എ കെ ജിദിനമാണിന്ന്. മണ്ണിനുവേണ്ടി എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഞാന്‍ ഇങ്ങനെ വായിക്കുന്നു;
‘കീരിത്തോട്ടില്‍ കുടിയിറക്കു നടക്കുന്നതായ വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ വ്യസനിച്ചു. അമരാവതി സത്യാഗ്രഹത്തിന്റെ അവസാനം നല്കിയ എല്ലാ ഉറപ്പുകളും ഗവണ്മെന്റ് അവഗണിക്കുകയാണ്. ജനങ്ങളാണതിന് മറുപടി പറയേണ്ടത്. പാര്‍ട്ടിയിലാണെങ്കില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുള്ള കാലം. ഞാന്‍ അമരാവതിയില്‍ ചെയ്തതിനെപ്പറ്റിപ്പോലും ചിലര്‍ക്കു തൃപ്തിയുണ്ടായിരുന്നില്ല. സമരവിരുദ്ധ സഖാക്കള്‍ക്ക് പ്രമാണിത്തം ഉള്ള കാലമായിരുന്നു അത്. ഞാന്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയോടാലോചിക്കാതെ വ്യക്തി പ്രഭാവത്തിനായി സ്വന്തം നിലയ്ക്കാണെന്നവര്‍ പ്രചരണം ആരംഭിച്ചിരുന്നു. അങ്ങനെ മാനസികമായി ഞാന്‍ വല്ലാതെ വിഷമിച്ചിരിക്കുന്ന കാലം. …….’
സമരവിരുദ്ധ നേതാക്കള്‍ എകെജിയെപ്പോലും വെറുതെ വിട്ടിട്ടില്ല. ആ പ്രമാണിത്തം ഇപ്പോള്‍ ഉച്ചാവസ്ഥയിലാണ്. എകെജിയുടെ സമരപാത പിന്തുടരുന്നവര് തുടര്‍ച്ചയായി ആക്ഷേപിക്കപ്പെടുന്നു. മാവോയിസ്റ്റുകളെന്നും തീവ്രവാദികളെന്നും അവര്‍ക്ക് വിളിപ്പേരു ചാര്‍ത്തുന്നു. സ്വന്തം പ്രദേശത്തിനപ്പുറമുള്ള സമരങ്ങളില്‍ ആര്‍ക്കെന്തു കാര്യമെന്ന് അട്ടഹസിക്കുന്നു. ‘പ്രോജക്റ്റുകള്‍ക്കു വേണ്ടിയുള്ള കുടിയൊഴിപ്പിക്കലുകള്‍ തോക്കും ലാത്തിയുമുപയോഗിച്ചു നടപ്പാക്കാമോ? പുനരധിവാസം ഉറപ്പാക്കാതെ ദേശീയ പുനരുദ്ധാരണം എങ്ങനെ സാധ്യമാവാനാണ്? എന്നെല്ലാമുള്ള എ കെ ജിയുടെ ചോദ്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ ദേശീയപാതയോരത്ത് മുഴങ്ങുന്നുണ്ട്.
പാര്‍ട്ടിയിലെ ആ പഴയ സമരവിരുദ്ധ പ്രമാണിമാരുടെ വംശം ഭരണചക്രം തിരിക്കുകയാണ്. അവര്‍ പുതുമുതലാളിത്തത്തോടുള്ള കൂറ് മൂടിവെയ്ക്കുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവത്ക്കരണത്തിന് സംസ്ഥാനത്തെ ദേശീയപാത ഒട്ടും വിമുഖത കാട്ടാതെ അവര്‍ വിട്ടുകൊടുക്കുന്നു. കേന്ദ്രവും ദേശീയപാതാ അതോറിറ്റിയും ബിഒടി മുതലാളിത്തവും ഒരു ചോദ്യംകൊണ്ടോ സമരംകൊണ്ടോ വേദനിച്ചുകൂടാത്ത പുണ്യനാമങ്ങളെന്ന് അവര്‍ മുട്ടു കുത്തുന്നു. അവരെ പ്രസാദിപ്പിക്കാന്‍ സഹോദരങ്ങളെ കണ്ണും കൈയും കെട്ടി ബലിപീഠത്തില്‍ കിടത്തുന്നു.
എകെജിയുടെ രാഷ്ട്രീയം ജനങ്ങളുടെ അതിജീവന സമരങ്ങളുടേതാണ്. അതു കമ്യൂണിസ്റ്റു പാര്‍ട്ടി നിലപാടായേ ജനം കണ്ടിട്ടുള്ളു. എന്നാലിപ്പോള്‍ എകെജിയുടെ സമരപാത സിപിഎം തള്ളിക്കളയുകയും വികസന വായ്ത്താരി മുഴക്കുകയും ചെയ്യുമ്പോള്‍ അമ്പരപ്പുണ്ടാകുന്നു. ഈ എ കെ ജിദിനം, എകെജിയുടെ പാര്‍ട്ടി എകെജിയെ തോല്‍പ്പിക്കുന്ന രാഷ്ട്രീയ സന്ദര്‍ഭത്തിലാണെന്നത് ദുഖകരമാണ്.
എകെജി സൂചിപ്പിച്ച പാര്‍ട്ടിയിലെ സമര വിരുദ്ധരായ സഖാക്കള്‍ കീഴാറ്റൂരില്‍ ദൂരങ്ങളില്‍നിന്നെത്തുന്ന എകെജിരാഷ്ട്രീയക്കാരെ തടയാന്‍ കാവല്‍മാടമൊരുക്കുകയാണ്. 24ന് അവരുടെ റൂട്ട്മാര്‍ച്ചുണ്ട്. വയലുകള്‍ കോര്‍പറേറ്റ് ചൂഷണത്തിന് നിക്ഷേപവസ്തുവാക്കാന്‍ നികത്തല്‍യാഗം വരികയായി. യാഗരക്ഷയ്ക്ക് കാവല്‍സേന തയ്യാര്‍!
അതിന്റെ പ്രചാരണാര്‍ത്ഥമാവാം കീഴാറ്റൂര്‍ സമര നേതാവ് സന്തോഷിന്റെ വീട് ഇന്നലെ അക്രമിക്കപ്പെട്ടത്. ആരാണ് അക്രമിച്ചതെന്ന് സിപിഎം കണ്ടെത്തും. കണ്ണൂരില്‍ അതിനുള്ള ശേഷി മറ്റാര്‍ക്കാണ്? അക്രമിക്കപ്പെടാനും ഒരു പക്ഷെ ടി പി ചന്ദ്രശേഖരനെപ്പോലെ വെട്ടി വീഴ്ത്തപ്പെടാനും ഒരിരകൂടി ചെന്നുപെടുന്നുവല്ലോ എന്ന് പൊതുസമൂഹമാകെ വേദനിക്കുന്നുണ്ട്. ഒന്നുകില്‍ പാര്‍ട്ടിക്കു കീഴ്പ്പെടുക അല്ലെങ്കില്‍ കൊല്ലപ്പെടുക എന്നു വിധിക്കാന്‍ ഏതു നീതിപീഠത്തെക്കാളും കരുത്തുള്ള വിധികര്‍ത്താക്കളുണ്ട്. ആത്മാഭിമാനമുള്ളവര്‍ അനിവാര്യമായ മരണം ഏറ്റുവാങ്ങും. അല്ലാത്തവര്‍ മധുരം നുണയാന്‍ മുട്ടിലിഴയും. മുട്ടിലിഴയുന്നവരുടെ നേതാക്കള്‍ക്ക് പോരാളികളുടെ നേതാവായ എകെജിയെ ഭയക്കാതെ തരമില്ല.
എകെജി പാര്‍ട്ടിയിലെ വലതുപക്ഷത്തെ ഒരിക്കല്‍ ഓര്‍മ്മിപ്പിച്ച എംഗല്‍സിന്റെ വചനം ഇപ്പോള്‍ പ്രസക്തമാകുന്നു. റിവിഷനിസ്റ്റുകളെ ചൂണ്ടി എംഗല്‍സ് മാര്‍ക്സിനോട് പറഞ്ഞ കാര്യമാണത്. ‘ഞാന്‍ ഭയങ്കര സര്‍പ്പങ്ങളെ വിതച്ചു, പക്ഷെ കൊയ്തത് പുഴുക്കളെയാണ്’ എന്ന് ആ മാന്യന്മാരോടു പറയൂ സഖാവേ. അതെ, നമുക്ക് കാതോര്‍ക്കാം, എ കെ ജി അങ്ങനെ പറയുന്നുണ്ടാവണം ഇന്നത്തെ നേതാക്കളോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: