഹെര്‍ബ് 2009ലാണ് ആദ്യമായി പുറത്തിറക്കുന്നത്. 2009 മുതല്‍ 2014വരെ ഡോക്ടര്‍മാരുടെ കൈയ്യിലൂടെ, അവരുടെ കുറിപ്പിലൂടെ മാത്രം രോഗികളിലെത്തിക്കുകയായിരുന്നു. 2015ല്‍ പരസ്യം കൊടുത്തുകൊണ്ട് വിപണിയിലെത്തിച്ചു. മരുന്ന് ഉപയോഗിച്ച് ഫലസിദ്ധി ലഭിച്ച സാധാരണക്കാരെ പരസ്യ മോഡലാക്കി അവതരിപ്പിച്ച പുത്തന്‍ വിപണനരീതി ഓര്‍ത്തോ ഹെര്ബിന് ജനവിശ്വാസം നേടിക്കൊടുത്തു. തമിഴ്നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലും ഓര്‍ത്തോ ഹെര്ബിന് വളരെയേറെ സ്വീകാര്യത ലഭിച്ചു. മുട്ടുവേദന, തൊള് വേദന, സന്ധിവേദന (കഴുത്തുവേദന, നടുവേദന, അരക്കെട്ട് വേദന തുടങ്ങിയവ ഉള്‍പ്പടെ) ഇവയൊക്കെ അതിവേഗം ശമിപ്പിക്കാന്‍ ഓര്‍ത്തോ ഹെര്ബിനായി. നല്ല രീതിയില്‍ ഗുണകരമായി ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടുകൂടി നിര്‍മ്മിച്ച് മാര്‍ക്കറ്റിലെത്തിക്കുന്ന ഓര്‍ത്തോ ഹെര്‍ബ് ജനങ്ങള്‍ നല്ല രീതിയില്‍ സ്വീകരിച്ചുകഴിഞ്ഞു. ഓര്‍ത്തോ ഹെര്‍ബ് ടാബ്ലെറ്റും, ഓയിലും ഉണ്ട്. കഷായത്തെ പ്രത്യേകം യന്ത്ര സാമഗ്രികളുടെ സഹായത്തോടെ വറ്റിച്ച് പൗഡറാക്കി, ആ പൗഡര്‍ ടാബ്ലെറ്റാക്കി മാറ്റുകയാണ് ചെയ്യുന്നത്. എല്ലാവിധ സന്ധിവാതത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന ഔഷധ കൂട്ടാണിത്. ഏലക്ക, ആവണക്ക്, കുറുന്തോട്ടി, ശതാവരി കിഴങ്ങ്, ദേവതാരം തുടങ്ങി ഇരുപതോളം ഔഷധ ഘടകങ്ങളുടെ ചേരുവയാണ് ഓര്‍ത്തോ ഹെര്‍ബ് ടാബ്ലെറ്റ്.
ആയുര്‍വേദ ഉല്പന്നം മാര്‍ക്കറ്റില്‍ എത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പങ്കജകസ്തൂരി ഔഷധങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്ന ഒരാളാണ് ഞാന്‍. ഉത്പന്നത്തിന്റെ ഗുണമേന്മയെ കുറിച്ച് ഇന്നുവരെ യാതൊരുവിധ ഉപഭോക്തൃ പരാതികളും ഉണ്ടായിട്ടില്ല. ഓര്‍ത്തോ ഹെര്‍ബ് വ്യാപകമായി മാര്‍ക്കറ്റിലെത്താന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. എങ്ങനെയെങ്കിലും ഉത്പന്നം മാര്‍ക്കറ്റില്‍ എത്തിക്കുക, കുറേ ആളുകളെ കുറേക്കാലം പറ്റിക്കുക എന്നുള്ള ചിന്തയിലേക്ക് പോകുന്നത് പലപ്പോഴും കാണാറുണ്ട്. അത് ശരിയല്ല. കുറേക്കാലം കുറേപ്പേരെ പറ്റിക്കാം. എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ല. പിന്നെ, നിയമ വിരുദ്ധമായ രീതിയില്‍ പരസ്യം ചെയ്യുന്നതിനോടും വിയോജിപ്പാണ്. ഞാന്‍ വെറുമൊരു ഔഷധ നിര്‍മ്മാതാവ് മാത്രമല്ല, ഒരു ആയുര്‍വേദ ഡോക്ടര്‍ കൂടിയാണ്. അതുകൊണ്ടുതന്നെ മാനുഫാക്ചറിങ് മാര്‍ക്കറ്റ് എന്നു പറയുന്നത് സാമൂഹിക പ്രതിബദ്ധതയോടെ ചെയ്യേണ്ട കാര്യമാണെന്ന് വിശ്വസിക്കുന്നു. നൂറുശതമാനവും മരുന്നില്‍ വിശ്വാസം ഉണ്ടായിരിക്കണം. അത് വാങ്ങുന്ന ആളിന് ഗുണകരമാകുമെന്ന് ഉറപ്പുവേണം. വില അമിതമായി വാങ്ങി ആരെയും പറ്റിക്കുന്നില്ല എന്ന് നിര്‍മാതാവിന് ബോധ്യമുണ്ടായിരിക്കണം. വാങ്ങുന്ന ഒരാള്‍ കബളിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പുണ്ടായിരിക്കണം. നൂറുശതമാനവും ഇന്ത്യയില്‍ നിലവിലുള്ള നിയമം അനുശാസിച്ചാണ് മാര്‍ക്കറ്റ് ചെയ്യുന്നതെന്ന് മാനുഫാക്ചര്‍ക്ക് ഉറപ്പുണ്ടായിരിക്കണം. ഇത്രയും ആണെങ്കില്‍ പരസ്യം ചെയ്യുന്നതില്‍ വിരോധമില്ല എന്നാണ് അഭിപ്രായം. പരസ്യത്തിലൂടെ ഒരു മരുന്ന് വിപണിയില്‍ എത്തിക്കുമ്പോള്‍ അതു പിടിച്ചുനില്ക്കണമെങ്കില് അതിന്റെ ഗുണനിലവാരത്തില്‍ എക്കാലത്തും സ്ഥിരത പുലര്‍ത്തിയേ മതിയാകൂ. ഡോക്ടര്‍മാരിലൂടെ മാര്‍ക്കറ്റ് ചെയ്യുന്ന മരുന്നുകള്‍ക്ക് അത് വേണമെന്നില്ല. ചില വ്യത്യാസങ്ങള്‍ ഉണ്ടായാലും ഡോക്ടര്‍മാര്‍ അത് മാനേജ് ചെയ്യുമെന്ന വിശ്വാസം നിര്‍മ്മാതാവിന് ഉണ്ടാകും. എന്നാല്‍ ഉപഭോക്താവും നിര്‍മ്മാതാവും തമ്മിലാണ് ബന്ധമെങ്കില്‍ അവിടെ ഡോക്ടറുടെ സ്വാധീനം കുറവാണ്. അതുകൊണ്ട് രോഗി എപ്പോഴും ശ്രദ്ധാലു ആയിരിക്കും. ഗുണമേന്മ കുറഞ്ഞാല്‍ അവിടെ തീര്‍ന്നു ബിസിനസ്. അതും ഒരു മാനുഫാക്ചര്‍ ഓര്‍ത്തിരിക്കണം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ആയുര്‍വേദവുമായി ബന്ധപ്പെടുത്തി ജനോപകാരാര്ഥമുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുമ്പോഴാണ് ആയുര്‍വേദ ഔഷധങ്ങളുടെ സ്വീകാര്യത ഉണ്ടാകുന്നത്.
കുടുംബം
ബിസിനസില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഭാഗ്യം കൂടി വേണമെന്നാണ് ചൊല്ല്. അത് സത്യവുമാണ്. നമുക്ക് പിന്തുണയുമായി കുടുംബവും കൂടെയുണ്ടാവണം. ഭാര്യ ആശ പങ്കജ കസ്തൂരിയുടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ഡയറക്ടറായി എപ്പോഴും കൂടെയുണ്ട്. എംബിബിഎസ് കിട്ടിയില്ലെങ്കില്‍ ബിഎഎംഎസ് എന്നതാണ് മിക്ക കുട്ടികളുടേയും കാഴ്ചപ്പാട്. എന്നാല്‍ മക്കളായ കസ്തൂരിയും കാവേരിയും ഫസ്റ്റ് ഓപ്ഷനായി ആയുര്‍വേദം തിരഞ്ഞെടുത്തവരാണ്. അവര്‍ ഇരുവരും പങ്കജകസ്തൂരി മെഡിക്കല്‍ കോളേജില്‍ എംഡിയ്ക്കും, ഹൗസ് സര്‍ജന്‍സിക്കും പഠിക്കുന്നു. ആയുര്‍വേദത്തെ പ്രാണവായു പോലെ സ്നേഹിക്കുന്ന എനിക്ക് പാരമ്പര്യം കാക്കുന്നവരായി മക്കളുമുണ്ടെന്നതില് സന്തോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: