കൊച്ചി: ചലച്ചിത്ര അക്കാദമി നിരസിച്ച ചിത്രം സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് ജൂറിക്ക് മികച്ചത്. ദൃശ്യ വ്യക്തത ഇല്ലാത്തതിനാല്‍ കാണിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് തീയേറ്ററ്റില്‍ പ്രദര്‍ശിപിക്കേണ്ടെന്ന് നിര്‍മ്മാതാവ് നിശ്ചയിച്ച, പ്രേക്ഷകര്‍ കാണാത്ത ചിത്രത്തിന്റേത് മികച്ച സംവിധായകന്. ആരും കേട്ടിട്ടില്ലാത്ത, പാട്ടിന് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ്… പതിവുപോലെ വിവാദം, പക്ഷേ ‘ഭയാനകം.’ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിമര്‍ശന വിധേയമാകുന്നു.
കമല്‍ (കമാലുദ്ദീന്) അദ്ധ്യക്ഷനായ സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രവേശനം നിരസിച്ച ചിത്രമാണ് ‘ഒറ്റമുറി വെളിച്ചം’. പക്ഷേ, ടി.വി. ചന്ദ്രന് ജൂറിയായ അവാര്‍ഡ് സമിതിക്ക് ഒറ്റമുറി വെളിച്ചം മികച്ചത്.
മികച്ച സംവിധായകനുള്ള അവാര്‍ഡ് ലിജോ ജോസ് പല്ലിശ്ശേരിക്ക് നേടിക്കൊടുത്ത ചിത്രം ‘ഈ.മ.യൗ’ പ്രഥമ പ്രദര്‍ശനത്തില്‍ കണ്ട നിര്‍മ്മാതാവ് പറഞ്ഞു, ‘സ്ക്രീനില്‍ ഒന്നും കാണാനില്ല, ചിത്രം വീണ്ടും എടുത്തിട്ട് പ്രദര്‍ശിപ്പിച്ചാല്‍ മതി’യെന്ന്. ആര്‍ട്ട് സിനിമയുടെ സംവിധായകനായ ജോസ് പക്ഷേ അതിനു തയ്യാറായില്ല. സിനിമ ഇതുവരെ പൊതുജനങ്ങള്‍ക്ക് കാണാന്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പക്ഷേ മികച്ച സംവിധായകനുള്ള അവാര്‍ഡുണ്ട്.
ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തതിനെ അധികംപേരും അനുമോദിക്കുന്നു. മികച്ച നടിയായ പാര്‍വ്വതിക്ക് അവാര്‍ഡു നല്‍കുന്നതും അഭിനന്ദിക്കപ്പെടുന്നു. പക്ഷേ, ‘ടേക്കോഫി’ന് പകരം മികച്ച ജനപ്രിയ സിനിമ ‘രക്ഷാധികാരി ബിജു’വായതിനോട് വിയോജിപ്പാണ് ഏറെ. കളിക്കളങ്ങള്‍ ഇല്ലാതാകുന്നുവെന്നും കെട്ടിടങ്ങളും മാളുകളും അവിടം കയ്യേറുന്നുവെന്നും മറ്റുമുള്ള സന്ദേശം സാമൂഹ്യ പ്രസക്തിയുള്ള വിഷയം ആകാമെങ്കിലും ജനപ്രിയമാകേണ്ടിയിരുന്നത് ‘ടേക് ഓഫ്’ തന്നെയെന്ന പക്ഷമാണ് അധികം പേര്‍ക്കും.
അര്ജ്ജുനന് മാഷിന് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് കിട്ടി. പക്ഷേ, ‘ഭയാനകം’ സിനിമയിലെ പാട്ട് കേട്ടിട്ടുള്ളതാരാണ്. സിനിമ കാണാന്‍ കിട്ടിയിട്ടില്ല, യു ട്യൂബില്‍പോലും കേള്‍ക്കാനും കഴിഞ്ഞിട്ടില്ല. ‘അര്ജുനന് മാഷിനെ ആദരിച്ചതുതന്നെയല്ലേ’ എന്ന് പലരും സംശയം കൂറുന്നു.
മികച്ച പാട്ടെഴുത്തുകാരന് പ്രഭാവര്‍മ്മയാണ്. വര്‍മ്മ മികച്ച പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും ‘ക്ലിന്റ്’ എന്ന ചിത്രത്തിനെഴുതിയ ‘ഓളത്തിന് മേളത്തില്‍’ എന്ന പാട്ട് അവാര്‍ഡിന് അയോഗ്യം എന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പരിഗണനയാണ് അവാര്‍ഡിന് ആധാരം എന്നുവരെയാണ് പറച്ചില്.
‘ടേക്ക് ഓഫി’ന് അവാര്‍ഡ് കൊടുക്കാഞ്ഞതും, ഏറെ ചര്‍ച്ചയായ ‘സെക്സി ദുര്‍ഗ’യുടെ പേരുമാറ്റിയ ‘എസ്. ദുര്‍ഗ്ഗ’യെക്കുറിച്ച് പരാമര്‍ശം ഒന്നും ജൂറി നടത്താഞ്ഞതും രാഷ്ട്രീയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
‘ടേക് ഓഫ്’ സിനിമയുടെ പിന്നിലെ കഥയും സംഭവവും മുഴുവന്‍ നേട്ടമാകുന്നത് കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനാണ്. ഇന്ത്യന്‍ നഴ്സുമാരെ അതി സാഹസികമായി സിറിയയില്‍നിന്ന് രക്ഷിച്ചത് ലോക രാഷ്ട്രങ്ങള്‍ അഭിനന്ദിച്ച കാര്യമാണ്. അത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം മോദിക്ക് അനുകൂലമാക്കിയേക്കുമെന്ന് ആരെങ്കിലും ഭയന്നോ? ഇന്ത്യന്‍ നഴ്സുമാരെ തട്ടിക്കൊണ്ടു പോയ മുസ്ലിം ഭീകരരെ ചിത്രീകരിക്കുന്ന സിനിമയ്ക്കുള്ള അവാര്‍ഡ് ആരെയെങ്കിലുമൊക്കെ പിണക്കിയേക്കുമെന്ന് കരുതിയിട്ടുണ്ടാവുമോ.? അതുകൊണ്ടാവുമോ ‘ടേക് ഓഫ്’ ജനപ്രിയ സിനിമ ആകാഞ്ഞത്? പലരും സംശയിക്കുകയാണ്.
‘എസ്. ദുര്‍ഗ്ഗ’ യെക്കുറിച്ച് പരാമര്‍ശിക്കുന്നതുവഴി ഇനിയും കൂടുതല്‍ ആരെയും പിണക്കേണ്ടെന്ന നിര്‍ദ്ദേശം ആരെങ്കിലും ജൂറിക്ക് നല്കിയിരിക്കുമോ? മതേതരത്വത്തിന്റെ വര്‍ഗ്ഗീയക്കളിയിലേക്ക് സര്‍ക്കാര്‍ കളംമാറിച്ചവിട്ടുന്നുവോ?
ആകെക്കൂടി നോക്കുമ്പോള്‍ ഈ വര്‍ഷവും ചലച്ചിത്ര അവാര്‍ഡ് വിവാദ മുക്തമാകുന്നില്ല. സൂപ്പര്‍ താരങ്ങളുടെ ‘കുത്തിനു പിടിച്ച’ നടി പാര്‍വതിക്ക് ‘സമീറ’യുടെ പേരില്‍ കിട്ടിയ അവാര്‍ഡ്, ലോക വനിതാദിനത്തിലായത് തികച്ചും യാദൃശ്ചികമായിരിക്കാം. അതോ വനിതാ സിനിമാ പ്രവര്‍ത്തകരോടുള്ള ചിലരുടെ ഐക്യദാഢ്യമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: