ഇതുവരെ ചെയ്തതിനും ഇനി ചെയ്യാന്‍ പോകുന്നതിനും ചേര്‍ത്ത് ‘പിഴ, എന്റെ പിഴ, എന്റെ മാത്രം പിഴ’ എന്നു പറഞ്ഞ് മാപ്പപേക്ഷിക്കാന്‍ ഒരുങ്ങിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാവിയെന്ത്? എഎപി എന്ന ആം ആദ്മി പാര്‍ട്ടിയുടെ ഭാവിയെന്ത്? ഇതിനുത്തരം തേടുന്നതിനേക്കാള്‍ എളുപ്പം എഎപിയെ വിശ്വസിച്ച ആം ആദ്മിയുടെ (സാധാരണക്കാരന്റെ) ഭാവിയെന്ത്? കേരളത്തില്‍പോലും പ്രചാരണത്തൊപ്പി തലയിലും കുറ്റിച്ചൂല് കൈയിലുമേന്തി ഭരണം പിടിക്കാന്‍ ഇറങ്ങിയവരുടെ കാര്യം കഷ്ടമാകുമെന്നുറപ്പായി.
ആം ആദ്മി രാഷ്ട്രീയ പാര്ട്ടിയാകരുതെന്നു വിലക്കിയത് കേജ്രിവാളെന്ന ആരും അറിയാഞ്ഞയാള്ക്ക് അണികളെ ഉണ്ടാക്കിക്കൊടുത്ത അണ്ണാ ഹസാരെയാണ്. ഇനി കേജ്രിവാളുമായി ഒരു ബന്ധവുമില്ലെന്നുപറഞ്ഞ് പിരിഞ്ഞ ‘അണ്ണാഗുരു’വിന്റെ ശാപം കേജ്രിക്ക് കിട്ടിയിരിക്കണം. അതുകൊണ്ടാവാം തൊടുന്നതെല്ലാം പൊട്ടിപ്പൊളിയുന്നത്.
അകാലി ദള്‍ നേതാവ് ബിക്രം ജിത് സിങ്ങിനെതിരേ കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹി മുഖ്യമന്ത്രിയെന്ന നില മറന്ന് കേജ്രിവാള് ഉന്നയിച്ച ആരോപണങ്ങള്‍ വലുതായിരുന്നു. സിങ് മാനനഷ്ടക്കേസ് കൊടുത്തു. കുടുങ്ങുമെന്നായപ്പോള്‍ മാപ്പു പറഞ്ഞ് പിന്‍വലിയാന്‍ തയാറായിരിക്കുകയാണ് കേജ്രി. പഞ്ചാബില്‍ പാര്‍ട്ടിയുടെ നേതാക്കാള്‍ ഒന്നടങ്കം എഎപി വിടുന്നതിന്റെ തുടക്കത്തിലാണ്. ദല്‍ഹിയിലും നേതാക്കള്‍ പാര്‍ട്ടിവിടും. എഎപിയില്‍ പൊട്ടിത്തെറി ഉറപ്പാണ്. ഒപ്പം നിന്നവര്‍ ഒന്നൊന്നായി പോകുമ്പോള്‍ വിശ്വസിച്ചിറങ്ങിയ അണികള്‍ ഒന്നടങ്കമായിരിക്കും പോകുക. എഎപിയുടെ 21 എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമ്മീഷന് നടപടിക്കെതിരേ കൊടുത്തിരിക്കുന്ന അപ്പീലില്‍ സുപ്രീം കോടതി തീര്‍പ്പു കല്പ്പിച്ചാല് ദല്‍ഹിയില്‍ ഉപതെരഞ്ഞെടുപ്പാകും. അതോടെ എഎപിയുടെ കഥ കഴിഞ്ഞേക്കുമെന്നാണ് ഇപ്പോള്‍ പലര്‍ക്കും ആശക.
എഎപി സംസ്ഥാനത്ത് അധികാരത്തലിരിക്കെ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 270 സീറ്റുകളില്‍ ബിജെപി 180 സീറ്റ് നേടി വിജയിച്ചു. അതോടെ തുടങ്ങിയതാണ് കേജ്രിയുടെ പടിയിറക്കം. ഒടുവില്‍ സ്വന്തം ചീഫ് സെക്രട്ടറിയെ സ്വന്തം ഔദ്യോഗിക വസതിയില്‍ സ്വന്തം കണ്മുന്നില്വെച്ച് സ്വന്തം എംഎല്‍എമാരെക്കൊണ്ട് തല്ലിച്ച മുഖ്യമന്ത്രിയുടെ ധാര്‍മ്മികതയും മാനുഷികതയും സാമൂഹ്യ പ്രതിബദ്ധതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
രാഷ്ട്രീയത്തില്‍ കടന്നു വന്നകാലത്ത് കേജ്രി ആര്‍ക്കും അയല്‍ക്കാരനെന്നു തോന്നിപ്പിച്ചു. കാക്കി ധരിച്ച് കഴുത്തില്‍ മഫ്ലര്ചുറ്റി ചുമച്ചും ശബ്ദമിടറിയും പക്ഷേ അഴിമതിക്കെതിരേ ആക്രോശിച്ചുമായിരുന്ന അരങ്ങേറ്റം. കോടിക്കണക്കിന് ജനങ്ങള്‍ അന്നത്തെ കോണ്‍ഗ്രസ് അഴിമതി-ധൂര്‍ത്ത് ഭരണത്തില്‍ പുതിയൊരു രാഷ്ട്രീയ-സംഘടനാ സങ്കല്‍പ്പം അവതരിപ്പിച്ച കേജ്രിവാളിനെ പിന്തുണച്ചു, അല്ല, ആരാധിച്ചു. പലരും കേജ്രിയെ രക്ഷകനായിക്കണ്ടു. സാധാരണക്കാരുടെ വയറ്റത്തടിച്ച വൈദ്യുതി നിരക്ക് വര്‍ദ്ധനയെ എതിര്‍ത്ത്, സ്ത്രീ സുരക്ഷയില്‍ പരാജയപ്പെടുന്ന സര്‍ക്കാര്‍ സംവിധാനത്തെ എതിര്‍ത്ത്, തലസ്ഥാനത്തെ ചാമ്പ്യനായി മാറി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുംമുമ്പേ കേജ്രിവാള് ജനനായകനായി. പക്ഷേ എഎപിക്ക് 2013 ലെ ദല്‍ഹി തെരഞ്ഞെടുപ്പില്‍ 27 സീറ്റേ കിട്ടിയുള്ളു. പക്ഷേ ബിജെപിയെ ഭരണത്തില്‍നിന്ന് മാറ്റി നിര്‍ത്താന്‍ കേജ്രി കോണ്‍ഗ്രസിന്റെ വാലായി. അവിടെ തുടങ്ങി ആദ്യത്തെ കാലിടറല്. 49 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന് ഇറങ്ങി. ദല്‍ഹി ജനതയില്‍ ഒരു നല്ല വിഭാഗത്തിന് അന്നേ തോന്നി ഈ അരാജകവാദി അപകടകാരിയും നിരുത്തരവാദിയുമാണെന്ന്. അങ്ങനെ തുടര്‍ന്നു വന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവര്‍ ദല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റും സമ്മാനിച്ചു.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കേജ്രിവാള് പിന്നെ കോമാളികളിയായിരുന്നു. നരേന്ദ്ര മോദിയെന്ന ദേശീയ നേതാവിനൊപ്പം തനിക്കും കിട്ടണം സ്ഥാനമെന്നായി മോഹം. മോദിക്കെതിരേ പരാതി, പരിഭവം, പരദൂഷണം നടത്തി. വാരാണസിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരേ മത്സരിച്ചു. ദല്‍ഹിയില്‍ പച്ചപിടിച്ചിട്ട് മതി മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പാര്‍ട്ടി വളര്‍ച്ചയെന്ന ഉപദേശങ്ങള്‍ മറികടന്നു. കൂട്ടത്തില്‍ കിട്ടിയവരെയെല്ലാം കൂട്ടി. പാര്‍ട്ടിയില്‍ സ്വയം ഹിറ്റ്ലറെക്കാള്‍ ഏകാധിപതിയായി. പല നേതാക്കളും പാര്‍ട്ടിവിട്ടു. പാര്‍ട്ടിയില്‍ സ്ത്രീപീഡകരും കള്ളന്മാരും കൊള്ളക്കാരും നേതാക്കളായി. കേജ്രി അവര്‍ക്കൊക്കെ സംരഷണം നല്കി. യോഗേന്ദ്ര യാദവ്, കിരണ്‍ ബേദി, അഡ്വ. ശാന്തി ഭൂഷണ് തുടങ്ങിയവര്‍ കേജ്രിയെ സഹിക്കാനാവാതെ എഎപി വിട്ടു.
അതിനിടെ ദല്‍ഹിയില്‍ വീണ്ടും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിക്ക് വന്‍ വിജയം കിട്ടിയെന്നത് വാസ്തവം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ വിജയം വോട്ടര്‍മാരുടെ എന്നത്തേയും ആനുകൂല്യമാണെന്ന് ധരിച്ച ബിജെപിക്ക് തെറ്റുകയായിരുന്നു. 2015-ല്‍ എഎപി അങ്ങനെ അധികാരത്തിലെത്തുകയായിരുന്നു. ഈ രണ്ടാം വരവാണ് കേജ്രിയെ നേരത്തേ പറഞ്ഞ നവഹിറ്റ്ലറാക്കിയത്.
ഭരണത്തിനു പകരം ക്ഷോഭത്തിന്റെ രാഷ്ട്രീയക്കാരനായി തുടരുകയായിരുന്നു കേജ്രി. വായില്തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. പ്രധാനമന്ത്രി തന്നെ കൊന്നുകളയുമെന്ന് മുഖ്യമന്ത്രി കേജ്രി പ്രസ്താവിച്ചപ്പോള്‍ പലരും ഈ നേതാവിന് പിരിയിളകിയെന്നുതന്നെ ശങ്കിച്ചു. ദല്‍ഹി മുഖ്യമന്ത്രിയാകാനല്ല, പ്രധാനമന്ത്രിയാകാനാണ് ഞാന്‍ ജനിച്ചതെന്നായി ഭാവം. പക്ഷേ,…
കോണ്‍ഗ്രസിന്റെ നഷ്ടം, രാഹുലിന്റെ പതനം ഒന്നും നേട്ടമാക്കാന്‍ എഎപിക്കായില്ല. പഞ്ചാബ് തെരഞ്ഞെടുപ്പ് വന്നപ്പോള്‍, വിദേശത്തുള്ള ഇന്ത്യക്കാര്‍ ഏറെ പ്രോത്സാഹിപ്പിച്ച് സഹായിച്ച എഎപി, ഏറ്റവും സഹായം പഞ്ചാബില്‍നിന്നുള്ള എന്ആര്ഐക്കാരില്നിന്നായിട്ടും അവിടെ കാര്യമായി നേടാന്‍ ശ്രമിച്ചില്ല. കൊക്കിലൊതുങ്ങുന്നതുകൊത്താന് നോക്കാതെ ഗോവയും പിടിക്കാനായിരുന്നു കേജ്രിയുടെ ശ്രമം. ഫലമോ ഗോവയും പഞ്ചാബും പോയി. മാത്രമോ, ദല്‍ഹി ഉപതെരഞ്ഞെടുപ്പിലും തോറ്റു. അത് സൂചനയായിരുന്നു. തൊട്ടു പിന്നാലെ വന്ന കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ എഎപി എട്ടുനിലയില്‍ പൊട്ടി. അത് എഎപിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയാണെന്ന് പല നേതാക്കള്‍ക്കും അറിയം, ഏറ്റവും നല്ലതുപോലെ കേജ്രിക്കും.
ഫെബ്രുവരി 14 ന് മൂന്നുവര്‍ഷം തികഞ്ഞ ഭരണത്തില്‍ കേജ്രിക്ക് പറയാന്‍ കാര്യമായി നേട്ടങ്ങളൊന്നുമില്ല. ചില ആശയങ്ങള്‍ അവതരിപ്പിച്ചതല്ലാതെ. ചീഫ് സെക്രട്ടറിയെ തല്ലി, സംസ്ഥാന ജീവനക്കാരെ ഒന്നടങ്കം പിണക്കി, അവര്‍ ഭരണകാര്യങ്ങളില്‍ വിട്ടു നില്ക്കുന്ന അവസ്ഥയില്‍, ഇതുവരെ ചെയ്തുകൂട്ടിയതെല്ലാം ഒന്നടങ്കം തിരിച്ചുകൊത്താന്‍ വരുന്നുവെന്ന ഭീതിയിലാണ് കേജ്രിവാള്. ബിക്രം ജിത് സിങ്ങിനോട് മാപ്പു ചോദിച്ചത് തുടക്കം മാത്രമാണ്. ഒരു വന്‍ പതനത്തിന്റെ അവസാന ഘട്ടത്തിന്റെ തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: