കണ്ണൂര്‍: പി.ജയരാജനെതിരായ ക്വട്ടേഷന്‍ കഥ രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്താവനയില്‍ പറഞ്ഞു. ജയരാജനെതിരായ ക്വട്ടേഷന്‍ കഥയും തുടര്‍ന്നുള്ള വാര്‍ത്തകളും ദുരൂഹമാണ്. ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു വിഭാഗം പോലീസും സിപിഎം നേതൃത്വവും ബോധപൂര്‍വ്വം പടച്ചുണ്ടാക്കിയ കെട്ടുകഥമാത്രമാണ് പുതിയ ആരോപണം. ജില്ലയില്‍ സമാധാനശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന സമയത്ത് ആര്‍എസ്എസിനെ സമൂഹമധ്യത്തില്‍ കരിതേച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പോലീസിന് ലഭിച്ചുവെന്ന് പറയപ്പെടുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് എങ്ങിനെ മാധ്യമങ്ങളില്‍ വന്നു എന്നതും ആങ്കയുണ്ടാക്കുന്നതാണ്. സമാധാനം ഉറപ്പ് വരുത്തേണ്ട പോലീസ് തന്നെ സിപിഎമ്മിന്റെ ഗൂഢനീക്കങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
ജില്ലയിലെ ചില പ്രദേശങ്ങള്‍ ലക്ഷ്യം വെച്ചുള്ള റിപ്പോര്‍ട്ടുകളും സംശയാസ്പദമാണ്. സമീപകാലത്ത് സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തകര്‍ വ്യാപകമായി കൊഴിഞ്ഞ് പോകുന്ന പ്രദേശങ്ങളെ ലക്ഷ്യമിട്ട് കൂടിയാണ് പുതിയ ആരോപണം. നേതൃത്വത്തിന്റെ ഒത്താശയോടെ സിപിഎം സംഘങ്ങള്‍ ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുന്ന പ്രദേശങ്ങളാണിത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഇത്തരം പ്രദേശങ്ങളില്‍ അക്രമം വ്യാപിപ്പിക്കുക എന്ന ലക്ഷ്യം കൂടി പുതിയ ക്വട്ടേഷന്‍ കഥയ്‌ക്ക് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സമീപകാലത്ത് സിഎമ്മിനകത്തുണ്ടായ സംഘടനാപരമായ പ്രശ്‌നങ്ങളും സ്വയം മഹത്വവല്‍ക്കരിക്കുന്നതിന്റെ പേരില്‍ ജയരാജനെതിരായി സിപിഎം സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടായ നടപടികളും മറികടക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് പുതിയ കഥകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവും കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചതിന്റെയും പേരില്‍ പൊതുസമൂഹത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഎം രാഷ്‌ട്രീയ പുകമറസൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പുതിയ നാടകവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഭാരതം മുഴുവന്‍ സജീവസാന്നിധ്യമായ രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം-പോലീസ് കൂട്ടുകെട്ടിന്റെ നീക്കത്തെ ജനങ്ങള്‍ തള്ളിക്കളയണമെന്നും കെ.പ്രമോദ് ആവശ്യപ്പെട്ടു.
















