ഇപ്പോഴും മലിനീകരണം തന്നെയാണ് വലിയ വിഷയം. വീട്ടിലും നാട്ടിലും ആഗോള വ്യാപകമായും നടക്കുന്ന ചര്‍ച്ചയും മറ്റൊന്നല്ല. ഭൂമിയുടെ നിലനില്പുതന്നെ മലിനീകരണത്താല്‍ ആശങ്കയുണ്ടാക്കുന്നുവെന്നു നിശ്ചയമുണ്ടായിട്ടും മലിനീകരണം തഥൈവ.
മോഷ്ടാക്കള്‍ രാത്രിയില്‍ ആരോരുമറിയാതെ പമ്മിപ്പതുങ്ങി വരുംപോലെയാണ് രാത്രിയില്‍ നമ്മില്‍ പലരും ആരുമില്ലാത്ത വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും മാലിന്യം എറിഞ്ഞുകളഞ്ഞ് വണ്ടിയില്‍ രക്ഷപെടുന്നത്. വീട്ടിലേയും മറ്റും മാലിന്യങ്ങള്‍ വണ്ടിയില്‍ കൊണ്ടുപോയി ഇത്തരം സുരക്ഷിത താവളങ്ങളില്‍ നിക്ഷേപിക്കാന്‍ രാത്രിയാകാന്‍ കാത്തിരിക്കുകയാണ് ആള്ക്കാര്. ഇത്തരക്കാരെ കണ്ടുപിടിക്കാനും ശിക്ഷിക്കാനും എന്നപേരില്‍ നിരീക്ഷണക്യാമറകള്‍ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗുണമൊന്നുമില്ല.ഈ ക്യാമറ വില്‍ക്കുന്നവര്‍ക്കുമാത്രമാണ് ആകെയുള്ള ഗുണം.
പൊതുവിടങ്ങളില്‍ പറ്റിയില്ലെങ്കില്‍ അയല്‍വാസിയുടെ പറമ്പില്‍ തന്നെ മാലിന്യം നിക്ഷേപിച്ചെന്നു വരും. ഏതെങ്കിലുമൊരു പറമ്പ് ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കില്‍ അയല്ക്കാര്ക്കു വലിയ ആശ്വാസമായി.മാലിന്യം കളയാന്‍ മറ്റെങ്ങും പോകേണ്ട! നമ്മുടെ മാലിന്യം അയല്ക്കാരനുള്ളതാണെന്നാണ് വിശ്വാസം.ആധുനിക കാലത്ത് നല്ല ശമരിയാക്കാരനുണ്ടാകുന്നത് ഇങ്ങനെയായിരിക്കാം!
യഥാര്‍ഥ മലിനീകരണമുള്ളത് നമ്മുടെ മനസിലാണ്. മലിനീകരണ മനസുള്ളതുകൊണ്ടാണ് നമ്മുടെ വെയ്സ്റ്റ് അന്യന്റെ പറമ്പില്‍ നാം നിക്ഷേപിക്കുന്നത്. ഈ മനസ് മാറിയാല്‍ മലിനീകരണം കുറയും. ആവശ്യത്തില്‍ കൂടുതലായാണ് നമ്മളെന്തും വാങ്ങുന്നത്. അനാവശ്യമായി അധികം വിളമ്പി നമ്മള് നിത്യവും വെയ്സ്റ്റാക്കുന്നു. ഇങ്ങനെ മൂന്നും നാലും നേരം കുന്നുകൂടുന്നുണ്ട് വെയ്സ്റ്റുകള്.ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്തവരുണ്ടെന്നറിഞ്ഞു തന്നെയാണ് ഇത്തരം ബാക്കികള്‍ ഉണ്ടാകുന്നത്. അടുത്തകാലത്ത് കോളിളക്കമുണ്ടാക്കിയ മധുവിന്റെ മരണത്തെക്കുറിച്ച് മറക്കാറായിട്ടില്ല. വിശപ്പു ഭ്രാന്താണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം.അതുണ്ടാക്കുന്നതിനെക്കാള് വലിയ വിപ്ളവം മറ്റാന്നില്ല. കെ.ടി.മുഹമ്മദിന്റെ നാടകം സൃഷ്ടിയില്‍ നെഞ്ചില്‍ കൊളുത്തി വലിക്കുന്നൊരു സംഭാഷണമുണ്ട്. നിങ്ങളിവനെ കണ്ടില്ലെങ്കില്‍ നാളെ നിങ്ങളുടെ കലയും സംസ്ക്കാരവും മാത്രമല്ല നിങ്ങളുടെ തലപോലും ഇവന് ചുട്ടെരിച്ചു ചാമ്പലാക്കി തിന്നുകളയും. നാടകത്തിലെ വിശപ്പ് എന്ന കഥാപാത്രത്തെക്കുറിച്ച് നാടകകൃത്തു തന്നെപറയുന്ന ഈ വാക്കുകള്‍ ഉള്ളില്‍ തീകോരിയിടും.
തിന്ന് അര്‍മാദിച്ച് നാടുമുഴുവന്‍ വെയ്സ്റ്റാക്കി നടക്കുന്ന മലയാളിക്ക് മലിനീകരണത്തെക്കുറിച്ചു പിടികിട്ടില്ല. അതിനു മനസ് മാറണം.മലിനീകരണമില്ലാത്ത മനസുവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: