1996 മെയ് മാസത്തിലാണ് ആദ്യത്തെ ബിജെപി മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരമേല്‍ക്കുന്നത്. പതിമൂന്നു ദിവസം മാത്രം നീണ്ടുനിന്ന ഭരണം. ബിജെപി അധികാരത്തിലേറിയപ്പോള്‍ അതുവരെ എതിരാളികളായിരുന്ന, തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ച, കക്ഷികളെയെല്ലാം അണിനിരത്തി കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരികയും ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയും ചെയ്തു. ബിജെപി തോല്‍ക്കും എന്നുറപ്പായിരുന്ന അവിശ്വാസപ്രമേയത്തിന്റെ ചര്‍ച്ചയ്‌ക്കൊടുവില്‍ അന്നു പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി പ്രസംഗിക്കാനെഴുന്നേറ്റു. ”ബിജെപിയെ ഇന്നു നിങ്ങള്‍ക്ക് സാങ്കേതികമായി തോല്‍പ്പിക്കാന്‍ സാധിച്ചേക്കും. ഈ സഭയ്‌ക്കകത്തു ബിജെപി തോറ്റേക്കാം. എന്നാല്‍ ഈ രാജ്യത്തിന്റെ മനസ്സില്‍ തോല്‍ക്കുന്നത് ഞങ്ങളാവില്ല. ഭാരതത്തിന്റെ മനസ്സില്‍ നിങ്ങളാണ്, നിങ്ങളുടെ അധാര്‍മ്മികതയാണ്, തോല്‍ക്കാന്‍ പോവുന്നത്” വാജ്‌പേയി പറഞ്ഞു.
രാഷ്‌ട്രീയമായ തത്ത്വദീക്ഷയെല്ലാം കാറ്റില്‍പ്പറത്തി, അന്ന് ആദ്യമായി ഭാരതത്തിലെ എല്ലാ രാഷ്‌ട്രീയകക്ഷികളും ബിജെപിക്കെതിരെ യോജിച്ചു. അതുവരെ എതിര്‍ത്തുനിന്നിരുന്നവര്‍, പരസ്പരം അതിനിശിതമായി വിമര്‍ശിച്ചിരുന്നവര്‍, രൂക്ഷമായി പോരാടിയിരുന്നവര്‍ എല്ലാവരും അധികാരത്തിന്റെ അപ്പക്കഷണം രുചിക്കാന്‍ തങ്ങളുടെ മുന്നില്‍ തടസ്സമായി നില്‍ക്കുന്നത് ബിജെപി മാത്രമാണ് എന്ന വസ്തുത മനസ്സിലാക്കി. ഇടതുപക്ഷവും കോണ്‍ഗ്രസ്സുമുള്‍പ്പെടെ എല്ലാവരും ഒത്തുചേരുകയും ഒരു കോമാളിഭരണകൂടത്തെ തട്ടിക്കൂട്ടിയെടുക്കുകയും ചെയ്തു, ഐ.കെ. ഗുജ്‌റാള്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി.
ബിജെപിയോട് കോണ്‍ഗ്രസ്സോ ഇടതുപക്ഷമോ കാണിക്കുന്ന അസ്പൃശ്യതയല്ല വിവക്ഷ. പാര്‍ലമെന്ററി രാഷ്‌ട്രീയത്തിലും കക്ഷിരാഷ്‌ട്രീയത്തിലുമെല്ലാം ഏറിയോ കുറഞ്ഞോ അസ്പൃശ്യതയുണ്ടാവും എന്നതാണു വാസ്തവം. തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തകാലത്തും രാഷ്‌ട്രീയമായി രണ്ടു പ്രധാനകക്ഷികള്‍ അസ്പൃശ്യത കാണിക്കുന്നതിലും വലിയ തെറ്റു പറയാനാവില്ല. പറഞ്ഞുവന്നത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്ന ഒരേയൊരു അജണ്ടയാണ്, തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍, ഇടതുപക്ഷത്തിനുള്ളത്. അതിനുവേണ്ടി അവര്‍ ഏതു ചെറുകക്ഷികളുമായും യോജിക്കും, ഏത് അഴിമതിയും കണ്ടില്ലെന്നു നടിക്കും, ഏതളവു വരെയും പോവും, എന്ത് ആദര്‍ശവും ബലി കഴിക്കും. ഇടതുപക്ഷരാഷ്‌ട്രീയത്തിന്റ കാതല്‍, തത്ത്വത്തിലെങ്കിലും അതിന്റെ സാമ്പത്തികദര്‍ശനത്തില്‍ അധിഷ്ഠിതമാണ്. ആ സാമ്പത്തികദര്‍ശനത്തിന്റെ മറ്റേയറ്റത്തു നില്‍ക്കുന്ന, ഇടതുപക്ഷസാമ്പത്തികദര്‍ശനത്തിനു കടകവിരുദ്ധമായ, സാമ്പത്തികനയങ്ങളാണ് കോണ്‍ഗ്രസിന്റേത്. ഈ അടിസ്ഥാനപരമായ വൈരുദ്ധ്യത്തെപ്പോലും അവഗണിച്ച് എല്ലാ ആദര്‍ശങ്ങളും മറന്ന് ഇടതുപക്ഷവും കോണ്‍ഗ്രസ്സും പലവട്ടം ഒന്നുചേര്‍ന്നു.
അടുത്തിടെ കേരളത്തില്‍ ഉയര്‍ന്നുകേട്ട വിമര്‍ശനങ്ങളിലൊന്നിലേക്കു നോക്കൂ. ഏതു സംസ്ഥാനത്തും, സഭാംഗങ്ങള്‍ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ പോലും, അധികാരത്തിലേറാന്‍ ബിജെപി ശ്രമിക്കുന്നതിനെ ഇടതുപക്ഷചിന്തകരും എഴുത്തുകാരും രൂക്ഷമായി വിമര്‍ശിക്കുന്നു. ഒന്‍പതുമണിച്ചര്‍ച്ചക്കാരിലെ ഇടതുപക്ഷക്കാര്‍ അതു പറയുന്നു, ഫേസ്ബുക്കിലെ ഇടതുപക്ഷതാത്ത്വികാചര്യന്മാര്‍ അതു പറയുന്നു, കൂടെച്ചേര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കളും വാചകമടിക്കുന്നു. അമിത് ഷാ ചെയ്യുന്നത് രാഷ്‌ട്രീയധാര്‍മ്മികതയ്‌ക്കു നിരക്കുന്നതാണോ എന്ന ചോദ്യം വലിയ മുഴക്കത്തോടെ കമ്യൂണിസ്റ്റ് നേതാക്കളും താത്ത്വികരും തൊടുത്തുവിടുന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍വേണ്ടി വിരുദ്ധധ്രുവത്തില്‍ നില്‍ക്കുന്ന ഏതു ചെറുകക്ഷിയുമായും യോജിക്കാന്‍ മടിയില്ലാത്ത, എന്ത് അഴിമതിയും കണ്ടില്ലെന്നു നടിക്കുന്ന, ഏതളവുവരെയും പോവാന്‍ ലജ്ജയില്ലാത്ത, തങ്ങളുടെ സൈദ്ധാന്തികതയേയും ആദര്‍ശത്തെത്തന്നേയും ബലി കഴിക്കാന്‍ മടിയില്ലാത്ത, നികൃഷ്ടരാണ് ഈ ചോദ്യം തൊടുത്തുവിടുന്നത് എന്നതാണു കൗതുകകരം.
ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ‘ഏതറ്റം വരെയും പോകാന്‍ മടിയില്ല’ എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടെങ്കില്‍, അതേ നിലപാടിന്റെ മറുവശം ബിജെപിക്കും സ്വീകരിച്ചുകൂടേ? ഭരണത്തിലെത്താന്‍ ‘ഏതറ്റം വരെയും പോകാന്‍ മടിയില്ല’ എന്ന നിലപാടു ബിജെപി സ്വീകരിക്കുന്നതില്‍ എവിടെയാണു തെറ്റ് എന്നതാണു ചോദ്യം. ഈ ചോദ്യത്തെ ബിജെപി അനുഭാവികള്‍ കേരളം മുഴുവനും ഉയര്‍ത്തേണ്ട സമയമായി. അമിത് ഷായുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മാത്രം അധാര്‍മ്മികവും, സ്വന്തം സൈദ്ധാന്തികതയില്‍വരെ വെള്ളം ചേര്‍ക്കുന്ന ഇടതുപക്ഷതന്ത്രങ്ങള്‍ ധാര്‍മ്മികവുമാകുന്നതിന്റെ യുക്തിയെന്താണ്? തങ്ങള്‍ക്കു മാത്രം ‘ഏതറ്റം വരെയും’ പോവാം എന്നും, ബിജെപിക്ക് അതായിക്കൂടാ എന്നും പറയുന്നതിലെ ഇരട്ടത്താപ്പ് പരിഹാസ്യമാണ്.
ഈ ഇരട്ടത്താപ്പ് സഖ്യങ്ങളിലോ തെരഞ്ഞെടുപ്പു തന്ത്രങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല. ത്രിപുരയില്‍ നിന്നു വന്ന വാര്‍ത്തകള്‍ നോക്കൂ.ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ചിത്രം ഷെയര്‍ ചെയ്യുന്നതും, അതിനെ ഇടതുപക്ഷക്കാരില്‍ ചിലര്‍ ബാമിയാന്‍ ബുദ്ധപ്രതിമ തകര്‍ക്കുന്നതുമായി താരതമ്യം ചെയ്യുന്നതും നോക്കൂ. ലെനിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെടുന്നത് ആദ്യമായല്ല. യുഎസ്എസ്ആറിന്റെ തകര്‍ച്ചയ്‌ക്കു ശേഷം തകര്‍ന്നു വീണ ലെനിന്‍ പ്രതിമകള്‍ക്കു കൈയും കണക്കുമില്ല. അസ്വാതന്ത്ര്യത്തിന്റെ, പട്ടിണിയുടെ, അടിച്ചമര്‍ത്തലിന്റെ, ഭരണകൂടഭീകരതയുടെ ഓര്‍മ്മകളാണ് യുഎസ്എസ്ആറിലെ ജനങ്ങളെക്കൊണ്ടതു ചെയ്യിച്ചത്. സമാനമായ കാരണങ്ങളായിരുന്നു ത്രിപുരയിലും ജനങ്ങളെക്കൊണ്ടത് ചെയ്യിച്ചത്. ലെനിന്റെ പ്രതിമകള്‍ തകര്‍ത്തവരോട് യുഎസ്എസ്ആറിലാണെങ്കിലും ത്രിപുരയിലാണെങ്കിലും– ‘ലെനിന്‍ വെറുമൊരു പ്രതിമയല്ല’ എന്നു പറഞ്ഞാല്‍ അവര്‍ കാലുമടക്കിത്തൊഴിക്കുകയേയുള്ളൂ.
ഭരണകൂടഭീകരതയേയും മുരടിപ്പിനെയും തൊഴിലില്ലായ്‌മയേയും പ്രതിനിധീകരിക്കുന്ന ഒരു ശിലയെ ബാമിയാന്‍ ബുദ്ധശിലകളുമായി താരതമ്യം ചെയ്യുന്ന വിഡ്ഢിത്തത്തിന്റെ ആഴം ആലോചിച്ചു നോക്കൂ! അധികാരലബ്ധിക്കുശേഷം പ്രതിമകളെയല്ല, ജീവസ്സുറ്റ മനുഷ്യരെത്തന്നെ യഥേഷ്ടം കൊന്നുരസിക്കുന്ന ഒരു രാഷ്‌ട്രീയകക്ഷിയും ആ കക്ഷിയുടെ കാലുനക്കുന്നവരും, ലെനിന്റെ പ്രതിമകള്‍ തകര്‍ക്കുന്നത് ഫാഷിസമാണ് എന്നു വിമര്‍ശിക്കുന്നതിലെ ഇരട്ടത്താപ്പ് ആലോചിച്ചു നോക്കൂ! ഇതെല്ലാം വിടൂ, ഗുജറാത്തില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റുപോയി എന്നു സങ്കല്‍പ്പിക്കൂ. അവിടെ വീര സവര്‍ക്കറിന്റെയോ ഗോള്‍വല്‍ക്കറിന്റെയോ പ്രതിമകള്‍ ചിലര്‍ തകര്‍ക്കുന്നു എന്നും വിചാരിക്കൂ. ഇനി, അങ്ങനെയൊരു രംഗം എത്ര ഊര്‍ജ്ജസ്വലതയോടെ, എത്ര സന്തോഷത്തോടെ, എത്ര ആഘോഷത്തോടെ മാദ്ധ്യമങ്ങളും ഇടതുപക്ഷക്ഷുദ്രജീവികളും ചിത്രീകരിക്കുമെന്നു വിചാരിച്ചു നോക്കൂ! എന്തെല്ലാം വിധത്തില്‍ അത് ആഘോഷിക്കപ്പെടുമായിരുന്നു! അതു ‘മതേതരത്വത്തിന്റെ വിജയമായും’ ‘ജനങ്ങളുടെ ആഹ്ലാദപ്രകടനമായും’ എത്രയെളുപ്പത്തില്‍ ചിത്രീകരിക്കപ്പെടുമായിരുന്നു! ആഘോഷിക്കപ്പെടുമായിരുന്ന (വാസ്തവത്തില്‍ ആഘോഷിക്കപ്പെടേണ്ട) ഒരു ചിത്രം എത്ര പ്രകോപനപരമായും എത്ര ക്ഷോഭത്തോടെയുമാണ് ഇന്ന് മാദ്ധ്യമങ്ങളും ഇടതുപക്ഷക്ഷുദ്രജീവികളും ചിത്രീകരിക്കുന്നതെന്നു നോക്കൂ!
ഈ ഇടതുപക്ഷക്ഷുദ്രരുടെ മറ്റൊരു രോദനം ബിജെപി വ്യാജ ചരിത്രം നിര്‍മ്മിക്കുന്നു എന്നാണ്. ഹിന്ദുത്വവും ഹിന്ദുത്വചരിത്രകാരന്മാരും ചരിത്രത്തെ വികലമാക്കുന്നു എന്നും വികൃതമാക്കുന്നു എന്നും ഇന്നോ ഇന്നലെയോ കേട്ടുതുടങ്ങിയതല്ല. ഇതിലെ ഇരട്ടത്താപ്പ് കണ്ണുതള്ളിക്കുന്നതാണ്.
















