അട്ടപ്പാടി ആദിവാസി ഊരിലെ വിശന്നുവലഞ്ഞ വനവാസി യുവാവിനെ അടിച്ചുകൊന്നുകൊണ്ട് നമ്മുടെ സാംസ്കാരിക ‘ഗരിമ’ ലോകത്തിനു മുമ്പില്‍ കാണിച്ചുകൊടുത്ത ദൈവത്തിന്റെ സ്വന്തം നാട്ടുകാരാണല്ലോ നമ്മള്. അത് മനുഷ്യന് മനുഷ്യനുനേരെ നടത്തിയ ക്രൂരതയായിരുന്നെങ്കില് മ്ലേച്ഛമായ മറ്റൊരാചാരം വഴി ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമം തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ നടക്കാന്‍ പോകുന്നതായി വാര്‍ത്ത വന്നിരിക്കുന്നു. വിതുര ദേവിയോട് ശ്രീവൈദ്യനാഥ ക്ഷേത്രത്തിലെ മഹാഘോരകാളി യജ്ഞമാണ് മാനവികതയുടെ സാംസ്കാരിക രൂപത്തെ വട്ടംചുറ്റി എറിയുന്ന തരത്തിലുള്ള ചടങ്ങായി മാറിയിരിക്കുന്നത്. കാളി വിഗ്രഹത്തെ മനുഷ്യച്ചോരകൊണ്ട് കുളിപ്പിക്കുന്ന ചടങ്ങാണത്രെ അവിടെ നടക്കാന്‍ പോകുന്നത്. ഭക്തജനങ്ങളില്‍നിന്ന് ഇതിനായി സിറിഞ്ചുവഴി രക്തം ശേഖരിച്ചാണ് ഈ പ്രാകൃത ആചാരം നടക്കുന്നത്. നരബലി, മൃഗബലി, ഇരുമ്പുകൊളുത്ത് ശരീരത്തില്‍ കൊളുത്തിയുള്ള തൂക്കം, തെറിപ്പാട്ട് തുടങ്ങിയ അനാചാരങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ച കേരളത്തിലാണ് ഇത്തരമൊരു അസംബന്ധ ആചാരം നടക്കുന്നതെന്നത് ആരെയും ഞെട്ടിക്കുന്നതാണ്. രക്തം സ്വീകരിക്കുന്നതു സംബന്ധിച്ച് ക്ഷേത്രോത്സവ നോട്ടീസില്‍തന്നെ പറയുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം.
ഓരോ കാലത്ത് ഓരോ തരത്തിലുള്ള ആരാധനാരീതികള്‍ നടപ്പിലുണ്ടായിരിക്കാം. സ്ഥിതിഗതികളെക്കുറിച്ചുള്ള ധാരണയും അത് ഉണ്ടാക്കുന്ന പ്രത്യാഘാതവും പരിഗണിക്കാത്തതുകൊണ്ടാവാം അങ്ങനെയൊക്കെ വന്നത്. നവോത്ഥാനത്തിന്റെ പൊന്കിരണങ്ങള് ഉയര്‍ന്നുതുടങ്ങിയ ആദ്യകാലങ്ങളില്‍തന്നെ ഇതിനെതിരെ ശക്തമായ നീക്കങ്ങളുണ്ടായി. സംസ്കാരം അതിന്റെ രീതിവിന്യാസങ്ങളിലൂടെ മുന്നോട്ടു പോയപ്പോള്‍ ഇത്തരം പ്രാകൃത ആചാരങ്ങള്‍ക്ക് സ്ഥാനമില്ലാതായി. ദൈവസങ്കല്പ്പംതന്നെ മനുഷ്യന്റെ ഗുണാത്മകമായ വശത്തിന് പ്രാമുഖ്യം കൊടുക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ ശ്രീനാരായണഗുരുദേവനെ പോലെയുള്ളവരുടെ പരിശ്രമം ഇത്തരം അനാചാരങ്ങള്‍ക്കെതിരെ നെടുങ്കോട്ട തന്നെ തീര്‍ത്തു. അതിന്റെ കരുത്തും കരുതലും തിരിച്ചറിഞ്ഞ സമൂഹം ഒറ്റക്കെട്ടായി സംസ്കാരസമ്പന്നതയുടെ ശ്രീകോവിലുകളിലേക്ക് അടിവെച്ചു നീങ്ങി. അവരെയൊക്കെ സവര്‍ണമേധാവിത്വത്തിന്റെ കെട്ടുകാഴ്ച നടത്തുന്നവരായാണ് പുരോഗമനവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ വിലയിരുത്തിയത്.
എന്നാല്‍ അത്തരക്കാര്‍ പഞ്ചായത്തും ബ്ലോക്കും ഭരിക്കുന്ന ഒരു സ്ഥലത്തെ ക്ഷേത്രത്തിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന പ്രാകൃതാചാരം അരങ്ങേറുന്നതെന്നത് സമൂഹം ഗൗരവത്തോടെ കാണേണ്ടതല്ലേ? ക്ഷേത്രഭരണം കൈയടക്കാന്‍ സംസ്ഥാനമെങ്ങും തത്രപ്പെടുന്ന സിപിഎമ്മാണ് ക്ഷേത്രം നില്ക്കുന്ന പഞ്ചായത്ത് ഭരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വി.കെ. മധുവിന്റെ ജന്മഗ്രാമം കൂടിയാണിത്. അവിടത്തെ സ്വകാര്യക്ഷേത്രത്തില്‍ ഇത്തരമൊരാചാരം നടക്കുന്നതിനെതിരെ നേതാവോ പാര്‍ട്ടിയോ ചെറുവിരലനക്കിയിട്ടില്ല. സംഘപരിവാറിനെതിരെ നട്ടാല്‍ മുളയ്ക്കാത്ത പെരുംനുണകള്‍ എഴുന്നള്ളിച്ച് ആര്ത്തട്ടഹസിക്കുന്നവരാണ് ഇവിടെ നിശ്ശബ്ദ പിന്തുണ നല്കിയതെന്നതിലെ വൈരുദ്ധ്യം സമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രാകൃത രാഷ്ട്രീയ സംസ്കാരത്തിനൊപ്പം പോകുന്നതാണ് ഈ പ്രാകൃതത്വവും എന്നതുകൊണ്ടാവാമിത്. ചോരച്ചുവയില് മത്തരായ രാഷ്ട്രീയ നേതൃത്വത്തിന് ഇങ്ങനെയല്ലാതെ മറ്റെങ്ങനെ പെരുമാറാനാവും. ഏതായാലും ഹൈന്ദവസംഘടനകളും സാമൂഹികമാധ്യമങ്ങളും ഈ പ്രാകൃത ചടങ്ങിനെതിരെ പ്രതിഷേധത്തിന്റെ പോര്‍മുഖം തുറന്നതോടെ ചടങ്ങ് നടത്തരുതെന്ന് ബന്ധപ്പെട്ടവര്‍ക്ക് ദേവസ്വം മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇത്രകാലം ഇതിന് അരുനിന്നവര്‍ വാസ്തവത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ് മനുഷ്യസംസ്കാരം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അതോടൊപ്പം ഇത്തരം പ്രാകൃത ആചാരങ്ങളാണ് ഹൈന്ദവ സംസ്കാരം എന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമവും ഇതിന് പിന്നിലുണ്ടോ എന്നു സംശയിക്കണം. ആസുരിക ശക്തികളുടെ ലജ്ജാകരവും ഭീതിദവുമായ പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാനുള്ള ധൈര്യമാണ് ഹൈന്ദവസമൂഹത്തിന് എന്നുമുണ്ടാവേണ്ടത്. അത്തരം ജാഗ്രതയ്ക്കുള്ള അവസരമായി ഇതിനെ കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: