എപ്പോഴും സന്തോഷമായിരിപ്പിന്‍ എന്നാണ് ബൈബിള്‍ വചനം.അതിനര്‍ഥം ദുഖം ഇല്ലെന്നാണോ.അല്ലെങ്കില്‍ ദുഖം ആഹ്ളാദത്തില്‍ പൊതിഞ്ഞിരിക്കുന്നുവെന്നോ. മധുരതരമായ വേദന എന്നാണെങ്കില്‍ കുറെക്കൂടി വ്യക്തമാകുമെന്നു തോന്നുന്നു. കാരണം രക്തംപോലും നിലവിളിക്കുന്ന വേദനയുടെ മൂന്നാം നാളിലാണ് ലോകത്തിന്റെ മുഴുവന്‍ ആനന്ദമായി യേശു ഉയിര്‍ത്തെഴുന്നേറ്റത്. അതുകൊണ്ട് ആനന്ദഹര്‍ഷത്തിന്റെ തരളിതമായ മുന്നോടിയാണ് കഠിന ദുഖമെന്നും പറയാം.
ആകാശത്തില്‍നിന്ന് മേഘാവൃത ഭാവത്തോടെ ദുഖവെള്ളി നനഞ്ഞൊരു പക്ഷിയായി അന്തരീക്ഷം മുഴുവന്‍ അദൃശ്യമായി പറക്കുകയാണ്. അതിന്റെ ചുണ്ടില്‍ കനത്ത ഏകാന്തതയും ചിലക്കലില് കൊടും നിശബ്ദതയുമുണ്ട്. പൊടുന്നനെയുണ്ടായ ഒരു നിര്‍വഹണത്തിന്റെ സൂചനയാണത്. മഹത്തായൊരു ത്യാഗം നടന്നതിന്റെ പ്രത്യക്ഷ അടയാളം. നീതിമാന്റെ ക്രൂശുമരണം ലോകത്തുള്ള ക്രിസ്ത്യാനികള്‍ മഹത്തായ പാരമ്പര്യമായി ആചരിക്കുമ്പോള്‍ ക്ഷമിക്കുന്ന സ്നേഹവും കാരുണ്യത്തിന്റെ സഹനവുംകൊണ്ട് ക്രിസ്ത്വനുഭവം ഉള്ളവനായി മാറുന്നവനാണ് യഥാര്‍ഥ ക്രിസ്ത്യാനിയെന്നുകൂടി ഓര്‍മിപ്പിക്കുന്നുണ്ട് ദുഖവെളളി.
ദുഖം ആചരിക്കുകയും ആനന്ദം ആഘോഷിക്കുകയും ചെയ്യുന്നതാണ് ഈസ്റ്റര്‍. വേദന പ്രസവിക്കുന്ന ആനന്ദമാണ് ഈസ്റ്ററെന്നു അറിയുന്നവനാണ് എപ്പോഴും സന്തോഷിക്കുന്നത്. യേശുവിന്റെ പിറവിയും മരണവും പീഡാനുഭവങ്ങളുടെ സുഗന്ധ തൈലം പൂശിയതായിരുന്നു. ഹെറോദേസിന്റെ വാള്ത്തലയില് നിന്നും രക്ഷപെടാന്‍ കാലിത്തൊഴുത്തില്‍ ജനിച്ചു.മനുഷ്യന്റെ പാപംപോക്കാനായി ക്രൂശുമരണവും തുടര്‍ന്ന് ഉത്ഥാനവും.
യുക്തിയുടെ നിര്‍ബന്ധത്തെക്കാളും ഭാവനാവിലാസത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. യാഥാര്‍ഥ്യത്തെക്കാള്‍ വലുത് ഭാവനയാണെന്ന് ഐന്‍സ്റ്റീനും പറഞ്ഞു.യേശു ഒരേ സമയം ദൈവമായും മനുഷ്യനായും ഇരട്ടജീവിതം ജീവിച്ചു. ദൈവത്തെപ്പോലെ അതിശയംകാട്ടുകയും സാധാരണ മനുഷ്യനെപ്പോലെ ജീവിക്കുകയും ചെയ്തു യേശു.അതിശയത്തിലൂടെ മാത്രമേ മനുഷ്യനെ വിശ്വാസിയാക്കാനും കൂടെ നിര്ത്താനുമാകൂവെന്ന് യേശുവിനു ബോധ്യമായിരുന്നു. ലാസറിനെ ഉയര്‍പ്പിച്ചതും കുഷ്ഠരോഗിയെ സുഖപ്പെടുത്തിയതും വല നിറയെ മത്സ്യത്തെ കിട്ടിയതുമൊക്കെ മനുഷ്യരെ കൂടെ ചേര്‍ക്കാനുള്ള വഴികളായിരുന്നു.ഒാരോ പ്രദേശത്തും അവിടത്തെ പ്രാദേശിക ഭാഷയിലൂടേയും ഉപമകളിലൂടെയും അദ്ദേഹം സംസാരിച്ചു. സ്നേഹത്തിന്റെ നീതിയും സമാധാനത്തിന്റെ ശാന്തിയുമുള്ളൊരു ജീവിതം ഘോഷിച്ചുകൊണ്ടുള്ള യേശുവിന്റെ ജീവിതം അന്നത്തെ വലിയ വിപ്ളവമായിരുന്നു. കള്ളക്കച്ചവടക്കാര്‍ക്കും അത്തരം പുരോഹിതര്‍ക്കുമെതിരെ യേശു ചാട്ടവാര്‍ വീശി. ദേവാലയത്തില്‍ നിന്നും കച്ചവടക്കാരേയും ചുങ്കക്കാരേയും ചാട്ടവാറിനടിച്ചു പുറത്താക്കി. ആ ചാട്ടവാര്‍ ഇന്നും നീളുന്നു.
ശത്രുവിനെ സ്നേഹിക്കുക എന്ന മഹത്തായ സന്ദേശം അന്നും ജനത്തിനു മനസിലായില്ല. അന്യനാണ് നരകം എന്നാണ് മനുഷ്യന് വിശ്വസിക്കുന്നതെന്നു സാര്‍ത്ര് പറഞ്ഞപോലെ തന്നെയായിരുന്നു അന്നത്തെ മനുഷ്യന്റെ വിശ്വാസവും. പുരോഹിത സമ്മര്‍ദത്താല്‍ ജനം യേശുവിനെ തള്ളി പറയുകയും തെമ്മാടിയായ ബറാബാസിനെ വിട്ടുകിട്ടാന്‍ മുറവിളി കൂട്ടുകയും ചെയ്തു. ഈ നീതിമാന്റെ രക്തത്തില്‍ തനിക്കു പങ്കില്ലെന്നു പറഞ്ഞ് കൈ കഴുകാനെങ്കിലും ഒരുപീലാത്തോസേ ഉണ്ടായിരുന്നുള്ളൂ.
ജനമാണ് ക്രൂശുമരണത്തിനു യേശുവിനെ വിട്ടുകൊടുത്തത്. പ്രവാചകന് സ്വന്തം രാജ്യത്ത് അന്യനാണെന്ന് യേശു തന്നെ പറഞ്ഞിരുന്നു. നീതിമാന്റെ രക്തം എല്ലാക്കാലത്തും ഇങ്ങനെ ജനത്തിനുമേല്‍ വീണിട്ടുണ്ട്. താന്‍ ദൈവത്തില്‍നിന്നും അയക്കപ്പെട്ടവനാണെന്ന് യേശു വിശ്വസിച്ചു. ഓരോ ഗോതമ്പുമണിയിലും പേരെഴുതപ്പെട്ടപോലെ എല്ലാം നേരത്തെ എഴുതപ്പെട്ടിരുന്നുവെന്ന് യേശു അറിഞ്ഞിരുന്നു.
ദുഖവെള്ളിയില്നിന്നും ഈസ്റ്റര്‍ ഞായറിലേക്ക് മണിക്കൂറുകളുടെ നീളമേയുളളൂ. ദുഖത്തിന്റെ പാനപാത്രത്തിന് കടലാഴമുണ്ടെന്നു തോന്നുന്ന മനുഷ്യന് ക്ഷമകൊണ്ട് അതു വറ്റിച്ചെടുക്കാമെന്ന യേശുപാഠം അവര്‍ക്കു മനസിലായില്ല. അതിന്റെ പശ്ചാത്താപവും പ്രായശ്ചിത്തവുമാണ് ദുഖവെള്ളിയുടേയും ഈസ്റ്റര്‍ ഞായറിന്റേയും പാരമ്പര്യമായിത്തുടരുന്ന ആചാരങ്ങള്‍. പുരോഗതിയും വികസനവും മനുഷ്യന്റെ സൗകര്യങ്ങളും നേട്ടവും മാത്രമായി ചുരുങ്ങുന്നു. അയല്‍ക്കാരനെ സ്നേഹിക്കുന്നതില്‍നിന്നും അവന് അകന്നുപോകുന്നു. അത്തരം പുഴുക്കുത്തേറ്റ വരണ്ട മനുഷ്യലോകത്ത് സ്നേഹത്തിന്റെ സുഗന്ധതൈല നനവായിത്തീരുകയാണ് വ്യാകുലം നെഞ്ചിലമര്‍ത്തിയ ദുഖവെള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: