വാഷിങ്ടണ്‍: യുഎസിലെ തോക്ക് നിയന്ത്രണ നിയമം ശക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധസംഗമത്തിലും റാലിയിലും പങ്കെടുത്തത് പതിനായിരങ്ങള്‍. കഴിഞ്ഞ കുറേ ദശാബ്ദങ്ങള്‍ക്കിടെ യുഎസ് കണ്ട ഏറ്റവും വലിയ പ്രതിഷേധ സംഗമം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള താക്കീതായി. ‘മാര്‍ച്ച് ഫോര്‍ അവര്‍ ലൈഫ്‌സ്’ എന്ന ബാനറില്‍ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലന്‍ഡ് സ്‌കൂള്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാളേറെ പിന്തുണയാണ് ലോകവ്യാപകമായി ഈ പ്രതിഷേധത്തിന് ലഭിക്കുന്നത്.
യുഎസിനും പുറത്തുമായി എണ്ണൂറിലേറെ ഇടങ്ങളിലാണ് പ്രതിഷേധത്തിന് ആഹ്വാനമുയര്‍ന്നിരിക്കുന്നത്. ലണ്ടന്‍, സിഡ്‌നി, ടോക്കിയോ, അറ്റ്‌ലാന്റ, മിയാമി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധസംഗമങ്ങളാണ് നടന്നത്.
വാഷിങ്ടണിലെ പെനിസില്‍വാനിയ അവന്യൂവിലാണ് പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നത്. ജനങ്ങളെ പ്രതിനിധീകരിക്കുക, ഇല്ലെങ്കില്‍ ഇറങ്ങിപ്പോവുക, ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കുക, വോട്ടര്‍മാരെയാണ് അഭിമുഖീകരിക്കേണ്ടി വരിക തുടങ്ങിയവയാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം. റാലിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സംസാരിച്ചു. തുടര്‍ന്ന് വെടിവയ്‌പ്പില്‍ നിന്നും രക്ഷപ്പെട്ട എമ്മ ഗോണ്‍സാല്‍വസ് എന്ന പെണ്‍കുട്ടി സംസാരിച്ചു. വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ട 17 പേരുടെ പേരുകള്‍ പറഞ്ഞതോടെ ഏതാണ്ട് ആറുമിനിട്ടു നേരത്തോളം അവള്‍ മൗനം പാലിച്ചു.
തോക്കുകളെയല്ല, കുട്ടികളെയാണ് സംരക്ഷിക്കേണ്ടതെന്ന മുദ്രാവാക്യം അവള്‍ക്കൊപ്പം പതിനായിരങ്ങളും ഏറ്റുചൊല്ലി. തുടര്‍ന്ന് റാലിയെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ കൊച്ചുമകള്‍ യോലന്റ റെനൈ കിങ് അഭിസംബോധന ചെയ്തു. തോക്കുകളില്ലാത്ത ലോകത്തിനായി പ്രവര്‍ത്തിക്കാമെന്ന് ആഹ്വാനം ചെയ്തു. നാം പ്രവര്‍ത്തിക്കാനൊരുങ്ങുന്നത് പുതുയുഗത്തിനും ലോകത്തിനുമായാണെന്ന് മൂന്നുവട്ടം ആവര്‍ത്തിച്ചു.
അതേസമയം റാലിക്കെതിരെ വിവിധ സംഘടനകളുടെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കോടീശ്വരന്മാരെ പിന്തുണയ്‌ക്കാനാണ് റാലി സംഘടിപ്പിച്ചതെന്നാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ ആരോപണം. യുഎസില്‍ തോക്കുകളുടെ വില്‍പ്പനയ്‌ക്കും അവകാശത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സംഘടനയാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍.
പല മേഖലകളിലുള്ളവരാണ് റാലിക്ക് പിന്തുണ അറിയിച്ച് എത്തുന്നത്. ഹോളിവുഡ് സിനിമാതാരങ്ങളും ഗായകരും, ടിവി താരങ്ങളും ഉള്‍പ്പടെയുള്ളവര്‍ റാലിയില്‍ പങ്കെടുത്തു. നൂറിലധികം താരങ്ങളാണ് രാജ്യത്ത് പല സ്ഥലങ്ങളിലായി നടന്ന റാലിയില്‍ പങ്കെടുത്തു.
















