കൊച്ചി: ത്രിപുരയില്‍ തോറ്റതിന് കോണ്‍ഗ്രസിനെ പഴിക്കുകയും ജയിച്ച ബിജെപിയെ ഭത്സിക്കുകയും ചെയ്യുന്ന സഖാക്കളോട് പഴയ സഖാക്കള്‍ ചോദിക്കുന്നു, ത്രിപുരയില്‍ ജയിക്കാന്‍ നിങ്ങള്‍ എന്തുചെയ്തു? സിപിഎമ്മിന്റെ കേന്ദ്രക്കറ്റി നേതാക്കള്‍, കേരള നേതാക്കള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി എല്ലാവരേയും കര്‍ശനമായി വിമര്‍ശിക്കുകയും മോദിയുടെ വിജയത്തെ പ്രശംസിക്കുകയുമാണ് മുന്‍ സഖാക്കളുടെ ശബ്ദമായ ജനശക്തി. വി.എസ്. അച്യുതനാന്ദനെ പിന്തുണച്ചതിന് സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവരുടെ പ്രസിദ്ധീകരണമാണിത്.
മുഖപ്രസംഗത്തിലാണ് വിമര്‍ശനം. ത്രിപുരയെ സിപിഎമ്മിന്റെ കരങ്ങളില്‍നിന്ന് എന്തുവില കൊടുത്തും മോചിപ്പിക്കുമെന്നു പ്രധാനമന്ത്രി തന്നെ വെല്ലുവിളിച്ചപ്പോള്‍ അതേറ്റെടുക്കാന്‍ ചങ്കൂറ്റം കാട്ടിയ ഏതെങ്കിലും സിപിഎം നേതാവ് ഇവിടെയുണ്ടോ? ജനശക്തി ചോദിക്കുന്നു. എല്ലാ വെല്ലുവിളികളും പാവപ്പെട്ട മണിക് സര്‍ക്കാരിന്റെ വ്യക്തിപ്രഭാവത്തിന്റെ തലയില്‍ കെട്ടിവച്ച്, തിന്നും കുടിച്ചും മുന്തിയ അതിഥിസല്‍ക്കാരങ്ങളിലും വിദേശയാത്രകളിലും വിനോദയാത്രകളിലും പങ്കുകൊണ്ടും സുഖസുഷുപ്തിയില്‍ കഴിയുകയായിരുന്നില്ലേ ദല്‍ഹിയില്‍ തമ്പടിച്ച സിപിഎം നേതൃത്വമെന്നാണ് ചോദിക്കുന്നത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുന്‍ സെക്രട്ടറിയും വിമര്‍ശിക്കപ്പെടുന്നതിങ്ങനെ: തെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തിലും പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും പരസ്പരം ചെളിവാരി എറിയുകയായിരുന്നു. ത്രിപുരയിലെ വോട്ടെടുപ്പ് അവര്‍ ഗൗരവമായി കണ്ടില്ല. മണിക് സര്‍ക്കാരിനെ വിജയിപ്പിക്കാന്‍ അവര്‍ക്കില്ലാത്ത എന്തു ബാധ്യതയാണു കോണ്‍ഗ്രസിനുള്ളത്? ത്രിപുര പൊതുതിരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രനേതൃത്വം എന്തു പങ്കാണു വഹിച്ചത്? എത്ര പൊളിറ്റ്ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണു ത്രിപുര സന്ദര്‍ശിച്ചു പ്രചാരണത്തിനു നേതൃത്വം നല്‍കിയത്? ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ബഹുജന സംഘടനകളുടെ ദേശീയ നേതാക്കളില്‍ ആരെങ്കിലും ത്രിപുരയില്‍ കാലുകുത്തിയോ? പശ്ചിമ ബംഗാളിലെ ഇടതുനേതാക്കളില്‍ ആരെങ്കിലും ത്രിപുര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചോ?
മുഖ്യമന്ത്രി പിണറായി വിജയനെ ജനശക്തി ‘പൊരിക്കുന്ന’തിങ്ങനെയാണ്: യൂറോപ്പിലും പശ്ചിമേഷ്യയിലും മറ്റും വിനോദസഞ്ചാരത്തിനു പോകുന്ന കേരള മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ഇന്ത്യയിലെ കൊച്ചു ത്രിപുര സന്ദര്‍ശിക്കണമെന്നു തോന്നിയില്ല? ‘ത്രിപുരയില്‍ പോകുന്നില്ലേ’ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ഫെയ്‌സ്ബുക്കില്‍ എഴുതാം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഫെയ്‌സ്ബുക്കില്‍ എഴുതിയാണോ ഇന്ത്യയില്‍ സിപിഎം തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്? കേരളത്തിലെ സിപിഎം മന്ത്രിമാര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ എത്രയെത്ര രാജ്യങ്ങളില്‍ എന്തെല്ലാം കാരണങ്ങളുണ്ടാക്കി ചുറ്റിക്കറങ്ങി? ത്രിപുര വരെ ഒന്നു പോകണമെന്നോ അവര്‍ക്കു വേണ്ടി രണ്ടു വാക്ക് സംസാരിക്കണമെന്നോ എന്തുകൊണ്ടു തോന്നിയില്ല?
പ്രധാനമന്ത്രി മോദിക്ക് ത്രിപുരയിലെ തിരഞ്ഞെടുപ്പു വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നതായി ജനശക്തി പറയുന്നു. വിമര്‍ശിച്ചുകൊണ്ട് മാസിക മോദിയെ പ്രശംസിക്കുന്നതിങ്ങനെയാണ്: ഏറ്റവും രാഷ്‌ട്രീയ പ്രബുദ്ധമെന്ന് ഊറ്റം കൊള്ളുന്നൊരു സംസ്ഥാനത്തെ, ഒരു തുള്ളി ചോര പോലും ചിന്താതെ, ജനാധിപത്യത്തിന്റെ മുഖംമൂടി അണിയിച്ച്, കാവി ഉടുപ്പിച്ചു സ്വന്തം കാല്‍ക്കീഴില്‍ കൊണ്ടുവയ്‌പ്പിക്കാന്‍ മോദിക്ക് അനായാസം കഴിഞ്ഞു.
















