കൊച്ചി: ഇന്ന് വനിതാ ദിനം. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ ഈ ചരിത്രം അറിയണം. സിനിമക്കഥയല്ല, ആദ്യമായി സിനിമ കാണാന്‍ സിനിമാ ടാക്കീസില്‍ ചെന്ന സ്ത്രീയെ പുരുഷന്മാര് തല്ലിയോടിച്ചു, തീര്‍ന്നില്ല, അവളെ ചവിട്ടിക്കൊന്നു. പാലക്കാട്ടെ നെന്മാറയിലായിരുന്നു സംഭവം.
സിനിമയില്‍ സ്ത്രീക്കൂട്ടായ്മയും സംഘടനയും മറ്റും വരുമ്പോള്‍ സിനിമ കാണുന്നതില്‍നിന്ന് സ്ത്രീകളെ വിലക്കിയ പുരുഷ മേധാവിത്വത്തിനെതിരേ പൊരുതി സ്വാമി നെന്മാറക്കാരനായിരുന്നു. നെന്മാറ സ്വാമി എന്നറിയപ്പെട്ടിരുന്ന നെന്മാറ ലക്ഷ്മണയ്യര്ക്ക് വേറേയുമുണ്ട് പ്രാധാന്യം, സിനിമാ റെപ്രസന്റേറ്റീവ് എന്ന പ്രയോഗം സംഭാവന ചെയ്തതും, നിര്‍മ്മാതാവും തീയേറ്റര്‍ ഉടമയും വിതരണക്കാരനും തമ്മിലുള്ള കരാര്‍ സംവിധാനം ആദ്യമായുണ്ടാക്കിയതും സ്വാമിയാണ്. സ്വാമിയെക്കുറിച്ച് സാജു ചേലങ്ങാട് എഴുതുന്നു…
” നെന്മാറ സ്വാമിയെന്ന നെന്മാറ ലക്ഷ്മണയ്യരെ സിനിമാ ലോകത്തിനറിയില്ല. ഇന്ന് നിര്‍മാതാവും തീയേറ്ററുടമയും വിതരണക്കാരനും തമ്മിലുണ്ടാക്കുന്ന കരാറുകളുടെ ശില്പി ഈ മനുഷ്യനാണ്. ബോംബേയില്‍ പോയി വാങ്ങിയ പ്രൊജക്ടറും ഫിലിം തുണ്ടുകളും വാടകയ്ക്ക് നല്കി മലയാളിയുടെ പ്രേക്ഷക മനസിനെ ദൃഡമാക്കി സ്വാമി. വാടകയ്ക്ക് നല്കുമ്പോള് സ്വാമിയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന നിബന്ധനകളില്‍നിന്ന് വലിയ വ്യത്യാസമില്ല ഇന്നുമുണ്ടാക്കുന്ന കരാറുകള്‍ക്ക്.
വാടക പിരിക്കാന്‍ അയക്കുന്ന തന്റെ ആളെ തിരിച്ചറിയാന്‍ സ്വാമി ഒരു കത്ത് നല്‍കും. ‘ഈ വരുന്നയാള്‍ എന്റെ റെപ്രസെന്റിറ്റീവ്’ എന്ന കത്തിലെ സ്വാമിയുടെ എഴുത്തില്‍ നിന്നാണ് ഫിലിം റെപ്രസെന്ററ്റീവ് എന്ന പ്രയോഗം ഉത്ഭവിച്ചത്.
ടൂറിങ്ങ് ടാക്കീസുകളുടെ കാലത്താണ് സ്വാമിയുടെ റെപ്രസെന്റിറ്റീവുകള് കേരളം മുഴുവന്‍ സഞ്ചരിച്ചതെന്ന് എന്റെഅച്ഛന്റെ പുസ്തകങ്ങളില്‍ പറയുന്നു. (ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന, അന്തരിച്ച, ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകനാണ് സാജു ചേലങ്ങാട്) സ്ഥിരം തീയേറ്ററുകള്‍ വന്നതോടെ ടൂറിങ്ങ് ടാക്കീസുകളുടെ കാലമവസാനിച്ചു.
അപ്പോള്‍ സ്വാമി പാലക്കാട്ടെ നെന്മാറയില് സൗദാംബിക തീയേറ്റര്‍ സ്ഥാപിച്ചു.
ആ സമയത്ത് നാട് ബ്രിട്ടീഷ് ആധിപത്യത്തിന് ചരമത്തുടി പാടാനുള്ള ഒരുക്കത്തിലായിരുന്നു. പക്ഷേ വനിതകള്‍ക്ക് കൊട്ടകയ്ക്കകത്ത് കയറാന്‍ അനുവാദമില്ലായിരന്നു. മലബാറിലെ പ്രേക്ഷക കുത്തക പുരുഷന്മാര്ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു.
ഒരിക്കല്‍ സ്വാമിയുടെ തീയേറ്ററില്‍ നെന്മാറയിലെ ഒരു യുവതി രണ്ടും കല്‍പ്പിച്ച് സിനിമ കാണാന്‍ വന്നു. അടങ്ങിയിരിക്കുമോ പുരുഷ വൃന്ദം. അവര്‍ ഒന്നടങ്കം അവളുടെ നേരെ ചീറിയടുത്തു. ഭയന്ന് കൊട്ടക വിട്ടോടിയ അവളെ അവര്‍ അടുത്ത പറമ്പിലിട്ട് ചവിട്ടിക്കൊന്നു.
സ്വാമിക്ക് അത് വലിയ ആഘാതമായി. ഈ അനീതിക്കെതിരെ പൊരുതാന്‍ അദ്ദേഹമുറച്ചു. സ്ത്രീകള്‍ക്ക് സിനിമ കാണാനുള്ള അവകാശത്തിനായി പ്രവര്‍ത്തനം തുടങ്ങാന്‍ രണ്ടാമതാലോചിക്കേണ്ടി വന്നില്ല അദ്ദേഹത്തിന്.
മലബാറിലെ തീയേറ്ററുടമകളെ നേരിട്ടുകണ്ട് ഇക്കാര്യത്തിനായി ബോധവല്‍ക്കരിച്ചു. ആദ്യമൊക്കെ അവര്‍ സ്വാമിയുടെ ആവശ്യത്തോടനുകൂലമായിരുന്നില്ല. കാരണം സമൂഹത്തിന്റെ പ്രത്യേകിച്ച് പുരുഷന്മാരുടെ ചൂടന്‍ പ്രതികരണത്തെ അവര്‍ ഭയന്നു. എങ്കിലും സ്വാമി പിന്മാറിയില്ല. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോഴുണ്ടാകുന്ന വരുമാന വര്‍ധനവും അത് സിനിമയ്ക്കുണ്ടാക്കുന്ന വളര്‍ച്ചയും അവരെ ബോധ്യപ്പെടുത്തുന്നതില്‍ സ്വാമി വിജയിച്ചു. അങ്ങനെ മലബാറിലെ കൊട്ടകകള്‍ സ്ത്രീ സമൂഹത്തിന് മുന്നില്‍ തുറക്കാന്‍ തുടങ്ങി. ആദ്യമൊക്കെയുണ്ടായ എതിര്‍പ്പ് ദിവസങ്ങള്‍ക്കകം അലിഞ്ഞില്ലാതായി.
പക്ഷേ ആരെങ്കിലും ഓര്‍ക്കുന്നുവോ നെന്മാറയില് ചവിട്ടേറ്റ് രക്തം തുപ്പി മരിച്ചവളെ അല്ലെങ്കില്‍ സ്ത്രീകള്‍ക്കായി സിനിമാ കൊട്ടകകള്‍ തുറക്കാന്‍ മുന്‍കൈ എടുത്തനെന്മാറ സ്വാമിയെ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: