ത്രിപുരയില്‍ തോറ്റെന്ന് സഖാക്കള്‍ ഒടുവില്‍ സമ്മതിച്ചു. പാര്‍ട്ടിക്ക് വോട്ടു കുറഞ്ഞെന്നും പാര്‍ട്ടിയുടെ കണക്കകൂട്ടലുകള്‍ തെറ്റിയെന്നും തുറന്നു പറയുന്ന പാര്‍ട്ടി പക്ഷേ, ബിജെപിയുടെ വിജയത്തിന് കണ്ടുപിടിച്ച കാരണങ്ങള്‍ അറിഞ്ഞാല്‍ ഏതു സഖാവും ചോദിക്കും, അയ്യേ ഈ സഖാക്കള്ക്കെന്തുപറ്റി എന്ന്.
സിപിഎമ്മിന്റെ ദേശീയ ഔദ്യോഗിക പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡമോക്രസി എന്ന ഇംഗ്ലീഷ് വാരികയുടെ ഏപ്രില്‍ എട്ടിനിറങ്ങിയ ലക്കത്തിലാണ് ത്രിപുര തെരഞ്ഞെടുപ്പ് വിലയിരുത്തല്‍.
പാര്‍ട്ടിയുടെ ത്രിപുരയില്‍നിന്നുള്ള സെന്‍ട്രല്‍ കമ്മിറ്റിയംഗം ഗൗതംദാസാണ് വിശകലനം ചെയ്യുന്നത്. സുദീര്‍ഘ ലേഖനത്തിലെ വിലയിരുത്തലും വാദങ്ങളും വിചിത്രമാണ്- ”കഴിഞ്ഞ മൂന്നര വര്‍ഷമായി ആര്‍എസ്എസ് നേതാക്കള്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സാമ്പത്തിക സഹായം ചെയ്യുന്നു. അവര്‍ ആര്‍എസ്എസ് അംഗത്വ ഫോറങ്ങള്‍ വിതരണം ചെയ്തു. ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച സ്ത്രീകള്‍ക്ക് ഭഗവത് ഗീത സൗജന്യമായി നല്കി,” ദാസ് എഴുതുന്നു.
ഇടതുപക്ഷമാകെ ഞെട്ടി!!
നിരാശാ ജനകം, ത്രിപുയിലെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ ഇടത്-പുരോഗമന വാദികളെ മുഴുവന്‍ ഞെട്ടിച്ചു ത്രിപുയിലെ തോല്‍വിയെന്ന് സമ്മതിച്ചാണ് വിശകലനത്തിന്റെ തുടക്കം. 25 വര്‍ഷത്തെ ത്രിപുര ഭരണത്തില്‍ സിപിഎം ഭരണത്തിന് ചെയ്യാമായിരുന്നതൊന്നും പാര്‍ട്ടി ചെയ്തില്ലെങ്കിലും അതെല്ലാം ചെയ്തുവെന്ന് സ്ഥാപിക്കുകയാണ് ആദ്യ ഭാഗത്ത്. എന്നിട്ടും ജനങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന സ്വയംരക്തസാക്ഷി പരിവേഷം സൃഷ്ടിക്കാനാണ് അതിലൂടെ ശ്രമിക്കുന്നത്.
ഗൗതം ദാസിന്റെ കുറ്റ സമ്മതങ്ങള്‍ ഇങ്ങനെയൊക്കെയാണ്: 2013 -ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഉണ്ടായിരുന്നിനേക്കാള് ജനപങ്കാളിത്തം 2018 -ല്‍ ത്രിപുരയില്‍ ഉണ്ടായിരുന്നു. 2017 ഡിസംബര്‍ 31 ന് അഗര്‍ത്തലയില്‍ നടത്തിയ പാര്‍ട്ടി റാലിയില്‍ മുമ്പില്ലാത്ത ജനപങ്കാളിത്തമുണ്ടായി. ഇതെല്ലാം കാവിക്കൂട്ടത്തെ തോല്‍പ്പിക്കാന്‍ സഹായിക്കുമെന്ന് കരുതി, പക്ഷേ മറിച്ചായി ഫലം. 2013-ല്‍ ഇടതുമുന്നണിക്ക് 52.32 % വോട്ടും കോണ്‍ഗ്രസിനും ഐഎന്പിടിക്കും 44.65 %, ബിജെപിക്ക് 1.54 %, ഐപിഎഫ്ടിക്ക് 0.46% എന്നിങ്ങനെ വോട്ടും കിട്ടി. 2018-ല്‍ ബിജെപി-ഐപിഎഫ്ടി സഖ്യത്തിന് 50.47 %, ഇടതു സഖ്യത്തിന് 44.87 %, കോണ്‍ഗ്രസിന് 1.78%, ഐഎന്‍പിടിക്ക് 0.70%, ടിഎംസിക്ക് 0.30% എന്നിങ്ങനെ വോട്ടു കിട്ടി. അതായത് ഇടതു മുന്നണിയുടെ 7.45 ശതമാനം വോട്ട് ചോര്‍ന്നു. ആദ്യമായാണ് പാര്‍ട്ടിയുടെ വോട്ടുനഷ്ടം സിപിഎം സമ്മതിക്കുന്നത്.
തിരിച്ചടിതന്നെ
സിപിഎമ്മിന് തിരിച്ചടികിട്ടിയത് വനവാസി വിഭാഗ ജനതയില്നിന്നാണെന്ന് പാര്‍ട്ടി സമ്മതിക്കുന്നു. ആര്‍എസ്എസ് നയിക്കുന്ന ബിജെപി വനവാസികള്‍ക്കിടയില്‍ അസ്തിത്വ രാഷ്ട്രീയം പ്രചരിപ്പിച്ചു, ഹിന്ദുത്വ വാദം നടത്തി, വന്‍തോതില്‍ പണം ചെലവഴിഞ്ഞു എന്നാണ് ഗൗതം ദാസിന്റെ കണ്ടെത്തല്‍. ”പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള 20 സീറ്റില്‍ ഇടതുപക്ഷത്തിന് രണ്ട് സീറ്റേ കിട്ടിയുള്ളു, അതും 50 ശതമാനം വോട്ടില്താഴെ. വനവാസി വോട്ടുകള്‍ സംവരണ സീറ്റുകളില്‍ മാത്രമല്ല, സംസ്ഥാനത്താകെ നിര്‍ണ്ണായകമായി. ഇടത് വോട്ട് 2013 ലേതില്‍നിന്ന് 4.76 % മുതല്‍ 23.02 ശതമാനംവരെയാണ് കുറഞ്ഞത്.”
കാല്‍നൂറ്റാണ്ട് തുടര്‍ഭരണം നടത്തിയിട്ട് ആലോചിക്കുകയോ കണ്ടെത്തുകയോ അഥവാ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാന്‍ ചെറുവിരലെങ്കിലും അനക്കുകയോ ചെയ്യാതിരുന്ന പ്രശ്നങ്ങളാണ് തോല്‍വിക്ക് സമാധാനമായി സിപിഎം കേന്ദ്ര കമ്മിറ്റി നേതാവ് അവതരിപ്പിക്കുന്നത്. ”1947-ല്‍ ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന്, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു പോയ ത്രിപുരയില്‍ അടിസ്ഥാന സൗകര്യ വികസനമൊന്നുമുണ്ടായില്ല. വിഭജനത്തെ തുടര്‍ന്ന് ലക്ഷലക്ഷക്കണക്കിന് ഹിന്ദു ബംഗാൡകളാണ് ത്രിപുരയുടെ അതിര്‍ത്തിയില്‍ അഭയം പ്രാപിച്ചത്. അവര്‍ ത്രിപുരയുടെ ജനസന്തുലനം തെറ്റിച്ചു. പിളരുംമുമ്പുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നീട് സിപിഎമ്മും നാട്ടുകാരുടെ സംരക്ഷണത്തിന് പ്രവര്‍ത്തിച്ചു, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി,” അഭയാര്‍ത്ഥികളായ ലക്ഷലക്ഷം ഹിന്ദുക്കളോട് കമ്മ്യൂണിസ്റ്റുകള്‍ കൈക്കൊണ്ട നിലപാട് ഗൗതം ദാസ് കുറ്റസമ്മതത്തില്‍ വിവരിക്കുന്നു.
ആര്‍എസ്എസ്സിന്റെ അംഗത്വ ഫോറം!
ത്രിപുരയിലെ വംശീയ കലാപങ്ങളും അതില്‍ വിദേശ രാജ്യങ്ങളുടെയും വിധ്വംസക സംഘടനകളുടെയും പങ്കിനെ കമ്മ്യൂണിസ്റ്റ് ചരിത്ര സിദ്ധാന്തങ്ങളിലൂടെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഗൗതംദാസ്, ഐപിഎഫ്ടിയുമായുള്ള ബിജെപിയുടെ സഖ്യത്തെക്കുറിച്ചും തെറ്റായ നിരീക്ഷണങ്ങളാണ് നിരത്തുന്നത്. ഐപിഎഫ്ടിയെ ഭീകരര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇക്കാലമത്രയും സംസ്ഥാനത്ത് പ്രവര്‍ത്തിച്ച ഐപിഎ്ടിക്കെതിരേ ഒരു നടപടിയുമെടുക്കാത്തതിനെക്കുറിച്ചൊന്നും വിശദീകരണമില്ല. അതേ സമയം, തെളിവൊന്നുമില്ലാതെ ബിജെപി, ആര്‍എസ്എസ്, പിഎംഒ തുടങ്ങിയവയ്ക്കെതിരേ ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്.
നുണക്കഥകള്ക്കൊടുവില് പറയുന്നതിങ്ങനെ: ”ഐപിഎഫ്ടി ഭീകരര്‍ ജനങ്ങളോട് സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യരുതെന്ന് പ്രചരിപ്പിച്ചു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്കിടയില്‍, വന്‍ വൈകാരിക പ്രചാരണം നടത്തി….2017 ഡിസംബറില്‍ ആര്‍എസ്എസ് തലവന്‍ അഞുദിവസം ത്രിപുരയില്‍ തങ്ങി. വിവിധ ഹിന്ദു മത നേതാക്കളെ നേരിട്ടുകണ്ടു. അവരുടെ അനുയായികള്‍ ബിജെപിയെ തുണച്ചു. കഴിഞ്ഞ മൂന്നര വര്‍ഷമായി ആര്‍എസ്എസ് നേതാക്കള്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സാമ്പത്തിക സഹായം ചെയ്യുന്നു. അവര്‍ ആര്‍എസ്എസ് അംഗത്വ ഫോറങ്ങള്‍ വിതരണം ചെയ്തു. ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച സ്ത്രീകള്‍ക്ക് ഭഗവത് ഗീത സൗജന്യമായി നല്കി,” ദാസ് എഴുതുന്നു.
ബുദ്ധിജീവിയുടെ വിഡ്ഢിത്തങ്ങള്‍
സിപിഎമ്മിന്റെ ദേശീയതലത്തിലുള്ള ബുദ്ധീജിവി നേതാവിന്റെ തെരഞ്ഞെടുപ്പു വിലയിരുത്തലിലാണ് ഈ വിഡ്ഢത്തങ്ങള്. ആര്‍എസ്എസ്സിന് അംഗത്വം ചേര്‍ക്കാനുള്ള ഫോറമുണ്ടെന്നും ഗീത കൊടുത്തപ്പോള്‍ സ്ത്രീകള്‍ വോട്ടുചെയ്തെന്നും മറ്റുമുള്ള വിഡ്ഢിവാദങ്ങള്‍ പാര്‍ട്ടിയുടെ ദയനീയ സ്ഥിതിയാണ് തുറന്നു കാട്ടുന്നത്.
പ്രധാനമന്ത്രിയുടെ നാല് റാലികളിലെ വാഗ്ദാനങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചെന്ന് ദാസ് സമ്മതിക്കുന്നു. മറ്റു ബിജെപി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രചാരണത്തിന്റെ കാര്യവും പ്രത്യേകം പറയുന്നുണ്ട്.
വിശകലനത്തിലെ എല്ലാ വാദങ്ങളും എത്തുന്നത് ബിജെപി വന്‍തോതില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന നിരീക്ഷണത്തിലാണ്. അത് സ്ഥാപിക്കാന്‍ പാഴ്ശ്രമങ്ങള്‍ ഏറെയുണ്ട്. ”സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി ആളുകളെ കണ്ടെത്തി സമ്പര്‍ക്കം ചെയ്ത് വോട്ടര്‍മാര്‍ക്ക് പണം കൊടുത്തു. എല്ലാ മാദ്ധ്യമങ്ങളേയും ബിജെപി വിലയ്ക്കെടുത്തു. പത്രങ്ങള്‍ക്ക് പരസ്യം കൊടുത്തു, ചില മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പണം കൊടുത്തു, ഇതെല്ലാം ചേര്‍ന്നാണ് ഇടതുമുന്നണിയെ ത്രപുരയില്‍ തോല്‍പ്പിച്ചത്,” ദാസ് എഴുതുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെയോ, വോട്ടിങ് യന്ത്രത്തെയോ ഒരു ഘട്ടത്തിലും വിശകലനത്തില്‍ ദാസ് കുറ്റപ്പെടുത്തുന്നില്ല. കോണ്‍ഗ്രസിനേയോ തൃണമൂല്‍ കോണ്‍ഗ്രസിനേയോ പഴിക്കുന്നില്ല. ത്രിപുരയിലെ തോല്‍വിക്ക് സിപിഎം നേതാക്കള്‍ മുമ്പ് പറഞ്ഞ ഒരു കാരണവും ദാസിന്റെ നിരീക്ഷണത്തിലില്ല. അതേ സമയം അവതരിപ്പിക്കുന്നതോ വിഡ്ഢിത്തം നിറഞ്ഞ വാദങ്ങള്‍ മാത്രം. അയ്യേ, ഈ സഖാക്കള്ക്കെന്തുപറ്റിയെന്ന് ആരും ചോദിച്ചു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: