ഭാരതീയ ജനതാ പാര്‍ട്ടി, ബിജെപി, നാളെ, ഏപ്രില്‍ ആറിന് 38-ാം വയസിലേക്ക് കടക്കുകയാണ്. മനുഷ്യരുടെ വയസുപോലൊന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല. (അതുകൊണ്ടാവാം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഇതുവരെ വിരമിക്കല്‍ പ്രായത്തിന് വ്യവസ്ഥയില്ലാത്തതും!) രൂപംകൊണ്ട് ഒരു വയസ് തികയുംമുമ്പ് ഭരണത്തിലെത്തിയ പാര്‍ട്ടിമുതല്‍ രൂപീകരിച്ച് എങ്ങുമെത്താതെ ഒന്നാം വര്‍ഷത്തില്‍ മരിച്ചു പോയവയുമുണ്ട്.
ഒരു പാര്‍ട്ടി, അതിന്റെ ശക്തിയും പ്രസക്തിയും തെളിയിക്കുന്നത് അധികാരത്തിലെത്തുന്നതിലൂടെയാണെന്നുകരുതുകയും പറയുകയും ചെയ്യുന്നവരുണ്ടാകാം. പക്ഷേ, പാര്‍ട്ടിയുടെ പ്രസക്തി, വിജയം, ആദര്‍ശ നിലപാടുകളിലുള്ള അചഞ്ചലത്വവും ആശയ വ്യക്തിത്വവും ജനക്ഷേമ പ്രവൃത്തികളും അടിസ്ഥാനമാക്കിയാവണം വിലയിരുത്തേണ്ടത്. ലക്ഷ്യം മാറിമാറി വരാം. ദര്‍ശനം മാറ്റമില്ലാതെ തുടരണം. അതിന് ആ ദര്‍ശനത്തിന് സര്‍വ്വകാല പ്രസക്തിയുണ്ടായാലേ പറ്റൂ. 38 വയസിലെത്തുന്ന ഭാരതീയ ജനതാ പാര്‍ട്ടിക്ക് അഭിമാനിക്കാന്‍ മറ്റു പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായുള്ളത് ശക്തമായ ആ ആദര്ശാടിത്തറയാണ്. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അവതരിപ്പിച്ച ഏകാത്മ മാനവ ദര്‍ശനം.
ആര്‍എസ്എസ്
രാഷ്ട്രീയ സ്വയംസേവക സംഘം, ആര്‍എസ്എസ്, എന്ന പ്രസ്ഥാനം, ഭാരതീയ ആര്‍ഷ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും സംസ്കാരത്തെളിമയില് രൂപം കൊണ്ട പ്രസ്ഥാനമായി 1925-ല്‍ രൂപം കൊണ്ടപ്പോള്‍ അത് വേറിട്ടൊരു സംസ്കാര പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു. ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ തുടങ്ങിവെച്ച് ഗുരുജി ഗോള്വള്ക്കള് അടിത്തറയുറപ്പിച്ച പ്രസ്ഥാനത്തിന്റെ ആദര്‍ശ-ദര്‍ശന സംഹിതകളില്‍, ജനാധിപത്യ സംവിധാനത്തിയെ രാഷ്ടീയത്തിന്, പ്രത്യേകിച്ച് കക്ഷിരാഷ്ട്രീയത്തിന് ഇടമുണ്ടായിരുന്നില്ല. അതും ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണെന്ന ചിന്തയില്‍നിന്നാണ് ഭാരതീയ ജനസംഘം, ബിജെഎസ്, രൂപം കൊള്ളുന്നത്.
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയും ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയും നയിച്ച ജനസംഘം 1951-ല്‍ രൂപം കൊണ്ടു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ വഴിയില്‍ പല കാരണങ്ങളാല്‍ ജനസംഘം ഇല്ലാതാവുകയും ഭാരതീയ ജനതാ പാര്‍ട്ടി 1980-ല്‍ രൂപംകൊള്ളുകയും ചെയ്തു. പുതിയ രാഷ്ട്രീയ യുഗത്തിന്റെ തുടക്കമായിരുന്നു അത്. 1980 ഏപ്രില്‍ ആറിന് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. അടല്‍ ബിഹാരി വാജ്പേയി ആദ്യ അദ്ധ്യക്ഷനായി. 1986 വരെ അടല്‍ജി ആദ്യ പ്രസിഡന്റായി തുടര്‍ന്നു.
അടല്‍, അദ്വാനി
അടല്‍ജിയുടെ അദ്ധ്യക്ഷ കാലത്തിന് ശേഷം ലാല്‍ കൃഷ്ണ അദ്വാനിയാണ് പാര്‍ട്ടി അദ്ധ്യക്ഷനായത്. 1986 മുതല്‍ നാലുവര്‍ഷം അദ്വാനി ആ സ്ഥാനത്തുണ്ടായിരുന്നു. ഈ കാലത്താണ് ബിജെപി, അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണ വിഷയം ഏറ്റെടുത്ത് അതൊരു ജനകീയ വിഷയമാക്കിയത്.
അദ്വാനിക്കു ശേഷം ഡോ. മുരളീ മനോഹര്‍ ജോഷി 1991-ല്‍ ബിജെപി അദ്ധ്യക്ഷനായി. 1993 വരെ അദ്ദേഹം തുടര്‍ന്നു. ഏറെ സംഭവ ബഹുലമായ കാലമായിരുന്നു അത്. അയോദ്ധ്യയിലെ കര്‍സേവ, കശ്മീരിലെ ദേശീയപതാക ഉയര്‍ത്തല്‍ തുടങ്ങി പാര്‍ട്ടിയുടെ അടിസ്ഥാന രാഷ്ട്രീയ നിലപാടുകള്‍ ഏറെ ചര്‍ച്ചാ വിഷയമായ കാലം. പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി 120 സീറ്റു നേടിയ കാലം.
അദ്വാനി വീണ്ടും അദ്ധ്യക്ഷനായി വന്നു, 1993 മുതല്‍ അഞ്ചുവര്‍ഷം, 98 വരെ. ഈ കാലത്തിനിടെ ദേശീയ രാഷ്ട്രീയം ബിജെപി കേന്ദ്രിതമായി മാറി. കോണ്‍ഗ്രസ് ക്ഷയിച്ചു. ജനതാദള്‍ പോലുള്ള പാര്‍ട്ടികള്‍ പലതായി പിരിഞ്ഞു. ജനാധിപത്യത്തില്‍ പ്രതീക്ഷയുള്ള ജനം ബിജെപിയെ ശക്തമായി പിന്തുണയ്ക്കാന്‍ തുടങ്ങി. പക്ഷേ, അപ്പോഴെല്ലാം ബിജെപിയുടെ പരിമിതി, പാര്‍ട്ടിക്ക് ഹിന്ദിക്കാരുടെ പാര്‍ട്ടി, ഉത്തരേന്ത്യന്‍ പാര്‍ട്ടി തുടങ്ങിയ മുദ്രകളും, അതിനെ മറികടന്ന് ദക്ഷിണേന്ത്യയിലേക്കും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശക്തിക്കുറവ് ഒക്കെയായിരുന്നു.
ബിജെപിയുടെ അദ്ധ്യക്ഷസ്ഥാനത്ത് കുശഭാവ് താക്കറെ വന്നത് 1998-ല്‍ ആയിരുന്നു. 2000 വരെ അദ്ദേഹം തുടര്‍ന്നു. ബിജെപി ആദ്യമായി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമ്പോള്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ കുശഭാവു താക്കറെ ആയിരുന്നു.
ദളിത് അദ്ധ്യക്ഷന്‍
ഒരു ദേശീയ പാര്‍ട്ടിയുടെ തലപ്പത്ത് പിന്നാക്ക-ദളിത് വിഭാഗത്തില്‍നിന്നൊരാള്‍ അദ്ധ്യക്ഷനായ ചരിത്രം പറയാന്‍ ബിജെപിക്കേ കഴിയൂ. ആന്ധ്രയില്‍നിന്നുള്ള തൊഴിലാളി നേതാവ്, ബംഗാരു ലക്ഷ്മണ് പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി 2000 -ല്‍ ചുമതലയേറ്റു. അന്ന് കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ അടല്‍ബിഹാരി വാജപേയി പ്രധാനമന്ത്രിയായി എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുകയായിരുന്നു. തെഹല്‍ക്കാ വാര്‍ത്താ ഏജന്‍സിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബംഗാരുവിന് രാജിവെക്കേണ്ടി വന്നു. തുടര്‍ന്ന് അദ്ധ്യക്ഷനായ ജന കൃഷ്ണ മൂര്‍ത്തി 2001 മുതല്‍ 2002 വരെ പാര്‍ട്ടി നയിച്ചു. തുടര്‍ന്ന് രണ്ടു വര്‍ഷം, 2004 വരെ എം. വെങ്കയ്യ നായിഡുവായി പാര്‍ട്ടി അദ്ധ്യക്ഷന്‍. പൊതു തെരഞ്ഞെടുപ്പു വരികയും ബിജെപി-എന്‍ഡിഎ സര്‍ക്കാരില്‍നിന്നു പുറത്തുപോകേണ്ടിവരികയും ചെയ്തെങ്കിലും പാര്‍ട്ടിയുടെ അടിത്തറ അതിനകം രാജ്യവ്യാപകമായി വ്യാപിച്ചുകഴിഞ്ഞിരുന്നു.
വെങ്കയ്യക്കാലത്തിന് ശേഷം വീണ്ടും പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എല്‍. കെ. അദ്വാനി വന്നു. ഒരു വര്‍ഷം തുടര്‍ന്നു. 2005-ല്‍ അദ്ധ്യക്ഷനായി എത്തിയ രാജ്നാഥ് സിങ് 2009 വരെ അദ്ധ്യക്ഷനായി. രാജ്നാഥ് സിങ് ഒഴിഞ്ഞപ്പോള്‍ 2010-ല്‍ നിതിന്‍ ഗഡ്കരി പാര്‍ട്ടി അദ്ധ്യക്ഷനായി. 2013-ല്‍ അദ്ദേഹം മാറി, രാജ്നാഥ് സിങ് വീണ്ടും അദ്ധ്യക്ഷനായി. 2013 മുതല്‍ 2014 വരെ അദ്ദേഹം തുടര്‍ന്നു. 2014 മുതല്‍ അദ്ധ്യക്ഷ പദവിയില്‍ തുടരുന്ന അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്നു. രാജ്യവ്യാപകമായി വളരുന്നു.
അമിത് ഷാ
പാര്‍ട്ടിക്കിന്ന് യൂണിറ്റും പ്രവര്‍ത്തനവുമില്ലാത്ത സംസ്ഥാനമില്ല, ജില്ലയില്ല. ബിജെപി ഒറ്റയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഭരിക്കാന്‍ ഭൂരിപക്ഷം നേടി. ലക്ഷദ്വീപിലും പാര്‍ട്ടി സക്രിയം. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍. അടുത്ത പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളില്‍.
നൂറുപിന്നിട്ട കോണ്‍ഗ്രസ് പാര്‍ട്ടിയും തൊണ്ണൂറു കഴിഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അഞ്ചു തികഞ്ഞ ആംആദ്മി പാര്‍ട്ടിയും പരാശ്രയമില്ലാതെ ശ്വസിക്കാന്‍ ആവാത്ത സ്ഥതിയിലാണ്. ഇങ്കുബേററ്ററിനും വെന്റിലേറ്ററലനും ഇടയില്‍ കിടക്കുന്ന അവസ്ഥ. ജനാധിപത്യം കൂടുതല്‍ സജീവവും സക്രയവും സചേതനവുമായി നില്ക്കുന്ന കാലത്ത് സദ്ഭരണത്തിലൂടെ രാജ്യത്തിന്റെ കീര്‍ത്തി ബിജെപി സര്‍ക്കാര്‍ ലോകം മുഴുവന്‍ എത്തിക്കുയാണ്. പ്രായോഗിക രാഷ്ട്രീയത്തിലും ആദര്‍ശവഴിയില്‍ അണുവിട മാറാതെ മുന്നേറുകയാണ് പാര്‍ട്ടി. കടന്നു ചെല്ലാത്ത മേഖലയില്ല, കരം പിടിക്കാത്ത വിഭാഗങ്ങളില്ല. കണ്ണുനീര് കാണാനും തുടയ്ക്കാനും കഴിയുന്ന പാര്‍ട്ടിയെന്ന പേര് നേടിയെടുക്കാനും കഴിഞ്ഞിരിക്കുന്നു.
ഏറ്റവും കൂടുതല്‍ എംഎല്‍എ
അതുകൊണ്ടാണ് 38 തികയുന്ന പാര്‍ട്ടിക്ക് കാല് നൂറ്റാണ്ടിനിടെ ഏറ്റവും കൂടുതല്‍ എംഎല്‍എ ഉള്ള പാര്‍ട്ടിയാകാന്‍ കഴിഞ്ഞത്. ബിജെപിക്ക് 272 ലോക്സഭാംഗങ്ങളുണ്ട്. രാജ്യവ്യാപകമായി ഇന്ന് 1384 നിയമസഭാംഗങ്ങളുണ്ട്. (1993-ല്‍ 1501 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്ന് 813 പേരേ ഉള്ളു! ) രാജ്യസഭയില്‍ ബിജെപിക്ക് 67 അംഗങ്ങളായി. (കോണ്‍ഗ്രസിന് 51, എങ്കിലും, എന്‍ഡിഎ കക്ഷികള്‍ക്കെല്ലാംകൂടി 87 പേരും പ്രതിപക്ഷത്തിനാകെ 158 പേരുമാണ്, ആകെ സീറ്റ് 245)
70 ശതമാനം ബിജെപി
വയസ് 38 ആകുന്ന ബിജെപി വളരുകയാണ്. പാര്‍ട്ടിക്ക് ഇന്ന് 29 സംസ്ഥാനങ്ങളില്‍ 20 എണ്ണത്തില്‍ ഭരണമുണ്ട്. ബിജെപി മുഖ്യമന്ത്രിമാര്‍ 16. ശേഷിക്കുന്നിടത്ത് സഖ്യകക്ഷികളുടെ മുഖ്യമന്ത്രിമാര്‍. രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ പാര്ക്കുന്നിടം ബിജെപി ഭരണത്തിലാണ്. കോണ്‍ഗ്രസും മറ്റു കക്ഷികളും ഭരിക്കുന്ന പ്രദേശത്തെ ജനസംഖ്യയുടെ ഒമ്പതിരട്ടി ജനങ്ങളുടെ പ്രദേശം. കൃത്യമായി പറഞ്ഞാല്‍, 2011 ലെ സെന്‍സസ് പ്രകാരം 84,98,25,030 പേര് (ജനസംഖ്യയുടെ 70.18 ശതമാനം) പേര് വസിക്കുന്ന പ്രദേശത്തെ സംസ്ഥാനങ്ങള്‍ ബിജെപി സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ്. ആകെ ലോക്സഭാ എംപിമാരില്‍ 67 ശതമാനം ഈ പ്രദേശത്താണ്. അതായത് 38 വയസ് തികയുന്ന പാര്‍ട്ടിയുടെ വളര്‍ച്ചയേക്കാള്‍ ചുമതല വലുതാണ്.
ബിജെപിയുടെ പ്രധാനമന്ത്രി രാജ്യം ഭരിക്കുന്നുവെന്ന് പറയുമ്പോള്‍ ഇൗ കണക്കെല്ലാം അതിനുള്ളിലായി പേകുന്നു. എങ്കിലും പാര്‍ട്ടിയുടെ വിശ്വരൂപവും ഭാരിച്ച ഉത്തരവാദിത്തവും വിലയിരുത്താന്‍ ഇത്തരം കണക്കുകള്‍ സഹായിക്കും. ആര്‍എസ്എസില്‍ നിന്ന് പ്രചോദിതനായി, അതില്‍ പ്രവര്‍ത്തിച്ച്, അതിലൂടെ രാഷ്ട്രത്തിന് സമര്‍പ്പിച്ച വ്യക്തി പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ ജനസംഘം-ബിജെപി വഴിയില്‍ ആദര്‍ശത്തിന്റെ മുറതെറ്റാതുള്ള വളര്‍ച്ചയുടെ ചരിത്രമാണ് കാണാനാകുന്നത്. പാര്‍ട്ടിയുടെ ദര്‍ശനവും ആദര്‍ശവും മാര്‍ഗ്ഗവും രൂപപ്പെടുത്തിയവരും കഠിന കണ്ടക ആകീര്ണ്ണമായ ആ വഴിത്താരകളിലുടെ സഞ്ചരിച്ചവും സ്വയം അര്‍പ്പിച്ചവരും ത്യജിച്ചവരും ചോര ചിന്തിയവരും ചേര്‍ന്നു വളവും വെള്ളവും നല്കിയ പ്രസ്ഥാനത്തിന്റെ ഇടറാത്ത യത്രയില്‍ കൂടുതല്‍ പേരെ അണിചേര്‍ക്കുകയാണ് ദൗത്യം. അത് അമിത്ഷാ മുതല്‍ അഞ്ജാതര്വരെ പങ്കാളികളാകുന്നു. നരേന്ദ്ര മോദിമുതല്‍ നാമാരം അറിയാത്തവര്‍ വരെ അംഗങ്ങളാകുന്നു.
നോക്കിനില്‍ക്കെ വളര്‍ച്ച ഇങ്ങനെ
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വളര്‍ച്ച പറഞ്ഞാല്‍, പാര്‍ട്ടി രൂപീകരിക്കപ്പെട്ട് നാലാം വര്‍ഷം, 1984-ല്‍, പൊതുതെരഞ്ഞെടുപ്പു വന്നു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയ പാര്‍ട്ടിയായി ബിജെപി. പക്ഷേ, സീറ്റെണ്ണം വെറും രണ്ടായിരുന്നു. വ്യക്തമായ ആദര്‍ശാശയത്തിന്റെ പേരില്‍ കിട്ടിയ ജനപിന്തുണ.
1989-ല്‍ ബിജെപിക്ക് പൊതുതെരഞ്ഞെടുപ്പില്‍ 85 സീറ്റ്കിട്ടി. കോണ്‍ഗ്രസ് ഭരണത്തിനെതിരേ, പ്രത്യേകിച്ച് രാജീവ് ഗാന്ധിയുടെ അഴിമതിഭരണത്തിനെതിരേ ബോഫോഴ്സ് വിഷയമുയര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. സര്‍ക്കാരുണ്ടാക്കാനായില്ല. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗബലം ഇല്ലാതെവന്നു. ബിജെപി വി.പി. സിങ്ങിനെ പ്രധാനമന്ത്രിയായി പിന്തുണച്ച് ആദ്യമായി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുന്നതിന്റെ നിര്‍ണ്ണായക പങ്ക് വഹിച്ചു. സര്‍ക്കാരില്‍ ചേര്‍ന്നില്ല, സര്‍ക്കാര്‍ ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്തു. തികച്ചും ആദര്‍ശാധിഷ്ഠിത നിലപാട്.
അടുത്ത പൊതു തെരഞ്ഞെടുപ്പ് വന്നത് രണ്ടുവര്‍ഷം കഴിഞ്ഞ് 1991-ല്‍ ആയിരുന്നു. ബിജെപിക്ക് 120 സീറ്റു കിട്ടി.
പാര്‍ട്ടിക്ക് 1996 ലെ തെരഞ്ഞെടുപ്പില്‍ 161 സീറ്റു നേടാനായി. അടുത്ത തെരഞ്ഞെടുപ്പ് 1998-ല്‍ ആയിരുന്നു- സീറ്റ് 182 ആയി വര്‍ദ്ധിച്ചു. 1999-ലെ തെരഞ്ഞെടുപ്പിലും അത്രയും സീറ്റു നിലനിര്‍ത്തി, കൂടിയില്ല. എങ്കിലും സര്‍ക്കാര്‍ രൂപീകരിച്ചു. സര്‍ക്കാരില്‍ ഇരിക്കെയാണ് 2004-ല്‍ തെരഞ്ഞെടുപ്പ് വന്നത്, സീറ്റെണ്ണം കുറഞ്ഞു- 138 ആയി. അടുത്ത തെരഞ്ഞെടുപ്പില്‍, 2009-ല്‍ സീറ്റെണ്ണം 116 ആയി. എന്നാല്‍, 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റു നേടി, ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷമായ 272 സീറ്റെണ്ണത്തിനേക്കള് 10 സീറ്റു കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: