94 വയസിലും കിടന്നു പോയ അവസ്ഥയിലും പത്രവായന എന്ന ശീലം തുടര്‍ന്ന മാനനീയ സേതുവേട്ടന്റെ അമ്മയായ ശ്രീമതി ദേവകിയമ്മ, ഇപ്പോഴും സ്ഥിരമായും സൂക്ഷ്മമായും പത്രം വായിക്കാത്ത എനിക്കൊക്കെ മാതൃകയാണ്. രാവിലെ എട്ട് മണിയോടെ തന്നെ ജന്മഭൂമി പത്രം വായിച്ച് അന്നത്തെ കാര്യം അപ്ഡേറ്റ് ആയി അതിനെക്കുറിച്ച് ചർച്ച ചെയ്യുന്ന ആ അമ്മയാണ് സംഘം. ചുറ്റുപാടുമുള്ള ലോകത്തെ അറിഞ്ഞും തിരിച്ചറിഞ്ഞും ജീവിച്ച സാമൂഹ്യ അവബോധമുള്ള അമ്മ.
മകൻ പ്രചാരകനായതിൽ നൂറു ശതമാനവും അഭിമാനിച്ചിരുന്ന അമ്മയായിരുന്നു ദേവകിയമ്മ. സംഘത്തോടും സംഘകാര്യത്തോടും എന്നും അടുത്തു നിന്നിരുന്ന ആ അമ്മ വിട്ടുപിരിഞ്ഞപ്പോൾ മനസിൽ ഓടി വന്നത് കഴിഞ്ഞ വർഷം ആ അമ്മയെ കണ്ടപ്പോഴുണ്ടായ ഒരനുഭവമാണ്. 94 വയസുള്ളപ്പോഴാണ് കാണുന്നത്. കാൽ തൊട്ടു വന്ദിച്ചയുടനെ ഗുരുവായൂരപ്പന്റെ ചെറിയൊരു ചിത്രം നൽകി. അവശതയെ അവഗണിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു, സംസാരിച്ചു.
എറണാകുളത്തു നിന്നുള്ള പ്രചാരകനാണെന്നു പറഞ്ഞപ്പോൾ ഉടനെ ചോദ്യം വന്നു, “ഇന്നലെ പ്രാന്തകാര്യാലയത്തിൽ ഒരു കേന്ദ്രമന്ത്രി വന്നിരുന്നല്ലോ, കണ്ടിരുന്നോ…?” എന്ന്. അങ്ങനെയൊരു സംഭവം നടന്ന കാര്യം അറിയാതിരുന്ന ഞാൻ പകച്ചു നിന്നപ്പോൾ സേതുവേട്ടൻ ഇടപെട്ടു അതെയെന്ന് പറഞ്ഞു തത്കാലം രക്ഷപ്പെടുത്തി.
അമ്മ തുടർന്നു, “ഇന്നത്തെ ജന്മഭൂമിയിൽ അവസാനത്തെ പേജിൽ ഫോട്ടോ ഉണ്ട് “. സത്യത്തിൽ അമ്പരപ്പും നാണവും കൊണ്ട് തരിച്ചു പോയി. അമ്മയുടെ ആത്മാവിന് നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. പ്രണാമങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: