1193 കുംഭത്തിലെ തിരുവോണം നാളിൽ ചെമ്പട്ടു വിരിച്ച് വ്രതവിശുദ്ധിയോടെ കൊടുങ്ങല്ലൂരിൽ കോഴിക്കല്ല് മൂടി. ആചാരപ്രകാരം കോഴികളെ സമർപ്പിച്ചു. ഒരു പത്തൻപതു വർഷം മുൻപ് ഇതായിരുന്നില്ല രീതി. സമർപ്പിക്കുന്ന കോഴികളെ വെട്ടും. ഇന്നത് അനുവദിക്കില്ല. ജന്തുബലി നിരോധനത്തിന്റെ ഭാഗമായി അതു നിരോധിച്ചു. എന്നിട്ടും സമൂഹത്തിൽ ജന്തുബലി അവസാനിച്ചോ? ചുറ്റിലും നിറയെ ‘കോഴിക്കടകൾ’. ഇന്നിപ്പോൾ അമ്പലത്തിലൊഴികെ എല്ലായിടത്തും കോഴിവെട്ടാണു. ഭക്ഷണത്തിന്റെ പേരിൽ ആ ഹിംസയെ നിങ്ങൾ ന്യായീകരിക്കും. പക്ഷെ അതും ജന്തുബലി തന്നെ. മറ്റ് ഭക്ഷണം ലഭിക്കാതിരിക്കുമ്പോൾ മൃഗങ്ങളെ കൊന്നുതിന്നാൽപ്പോരെ? ഇന്ത്യയിലിന്നു ഭക്ഷണസമൃദ്ധിയുണ്ട്. പിന്നെ നാടൊട്ടുക്ക് ‘കോഴിവെട്ടിന്റെ ആവശ്യമുണ്ടോ?’.
കൊടുങ്ങല്ലൂരിൽ കോഴികളെ സമർപ്പിച്ചിരുന്നതും ബലിയർപ്പിച്ചിരുന്നതും കൃഷിയും മറ്റുപണികളും ചെയ്തിരുന്ന സാധാരണക്കാരായിരുന്നു. ബലിശേഷമായി കിട്ടിയിരുന്ന കോഴിയിറച്ചി അവർ അമൃതുപോലെ ഭക്ഷിച്ചു. ആണ്ടിലൊരിക്കലുള്ള ആഡംബരമാണത്. അതിനേ അവർക്കു കഴിയു. ഇന്നു നിങ്ങൾ എല്ലാദിവസവും കോഴിയെ തിന്നുന്നു. നിങ്ങളെപ്പോലെ അന്നവർക്കു അതിനു പാങ്ങില്ലായിരുന്നു. അവർ ആശപൂർത്തീകരിച്ചിരുന്നത് ആണ്ടിലൊരിക്കൽ ദേവിക്കു സമർപ്പിക്കുന്ന കോഴിയെ കഴിച്ചുകൊണ്ടാണു. ദേവീ പ്രീതിയെന്ന മനോബലം അവരെ രോഗങ്ങളിൽ നിന്നും ഒഴിച്ചു നിർത്തി. ഇന്നു നിങ്ങൾ ശാസ്ത്രീയമായി കോഴിയെക്കഴിച്ച് രോഗികളാകുന്നു.
മൃഗബലി നിരോധനം പുരോഗമനപരമായിരിക്കാം. പക്ഷെ അതു പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിനു നേർക്കുള്ള കയ്യേറ്റമായിപ്പോയി. നിങ്ങൾ നിങ്ങളുടെ മാത്രം നീതിവച്ചു എല്ലാം തീരുമാനിച്ചു. അവരെക്കേട്ടില്ല. എന്തൊരു അസഹിഷ്ണുതതയാണത്. തിരുവിതാംകൂറിൽ ‘ക്ഷേത്രപ്രവേശനം’ അനുവദിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്കു മുൻപേ ദളിതർക്കും, പിന്നാക്കക്കാർക്കും, നായന്മാർക്കുമൊക്കെ കൊടുങ്ങല്ലൂരിൽ പ്രവേശനമുണ്ടായിരുന്നു.
വർഷത്തിൽ 27 ദിവസത്തെ പൂജകൾ നടത്തുന്നത് അവരാണു. അതിന്റെ ഭാഗമായി അവർ ആടുകയും, പാടുകയും, മാംസം ഭക്ഷിക്കുകയും ചെയ്തിട്ടുണ്ടാവും. അതിനെ മനുഷ്യസാധാരണമായി നിങ്ങൾ കണ്ടില്ല. ഇക്കാലത്തിരുന്നു ചിന്തിച്ച് മതമെന്നും പ്രാകൃതമെന്നുമൊക്കെ മുദ്രകുത്തി. നിരോധിച്ചു. പക്ഷെ ഒന്നോർക്കണം ഇന്നത്തേക്കാൾ ജാതിയും, മതവും, സംസ്കാരവും സങ്കുചിതമായ കാലത്താണു അവർക്കു ആ അവകാശമുണ്ടായിരുന്നത്! അതിന്റെ പിന്നിൽ ഒരു ലോജിക് ഉണ്ടാവില്ലെ? അവർ അന്നു ചെയ്തതൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും, ഭക്ഷണസ്വാതന്ത്ര്യത്തിന്റെയും, പൊളിറ്റിക്കൽ കറക്റ്റനെസ്സിന്റെയുമൊക്കെ പേരിൽ ഇന്നു നിങ്ങൾ ചെയ്യുമ്പോൾ കുഴപ്പമില്ല.
എന്തൊരു വല്ലാത്ത ന്യായം? അന്നു മനം നൊന്തവർ പ്രാകിക്കാണും. അതാണു വെട്ടും തെറിയുമൊക്കെ ഇന്നു അമ്പലത്തിനു പുറത്തു സമൂഹത്തിൽ വ്യാപകമായിരിക്കുന്നത്. ഒരു പക്ഷെ കൊടുങ്ങല്ലൂരിൽ പാരമ്പര്യം തുടരാൻ അനുവദിച്ചിരുന്നെങ്കിൽ സമൂഹം ഇതുപോലെ വഷളാകുമായിരുന്നില്ല. എല്ലാ ടെൽഷനുകളും ഒരു ഉത്സവകാലം കൊണ്ട് തീർന്നേനെ. ഇന്നിപ്പോൾ 365 ദിവസും കോഴിവെട്ടും കൊടുങ്ങല്ലൂർ ഭരണിയുമാണല്ലോ. എല്ലാവർക്കും സന്തോഷമായിക്കാണുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: