ശരാശരി മലയാളിയെപ്പോലെ തന്നെ ഉത്സവത്തിനെഴുന്നള്ളിക്കുന്ന ആനകളേയും തടിപിടിക്കുന്ന ആനകളേയുമൊക്കെ കണ്ടുതന്നെയാണ് ഹരിപ്പാട്ടുകാരനായ ഞാനും വളര്‍ന്നത്. കാട്ടില്‍ നിന്ന് നാഗരികതയിലേക്ക് എത്തപ്പെട്ട് മനുഷ്യന്റെ വരുതിയില്‍, വരച്ച വരയില്‍ നിന്ന് കഴിഞ്ഞുപോകുന്ന ഈ ഗജവീരന്മാര് ഉപദ്രവങ്ങള്‍ കൊണ്ട് സഹികെടുമ്പോഴോ, മദപ്പാടുണ്ടാകുന്ന ചുരുക്കം ചില സാഹചര്യങ്ങളിലോ ആക്രമണങ്ങള്‍ക്ക് മുതിരുന്നതില്‍ എന്തുകൊണ്ടോ വലിയ അത്ഭുതമൊന്നും തോന്നിയിട്ടില്ല
കേരളത്തിന്റെ തനതായ പാരമ്പര്യം, പുരാതനവും സമ്പന്നവുമായ സംസ്കാരികപൈതൃകം, ഒരുപക്ഷെ ലോകത്തിലെതന്നെ ഏറ്റവും പഴക്കം ചെന്നതും പണ്ടുകാലം മുതലേ നടപ്പിലുണ്ടായിരുന്നതുമായ ഗജ പരിപാലന രീതികള്‍ (ഭാരതത്തിലെ തന്നെ എറ്റവും ഉത്തമമായതെന്ന് ഏവരും സമ്മതിക്കുന്നത്) ചിലത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തമിഴ് സംഘകാലം മുതല്‍ തന്നെ ഇവിടെ ആനകളെ നന്നായി നോക്കിയിരുന്നു. ഇതിനുള്ള വ്യക്തമായ തെളിവുകള്‍ നമുക്കുണ്ട്.
പഴയ കാലത്തില്‍ ആന ആഢ്യത്വത്തിന്റെ അടയാളമായിരുന്നു. എന്നാല്‍ ഇന്ന് വ്യവസായമായി, ആനയിലൂടെ വരുമാനം ഇല്ലെങ്കില്‍ അവയുടെ ജീവിതംതന്നെ വഴിമുട്ടും എന്നത് അടുത്തിടെയാണ് അറിയുന്നത്.
- ഒരു സുവര്‍ണ്ണകാലത്ത് ആനകള്‍ ഒരു കുടുംബാംഗത്തെ പോലെയായിരുന്നു. ആനക്കാരനും ആനയും തമ്മില്‍ ഒരു പിതൃ പുത്ര ബന്ധമായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ആനകളെ ഉപയോഗിക്കുന്നതിനായുള്ള ആവശ്യം ഗണ്യമായി വര്‍ദ്ധിച്ചത്. കഴിവുള്ള ആനക്കാരുടെ എണ്ണം കുറഞ്ഞു
- ആനത്തൊഴില്‍ ഒരു കലയാണ്. പണ്ട് ഇത് അച്ഛനില്‍ന്നിന്ന് മക്കളിലേക്ക് കൈമാറി വന്ന തൊഴിലായിരുന്നു. ആ കാലഘട്ടങ്ങളില്‍ ‘തോട്ടി’ പ്രയോഗം വളരെ വളരെ വിരളമായിട്ടെ ആനക്കാര് നടത്തിയിരുന്നുള്ളു. ആന ആനക്കാരന്റെ നേരെ തിരിഞ്ഞാല്‍ സ്വന്തം ജീവന് രക്ഷിക്കാന്‍ വേണ്ടി മാത്രം. ‘നൂറ് പറഞ്ഞു ആറോങ്ങി ഒരടി എന്ന ഗജപാലകതത്ത്വം’ ഏറെ നിഷ്കര്‍ഷയോടെ തന്നെ പാലിക്കപ്പെട്ടിരുന്നു എന്ന് സാരം
- ഒരു നല്ല ആനക്കാരനാവാന്‍ വര്‍ഷങ്ങളുടെ നിരന്തര അഭ്യാസം വേണം. സാധാരണ പ്രധാന ആനക്കാരന്റെ ശിഷ്യനായിട്ടാണ് ആനപ്പണിയുടെ തുടക്കം. ചെയ്യുന്ന ജോലിയാകട്ടെ, ആനയെ കെട്ടുന്ന തറവൃത്തിയാക്കുക, തീറ്റ കൊടുക്കുക, ചങ്ങല മാറ്റിക്കെട്ടുക, കഴുകാന്‍ സഹായിക്കുക മുതലായവയാണ്. ഇങ്ങനെ കുറേനാള്‍ ഒന്നാമന്റെ മേല്‍നോട്ടത്തില്‍ ശിക്ഷണം നേടിയ ശേഷമാണ് ഒന്നാം ആനക്കാരന് ആവാനുള്ള യോഗ്യത ലഭിക്കുന്നത്. അയാളെ സംബന്ധിച്ചിടത്തോളം ഒന്നാമനും ആനയും തന്നെ ഗുരുക്കന്മാരാണ്.
- കേരളത്തില്‍ ഇതുപോലെ ശിക്ഷണം ലഭിച്ച ഒന്നാംതരം ആനക്കാര് ഉണ്ടായിരുന്നു. അവര്‍ക്ക് ആനകളെ ഒരു നോട്ടം കൊണ്ടോ, ചൂണ്ടു വിരല്‍ കൊണ്ടോ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ആനകളുടെ എണ്ണം വര്‍ദ്ധിച്ചതോടുകൂടി ആനക്കാരുടെ ശിക്ഷണത്തിലും കഴിവുകളിലും നിലവാരത്തിലും മാറ്റം വന്നു. അവര്‍ ആനയ്ക്ക് കടുത്ത ശിക്ഷ നല്‍കിത്തുടങ്ങി. അവര്‍ ലഹരി വസ്തുക്കളും മറ്റും ഉപയോഗിക്കാനും തുടങ്ങി.
- ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും ആനയോടു പ്രേമമല്ല കമ്പമാണ് എന്നാണ് എന്റെ തോന്നല്‍. ഭൂമുഖത്തെ എറ്റവും വലിയ കാഴ്ചകളിലൊന്നായ ആനയെ കണ്ടാനന്ദിക്കുന്നതില്‍ തീരുന്നു
- ആനക്കമ്പക്കാരുടെ താല്‍പ്പര്യം. അല്ലാതെ ആനയ്ക്കു ഭക്ഷണം കിട്ടുന്നുണ്ടോ, വെള്ളം കിട്ടുന്നുണ്ടോ, തല്ലു കിട്ടുന്നുണ്ടോ എന്നൊന്നും മിക്കവരും അന്വേഷിക്കാറില്ല. ഇന്നുവരെ കേരളത്തിലെ ഏതെങ്കിലും ഒരു ആനപ്രേമി ധാര്‍മ്മിക രോഷം തിളച്ചു മറിഞ്ഞ് പരമദുഷ്ടനായ ഏതെങ്കിലും ആനക്കാരനെ വെടിവയ്ക്കുക പോയിട്ട് തല്ലുക പോലും ചെയ്തതായി നമ്മള് കേട്ടിട്ടില്ലല്ലോ?!
ആനയോടുള്ളത്ര തന്നെയോ, അതില്‍ കൂടുതലോ ആരാധന പലര്‍ക്കും ആനപാപ്പാനോടുമുണ്ട്. എന്റെ ചെറുപ്പകാലത്ത് ആനയെ കുളിപ്പിക്കുന്നതു കാണുന്നതു തന്നെ വലിയ ആഘോഷമായിരുന്നു. ആനയെ കുളിപ്പിക്കുന്നതു വിശദമായിക്കാണുന്ന ഞങ്ങള്‍ കുട്ടികള്‍ അതേ ഗൗരവത്തോടും ആത്മാര്‍ത്ഥതയോടും കൂടി പാപ്പാന്റെ കുളിയും വള്ളിപുള്ളി വിടാതെ കാണുമായിരുന്നു. ആനയെ ക്കൊണ്ടു തന്നെ വെള്ളം കോരിയൊഴിപ്പിച്ചു ഷവര്‍ബാത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പാപ്പാനെയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്
എന്തു കൊണ്ടാണ് ആനപ്പാപ്പാനോടു നമ്മള്‍ക്ക് ഇത്ര ആരാധന? ഇത്ര വലിയ ആനയെ കൊണ്ടു നടക്കുന്നതു കൊണ്ടാണോ? എങ്കില്‍പ്പിന്നെ ഒട്ടകത്തെ കൊണ്ടു നടക്കുന്നവരോടും മൃഗശാലയില്‍ ജിറാഫിനെ കുളിപ്പിക്കുന്നവരോടുമൊക്കെ ഇതേ ആരാധന തോന്നേണ്ടതല്ലേ? ഒരു പക്ഷേ കൊമ്പനാനയ്ക്കു മദം പൊട്ടാമെന്നതും, ഒരു ദിവസം ഈ പാപ്പാനെ അവന് കാച്ചിയേക്കാമെന്നതും അതിത്ര നാളും നീട്ടി വയ്പിക്കാന്‍ പാപ്പാനു കഴിഞ്ഞല്ലോ എന്ന അറിവും ആരാധനയ്ക്കു കാരണമാകാം.
പണ്ടൊന്നും ആനയെ ഇങ്ങനെ കൂച്ചിക്കെട്ടിയല്ല നിര്‍ത്തിയിരുന്നത്. ആനയുടെ പിന്‍കാലിലും മുതുകത്തും ചങ്ങല കാണുമെന്നല്ലാതെ ആനയെ ബന്ധിച്ചിരുന്നില്ല. കാലില്‍ ഒരു വടി ചാരി വച്ചിട്ട് പാപ്പാന് എവിടെയെങ്കിലും പോകും. ആന ആ കാല് അനക്കില്ല.
ഇക്കാലത്ത് ആനകള്‍ക്ക് അല്‍പ്പം ഓട്ടം കൂടുതലാണ്. കാട്ടില്‍ 30 സെന്റിഗ്രേഡില്‍ താമസിക്കട്ടെ എന്നു വിചാരിച്ചാണ് കറുത്ത ചായവും പൂശി പടച്ച തമ്പുരാന് ആനയെ ഭൂമിയിലേക്കു വിട്ടിരിക്കുന്നത്. നാട്ടില്‍ ചൂടു കൂടുന്നു എന്നല്ലാതെ ഗ്ലോബല്‍ വാമിംഗ് ആണെന്നും സഹിച്ചു മരിക്കുകയേ നിവൃത്തിയുള്ളെന്നും ആനക്കറിയില്ലല്ലോ!
എന്റെ ഒരു ഡോക്ടര്‍ സ്നേഹിതന് പറയുന്നത് ആന ഒരു ജിപ്സിയാണെന്നാണ്. അതിനു സ്ഥിരമായി താവളമില്ല. ദിവസവും 25 കിലോമീറ്ററെങ്കിലും നടന്നാലേ അതിന്റെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കൂ.
ലോറിയിലെ ബിസിനസ് ക്ലാസ്സ് യാത്രയും, ഉത്സവപ്പറമ്പുകളിലെ നില്‍പ്പും കഴിഞ്ഞ് ഒരു ചെറിയ വ്യായാമമെന്ന നിലയ്ക്കു വല്ലപ്പോഴും ഒന്നോടാന്‍ നോക്കും. അതു മദം പൊട്ടിയുള്ള ഓട്ടമല്ല. പക്ഷെ, അപ്പോഴാണ് ആന വിരണ്ടേ എന്നു പറഞ്ഞ് മൊബൈല്‍ ഫോണിലെ ക്യാമറയും ഓണ്‍ ചെയ്തു മുന്പെയും പുറകെയും നാട്ടുകാര്‍ ഓടുന്നത്. ആന പിന്നെന്തു ചെയ്യാന്‍?!
ആനത്തൊഴില്‍ ഒരു കലയാണ്.നൂറ് പറഞ്ഞു ആറോങ്ങി ഒരടി എന്ന ഗജപാലക തത്ത്വം ഏറെ നിഷ്കര്‍ഷയോടെ തന്നെ പാലിക്കപ്പെട്ടിരുന്നു എന്ന് സാരം.
ആനക്കാരെ കുറിച്ച് പ്രിയ സ്നേഹിതന് എബി ആശാന്റെ വാക്കുകളിലൂടെ ഒരു സഞ്ചാരം. ആരൊക്കെ യോജിക്കും വിയോജിക്കും എന്ന് അറിയില്ല.
- കൊലച്ചോറുണ്ണാന്‍ വിധിക്കപ്പെട്ടൊരു സമൂഹം. സ്വന്തം വീടും വീട്ടുകാരെയും വിട്ട്, പൂരപ്പറമ്പുകളില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച്, നിമിഷാര്‍ദ്ധത്തില്‍ നഷ്ടപ്പെട്ടേക്കാവുന്ന ജീവനും കൈയില്‍ പിടിച്ചുകൊണ്ട് മരണത്തിന്റെ കറുത്ത രൂപത്തിനൊപ്പം ചലിക്കുന്ന ഹതഭാഗ്യര്‍.
- – ഒരായുസ്സിന്റെ അനുഭവസമ്പത്തും കാരണവന്മാരുടെ അനുഗ്രഹവും പ്രായോഗികബുദ്ധിയുടെയും ഭാഗ്യത്തിന്റെയും കനിവും കൊണ്ടു മാത്രം ഇരുട്ടിവെളുപ്പിക്കുന്നവര്.
- ഇരുപത്തിനാല് മണിക്കൂറും 365 ദിവസവും ആയുസ്സും ആരോഗ്യവും ഒടുങ്ങുന്നത് വരെയും, സ്വന്തം മക്കളെപ്പോലെ ആനകളെ തീറ്റിയും കുടിപ്പിച്ചും കുളിപ്പിച്ചും പൊട്ടുതൊടീച്ചും… ഇവരുടെ തൊഴില്‍ പ്രശംസനീയം തന്നെ.
- പക്ഷെ, സമൂഹത്തില്‍ അവര്‍ വേണ്ട വിധത്തില്‍ ആദരിക്കപ്പെടുന്നുണ്ടോ എന്നൊരു സംശയം. ലക്ഷങ്ങള്‍ക്കും മുകളില്‍ നില്ക്കുന്ന കേരളത്തിലെ ജന സംഖ്യയില്‍ അഞ്ഞൂറില്‍ താഴെ നില്ക്കുന്ന നാട്ടാനകളുടെ പാപ്പാന്മാര്. അവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന കൂലിയും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നൊരു പരാതി കേള്‍ക്കാറുണ്ട്.
- ശാസ്ത്രം അറിയുന്നവരില്‍ നിനും വിദ്യ അഭ്യസിക്കണം. കുറുമ്പ് കൂടുതലുള്ള ആനയോടൊപ്പം നിന്നു പണിപഠിക്കണം. ധൈര്യം, ബുദ്ധി, ശ്രദ്ധ, വേഗം, തക്കം, തായം, വെക്കം, സ്ഥലം , കൂലം, മുഖം, ന്യായം, നേരം നോക്കണം, എന്നെ നോക്കണം, നിന്നെ നോക്കണം ഇതെല്ലാം അറിഞ്ഞിരുന്നാലും തക്കസമയത് അതിവേഗം പ്രവര്‍ത്തിക്കാനുള്ള നല്ല മനസ്സുണ്ടാകണം. ഒരു നല്ല പാപ്പാന് ആനയെ സ്നേഹിക്കാന്‍ കഴിയണം.
ആനപരിപാലനരംഗത്തെ മുതല്‍ക്കൂട്ടും ചങ്കൂറ്റത്തിന്റെ പര്യായവുമായ ആറുന്മുള മോഹന്ദാസേട്ടന് ഒരു ചടങ്ങില്‍ പറഞ്ഞ വാക്കുകള്‍ …!
”പണ്ട് ഒരു കൂട്ടുകെട്ട് വര്‍ഷങ്ങള്‍ നിലനിന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. പഴയ ചട്ടക്കാര്‍ ആനയുടെ മനസ്സില്‍ കയറാനാണ് ശ്രമിച്ചത്. എന്നാല്‍ ന്യൂ ജനറേഷന് ചട്ടക്കാര്‍ കമ്പും കൊട്ടുവടിയുമായി ആനയുടെ ശരീരത്തിലേക്കാണ് കയറുന്നത്”
പ്രതികരിക്കാൻ ഇവിടെ എഴുതുക: