കുരുക്ഷേത്ര യുദ്ധം അവസാനിച്ച രാത്രിയില്‍, ഉറങ്ങിക്കിടന്ന പാണ്ഡവപ്പടയെ കൂടാരം ആക്രമിച്ച് കൂട്ടക്കൊല ചെയ്ത അശ്വത്ഥാമാവ് പകയുടെ മൂര്‍ത്തിമദ്ഭാവമാണ്. ചിരംജീവിയുമാണ്. യുദ്ധനീതിയുടെ സര്‍വ അതിര്‍വരമ്പുകളും ലംഘിച്ച ചതിയായിരുന്നു അത്. പകയ്‌ക്കും അതിര്‍വരമ്പില്ലല്ലോ.
പാണ്ഡവരായിരുന്നു അശ്വത്ഥാമാവിന്റെ ലക്ഷ്യം . പക്ഷേ, അവര്‍ കൂടാരത്തിലുണ്ടായിരുന്നില്ല. എങ്കിലും, പാണ്ഡവരുടെ മക്കളായ അഞ്ചു പാഞ്ചാലീ പുത്രന്മാരും കൊല്ലപ്പെട്ടു.
പാണ്ഡവരുടെ വംശനാശമായി പിന്നെ ലക്ഷ്യം. അതിനാണ് അര്‍ജുനന്റെ പുത്രന്‍ അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗര്‍ഭത്തിലേക്ക് ബ്രഹ്മാസ്ത്രം തിരിച്ചുവിട്ടത്.
അര്‍ജുനനും അശ്വത്ഥാമാവും പരസ്പരം അയച്ച ബ്രഹ്മാസ്ത്രങ്ങള്‍ കൂട്ടിമുട്ടി സര്‍വനാശം സംഭവിക്കാതിരിക്കാന്‍, അവ പിന്‍വലിക്കാന്‍ ഇരുവരോടും വേദവ്യാസന്‍ ആവശ്യപ്പെട്ടു. അര്‍ജുനന്‍ അനുസരിച്ചു. അശ്വത്ഥാമാവു തയ്യാറായില്ല. അയച്ച അസ്ത്രം പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നായിരുന്നു നിലപാട്. എങ്കില്‍ അസ്ത്രത്തെ വഴിതിരിച്ചുവിടാന്‍ വ്യാസന്‍ നിര്‍ദേശിച്ചു. തിരിച്ചുവിട്ടു, ഉത്തരയുടെ ഗര്‍ഭത്തിലേക്ക്. അഭിമന്യു യുദ്ധത്തില്‍ മരിച്ചിരുന്നു. ഈ ഗര്‍ഭസ്ഥ ശിശുവിനെക്കൂടി ഇല്ലാതാക്കിയാല്‍ പാണ്ഡവരുടെ വംശം കുറ്റിയറ്റുപോകും. അതായിരുന്നു ലക്ഷ്യം.
പകയുടെ പ്രതീകമായി തലമുറകളിലൂടെ ഇന്നും ജീവിക്കുന്ന അശ്വത്ഥാമാവ് കഴിഞ്ഞ ദിവസം കണ്ണൂരിലെ കീഴാറ്റൂരില്‍ അവതരിച്ചു. അവിടെ സമരം ചെയ്ത വയല്‍ക്കിളികളുടെ പന്തലടക്കം ആക്രമിച്ച് തീയിട്ടു ചുട്ടു. പാണ്ഡവരുടെ കൂടാരമാണെന്നു ധരിച്ചിട്ടുണ്ടാകും …!
കുരുക്ഷേത്രത്തില്‍ സഹായികളായുണ്ടായിരുന്ന കൃപാചാര്യരുടെയും മറ്റും സ്ഥാനത്ത് ഇവിടെ പോലീസുണ്ടായിരുന്നു.
ആഴ്ചകള്‍ മുന്‍പാണ് കോഴിക്കോട്ടെ കോടഞ്ചേരിയില്‍ ഈ പ്രതിഭാസം അവതരിച്ചത്. തേനംകുഴിയില്‍ സിബിയുടെ ഭാര്യ ജ്യോത്സ്നയെന്ന പാവം ഗര്‍ഭിണിയുടെ ഉദരത്തിലേക്കു ബ്രഹ്മാസ്ത്രമല്ല, കാല്‍പ്പാദമാണു പ്രയോഗിച്ചത്. നാലുമാസം പ്രായമായ കുഞ്ഞാണ് പകയ്‌ക്ക് ഇരയായത്. മെയ്യൂക്കിന്റേയും അധികാരബലത്തിന്റെയും കരുത്തുള്ള ചവിട്ടിനെ ചെറുക്കാന്‍ സ്വന്തം അമ്മയുടെ ഉദരത്തിന്റെ കവചമേ ആ കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. അതു മതിയാകുമായിരുന്നുമില്ല. ഒറ്റച്ചവിട്ടില്‍ എല്ലാം കഴിഞ്ഞു-പിറക്കാനിരുന്ന കുഞ്ഞിന്റെ ഭാവിയും അവനേപ്രതി അച്ഛനമ്മമാര്‍ നെയ്തിരുന്ന സ്വപ്നങ്ങളും.
അശ്വത്ഥാമാവ് ഒരു പ്രതീകമാണല്ലോ. ഒരിക്കലും അടങ്ങാത്ത പകയുടെ പ്രതീകം. സമൂഹത്തില്‍ പല രൂപത്തിലും ഭാവത്തിലും അതു പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. വ്യക്തിയായല്ല, സംഘങ്ങളായിത്തന്നെ.
മുന്‍പ് എം.വി. രാഘവനോടുള്ള പകയുടെ പേരില്‍ പാപ്പിനിശ്ശേരി പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തിലെ പാമ്പുകളെപ്പോലും ചുട്ടുകൊന്ന ചരിത്രമുണ്ട് അത്തരം സംഘത്തിന്. രാജവെമ്പാലയും മൂര്‍ഖനും അണലിയും ചീറ്റുന്ന വിഷത്തേക്കാള്‍ ശക്തി മനുഷ്യന്റെ പകയുടെ വിഷത്തിനുണ്ടെന്ന് അന്നു ബോധ്യമായി. അവിടത്തെ അന്തേവാസികളായിരുന്ന കുരങ്ങന്മാരേയും ഉടുമ്പിനേയും മുതലകളേയും ഒന്നും അവര്‍ വെറുതെ വിട്ടില്ല. മുനുഷ്യന്റെ ആ ക്രൂരത കണ്ട് വിറങ്ങലിച്ചു കൂട്ടില്‍ പകച്ചുനില്‍ക്കുന്ന ഒരു കുരങ്ങന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നത് ഓര്‍മയില്‍ നിന്നു മറഞ്ഞിട്ടില്ല.
അവിടെ അവതരിച്ച അശ്വത്ഥാമാവു തന്നെയായിരിക്കണം പിന്നീട് കണ്ണൂരില്‍ ഒരു സ്‌കൂളിലെ ക്ളാസ് മുറിയില്‍ ജയകൃഷ്ണന്‍ എന്നൊരു അധ്യാപകനു മുന്നില്‍ അവതരിച്ചത്. അതല്ലെങ്കില്‍, കുട്ടികളുടെ മുന്നിലിട്ട് ഒരു അധ്യാപകനെ അത്ര ഭീകരമായി വെട്ടിക്കൊല്ലാന്‍ ആര്‍ക്കാണു കഴിയുക! ഇളംതലമുറയുടെ മനസ്സിലേക്കും മസ്തിഷ്‌കത്തിലേക്കും കൂടി ഈ ക്രൂരതയുടെ മുഖം തേച്ചുപിടിപ്പിക്കുകയായിരുന്നു ആ സംഭവത്തിലൂടെ. ടി.പി. ചന്ദ്രശേഖരന്‍ എന്ന ശത്രുവിനു മുന്നില്‍ 51 വെട്ടുകളായി അവതരിച്ച ആ പ്രതിഭാസം തന്നെയാവും മട്ടന്നൂരില്‍ ഷുഹൈബ് എന്ന യുവാവിനെ 37 വെട്ടുവെട്ടി കൊലവിളി നടത്തിയത്. കതിരൂരിലെ മനോജും നാദാപുരത്തെ ഷുക്കൂറും വളപട്ടണത്തെ മുഹമ്മദും തലശ്ശേരിയിലെ ഫസലും എല്ലാം ആ പകപോക്കലില്‍ പൊലിഞ്ഞവര്‍ തന്നെ. പാലക്കാട്ട് ഒരു അമ്മയും മകളും കത്തിയമര്‍ന്നതും ഇതേ പകയുടെ തീയിലായിരിക്കണം.
അഞ്ചു പുത്രന്മാരെ നഷ്ടപ്പെട്ട പാഞ്ചാലിയുടെ വിലാപമാണ് ഇന്നു കോടഞ്ചേരിയിലെ ജ്യോസ്നയെപ്പോലുള്ളവരിലൂടെ കേള്‍ക്കുന്നത്. തലമുറകള്‍ ഏറെ കഴിഞ്ഞെങ്കിലും അതിനു മാറ്റമൊന്നുമില്ല. പുത്രദുഖത്തിന്റെ വിലാപമാണത്. പാപ്പിനിശ്ശേരിയില്‍ കൂടിന്റെ അഴികള്‍ക്കിടയിലൂടെ പകച്ചുനോക്കിയ ആ മിണ്ടാപ്രാണിയുടെ മുഖത്തെ ഭീതിയാണ് ഇന്നു സമൂഹത്തിലെ സാധാരണക്കാരുടെ മുഖത്തും. അടുത്തതു താനാകുമോ എന്ന പേടി. എന്തു ചെയ്യാം, അശ്വത്ഥാമാവു മരിച്ചിട്ടില്ല…! മനസ്സില്‍നിന്നു തുളുമ്പുന്ന പകയുടേയും നെറ്റിയിലെ പുണ്ണില്‍നിന്ന് ഒഴുകുന്ന പഴുപ്പിന്റെയും ചലത്തിന്റേയും ദുര്‍ഗന്ധവും പേറി, സമൂഹത്തിനു ശാപമായി അലഞ്ഞുകൊണ്ടേയിരിക്കും.
















