കൊച്ചി: ഹൈക്കോടതിയില്‍ പുതിയ ജഡ്ജിമാരായി നിയമിക്കേണ്ടവരുടെ ശുപാര്‍ശപ്പട്ടികയില്‍ സിപിഎം നോമിനികളെയും ജഡ്ജിമാരുടെ ബന്ധുക്കളെയും കുത്തിനിറച്ചതായി ആക്ഷേപം. അഡ്വക്കേറ്റ് ജനറലിന്റെ മരുമകന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ എന്നിവരാണ് പട്ടികയിലെ സിപിഎം നോമിനികള്‍. അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി ഒളിവില്‍ കഴിഞ്ഞിരുന്നത് സ്റ്റാന്‍ഡിങ് കോണ്‍സലിന്റെ തറവാട്ടിലായിരുന്നു.
ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ പട്ടികയിലെ ഒരാള്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ അടുത്ത ബന്ധുവാണ്. ഒരു മുന്‍ ജഡ്ജിയുടെ അനന്തിരവനും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച മറ്റൊരു ജഡ്ജിയുടെ മരുമകനാണ് പട്ടികയിലെ മറ്റൊരാള്‍. ഇദ്ദേഹത്തിന്റെ പിതാവിനൊപ്പമാണ് നിലവിലെ ഒരു സുപ്രീം കോടതി ജഡ്ജി പ്രാക്ടീസ് ആരംഭിച്ചത്.
47 ജഡ്ജിമാരാണ് ഹൈക്കോടതിയില്‍ ഉള്ളത്. നിലവില്‍ ഒന്‍പത് ഒഴിവ് നിലവിലുണ്ടെങ്കിലും ഏഴ് പേരുകള്‍ മാത്രമാണ് നിയമനത്തിനു ശുപാര്‍ശ ചെയ്യാന്‍ അധികാരമുള്ള ജഡ്ജിമാരടങ്ങുന്ന സമിതിയായ കൊളീജിയം അയച്ചിരിക്കുന്നത്. ഒന്‍പത് വര്‍ഷത്തിനിടയില്‍ പട്ടികജാതി-വര്‍ഗ്ഗവിഭാഗത്തില്‍ നിന്ന് ഒരാളെപ്പോലും കൊളീജിയം ശുപാര്‍ശ ചെയ്യുകയോ നിയമിക്കുകയോ ചെയ്തിട്ടില്ല.
പട്ടിക തയാറാക്കുന്നതിന് മൂന്ന് മാസം മുന്‍പെങ്കിലും കൊളീജിയത്തില്‍ അംഗങ്ങളായിരിക്കണം എന്ന ചട്ടം ലംഘിച്ചാണ് കൊളീജിയം വിളിച്ചു കൂട്ടി പട്ടിക തയാറാക്കിയത്. ഇത് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊളീജിയത്തിലെ അംഗങ്ങളായ രണ്ടുപേര്‍ മെയ് ആദ്യവാരം വിരമിക്കും.
ഏറെക്കാലങ്ങളായി ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞവരെ തെരഞ്ഞു പിടിച്ചു ശുപാര്‍ശ ചെയ്യുന്ന പതിവും ഉണ്ടത്രേ. പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇവര്‍ കൊളീജിയം അംഗങ്ങളായി ഇതേ മതവിഭാഗത്തില്‍പ്പെട്ടവരെ ജഡ്ജിമാരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
















