ആലപ്പുഴ: വേനല്‍ കടുത്തിട്ടും വ്യാപകമായ ശീതളപാനിയ വില്‍പ്പനയും കുടിവെള്ള കച്ചവടവും നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പിന് സംവിധാനമില്ല.
മുന്‍ വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനായി വഴിയോരങ്ങളിലെ ശീതളപാനീയങ്ങള്‍, സിപ്അപ്, വാഹനങ്ങളില്‍ വ്യക്തികള്‍ നടത്തുന്ന കുടിവെള്ള വില്‍പ്പന എന്നിവ പരിശോധിക്കാന്‍ ആരോഗ്യവകുപ്പു പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിരുന്നു.
എന്നാല്‍ ഇത്തവണ അത്തരം പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ കുറവാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിരത്തുകള്‍ക്കു സമീപം കുലുക്കി സര്‍ബത്ത്, തണ്ണിമത്തന്‍ ജൂസ് തുടങ്ങിയവയുടെ കച്ചവടം വ്യാപകമായി നടക്കുന്നുണ്ട്. ഇവരില്‍ പലരും ഉപയോഗിക്കുന്ന വെളളം പൂര്‍ണമായും അണുവിമുക്തമാണോയെന്ന് സംശയമുണ്ട്.
മാത്രമല്ല പാനീയങ്ങള്‍ തണുപ്പിക്കാനുപയോഗിക്കുന്ന ഐസിനെക്കുറിച്ചും പരാതികളും ഏറെയാണ്. ഗുണമേന്മയുളള ഐസിന് വിലകൂടുതലാണ്. അതിനാല്‍ മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഐസുപോലും ഇത്തരക്കാര്‍ ഉപയോഗിക്കുന്നതായി മുന്‍കാലങ്ങളില്‍ കണ്ടെത്തിയിരുന്നു.
കുട്ടനാടിന്റെ വിവിധ പഞ്ചായത്തുകളില്‍ സ്വകാര്യവാഹനങ്ങളില്‍ ഘടിപ്പിച്ച ടാങ്കുകളില്‍ വെളളംകൊണ്ടുവന്ന് വില്‍ക്കുന്നത് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന് പഞ്ചായത്തുകളില്‍ അഞ്ഞൂറ് ടാങ്കിലേറെ വെളളം ഇത്തരത്തില്‍ വിറ്റഴിക്കുന്നുണ്ട്.
കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളില്‍ ഒരു ലിറ്ററിന് 50-80 പൈസ നിരക്കിലാണ് ഈടാക്കുന്നതെങ്കില്‍ ജങ്കാര്‍ കടന്ന് ഇതേ വെളളം പുളിങ്കുന്ന് പഞ്ചായത്തില്‍ വിറ്റഴിക്കുന്നത് ഒരു രൂപയ്‌ക്കാണ്.
കോട്ടയം ജില്ലയിലെ തുരുത്തി, വാഴപ്പളളി, കുറിച്ചി, മലകുന്നം, ചിങ്ങവനം, പാത്താമുട്ടം തുടങ്ങിയ ഭാഗങ്ങളിലെ കിണറുകളില്‍ നിന്ന് ശേഖരിക്കുന്ന വെളളമാണ് വാഹനങ്ങളില്‍ കൊണ്ടുവന്ന് വില്‍ക്കുന്നത്.
ആവശ്യക്കാര്‍ ഏറിയതോടെ ഈ പ്രദേശങ്ങളിലെ കിണറുകളിലെ ജലത്തിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇത്തരത്തില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മയെക്കുറിച്ച് സംശയങ്ങളേറെയാണ്.
















