കോട്ടയം: കേരളത്തിലെ ടൂറിസം വികസനത്തിനു വേഗത പോരെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്രസര്‍ക്കാര്‍ കുമരകത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഐക്കോണിക് സെന്ററുകളെ പ്രഖ്യാപിച്ചപ്പോള്‍ കുമരകം ഉണ്ടായിരുന്നില്ല. പത്തില്‍ നിന്ന് രണ്ടു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോഴാണു കുമരകം ഇടംനേടിയത്. വേമ്പനാട്ട് കായലും മുഴുവന്‍ തീരപ്രദേശവും ഉള്‍പ്പെടുത്തിയാണു ടൂറിസം വളരേണ്ടത്. കുമരകത്തിന്റെ വികസനത്തിനായി പ്രോജക്ട് മാനേജ്‌മെന്റ് ടീം മാസ്റ്റര്‍പ്ലാന്‍ തയാറാക്കും. സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും സ്ഥലം നല്‍കിയാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കും.
വികസനത്തിന് കേന്ദ്രസര്‍ക്കാരിന് പണത്തിനു ക്ഷാമമില്ല. ഇവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഗുണകരമായ ടൂറിസമാണ് വളരേണ്ടത്. കേരളത്തിലെ ടൂറിസം സ്‌പോട്ടുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. കുമരകത്തിന്റെ വികസനത്തിനു തടസം പൊതുസ്ഥലങ്ങളുടെ അഭാവമാണ്.
മൂന്നാറിന്റെ വികസനത്തിനു ടാറ്റായില്‍ നിന്ന് ആയിരം ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതിനായി പണം ആവശ്യമെങ്കില്‍ നല്‍കണം. ഗ്രാമീണമേഖലയിലെ വികസനത്തിലൂടെയേ ടൂറിസം വികസിക്കുകയുള്ളെന്നും കണ്ണന്താനം പറഞ്ഞു.
















