കേരളം വഴിയോര കച്ചവടങ്ങളാല്‍ നിറയുകയാണ. നിര്‍ബന്ധിത നിര്‍മിതികളാല്‍ ഇല്ലാത്ത വഴിയോരങ്ങള്‍ ജന്മംകൊണ്ട് പ്രധാന നഗരങ്ങളെ വിവിധതരം കച്ചവടങ്ങളുടെ നീണ്ട നിരയാക്കുന്നു. രാപകലുകള്‍ വ്യത്യാസമില്ലാതെയാണ് ഇത്തരം കച്ചവടങ്ങള്‍. അവയില്‍ പലതും ഓമനപ്പേരിലറിയപ്പെടുന്ന തട്ടുകടകളാണ്. ചില കടകള്‍ പകല്‍ ഉറങ്ങിക്കിടയ്ക്കുകയും രാത്രിയില്മാത്രം കണ്ണു തുറക്കുന്നവയുമാണ്. ഒരിക്കലും കണ്ണടക്കാതെ രാപകല്‍ ഭേദമില്ലാതെ തുറക്കുന്ന നിരവധി കടകളുമുണ്ട്.
തിരക്കുളള ഏതു നിരത്തോരത്തും ഒരു ചാണ് സ്ഥലമുണ്ടെങ്കില്‍ പിറ്റേന്നു തല്ലിക്കൂട്ടിയ പെട്ടിക്കടയോ തട്ടുകടയോ വന്നിരിക്കും. അനുവാദമോ ലൈസന്‍സോ പോയിട്ട് ആര്‍ക്കും ആരോടും ചോദിക്കാതെ കൈയ്യേറാനുള്ള ഇടമായിരിക്കുന്നു വഴിയോരങ്ങള്‍. തുടങ്ങുമ്പോള്‍തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയോ നേതാവിന്റെയോ സുരക്ഷയെങ്കിലും നേടിയിരിക്കും. ഒപ്പം ഇത്തരം കടക്കാരുടെ അസോസിയേഷനില്‍ അംഗമാകുകയും ചെയ്യും. പിന്നെ അവര്‍ നോക്കിക്കൊള്ളും എന്ന ഉറപ്പാണ് ധൈര്യം.
ആരേയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ള ധാര്‍മിക പരിവേഷവും ജനകീയതയും ഉള്ളൊരു വഴി എന്ന നിലയിലും വലിയ മുതല്‍മുടക്കില്ലാത്ത സംരംഭം എന്നതരത്തിലും ഇതു ശ്ലാഘിക്കപ്പെടേണ്ടതാണ്. സ്വാശ്രയം എന്ന രീതിയില്‍ പ്രോത്സാഹനവും ഇതര്‍ഹിക്കുന്നുണ്ട്. പാവപ്പെട്ടവന്റെ ജീവിതമാര്‍ഗം എന്ന പേരിലും ഇതുപണ്ടേ അംഗീകരിക്കപ്പെട്ടതാണ്. എന്തിനും ഒരു നേരും നെറിവുമുണ്ട്. തോന്നുംപോലെ ആര്‍ക്കും എവിടേയും ഇത്തരം കടകള്‍ വെച്ചുകെട്ടാമെന്നു വന്നാല്‍ അതു ശരിയാണോ. കുറഞ്ഞ പക്ഷം ഇത് പൊതുസ്ഥലമാണെന്നെങ്കിലും തോന്നേണ്ടതല്ലേ. അധികൃതരുടെ അനുവാദത്തോടും ലൈസന്‍സോടുംകൂടി പ്രവര്‍ത്തിക്കുന്ന കടകളുമുണ്ട്. എന്നാലത് അപൂര്‍വമാണെന്നു മാത്രം. ഇതു കൈയ്യേറ്റം തന്നെയാണ്.
സ്ഥലസൗകര്യമുണ്ടെങ്കില്‍ കൈയ്യേറ്റമാണെങ്കില്പോലും ജീവിച്ചുപോകട്ടെ എന്നുചിലപ്പോള്‍ പൊതുജനം കണ്ണടക്കും. സൗകര്യങ്ങളില്ലാത്ത കേരളത്തിലെ റോഡുകളില്‍ ഇത്തരം കൈയ്യേറ്റം ആശാസ്യമല്ല. വാഹനങ്ങള്‍ക്കുള്ള റോഡും യാത്രക്കാരുടെ നടപ്പാതയും ജീവിക്കാന്‍വേണ്ടി എന്നപേരില്‍ കൈയ്യേറുന്നത് അനീതി തന്നെയാണ്. അന്യരേയും ജീവിക്കാന്‍ അനുവദിച്ചുകൊണ്ടുവേണം ഓരോരുത്തരം ജീവിക്കാന്‍. എന്തിന്റെ പേരിലാണെങ്കില്‍പ്പോലും അത് അപഹരിക്കാന്‍ പാടില്ല. വീതി കുറഞ്ഞതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമാണ് ഇന്നും കേരളത്തിലെ റോഡുകള്‍. റോഡപകടങ്ങളാകട്ടെ ദേശീയ ശരാശരികളെക്കാള്‍ കൂടുതലും. അതിനിടയില്‍ ഇത്തരം കൈയ്യേറ്റങ്ങള്‍ അക്ഷന്തവ്യമാണ്.
വഴിയോരക്കടകള്‍ ലക്ഷക്കണക്കിനുണ്ട് കേരളത്തില്‍. പലതും പതിറ്റാണ്ടുകളായി നിലനില്ക്കുന്നതും. ഇതുകൊണ്ട് നല്ലനിലയില്‍ ജീവിക്കുന്ന കുടുംബങ്ങളും ധാരാളം. ഹോട്ടലായും ചായക്കടയായും പ്രവര്‍ത്തിക്കുന്നവയാണ് പല തട്ടുകടകളും. മിക്കാവാറും കടകളില്‍ നല്ല കച്ചവടമാണ്. തീരെ കച്ചവടം കുറഞ്ഞ് വെറുതെ തുറന്നിരിക്കുന്ന അവസരങ്ങളുമുണ്ട്. ഇതിനോടൊപ്പം ഇത്തരം കടകളുയര്ത്തുന്ന ആരോഗ്യപ്രശ്നങ്ങളും പലതാണ്. അഴുക്കു ചാലുകളുടേയും മാലിന്യക്കൂമ്പാരങ്ങളുടേയും പരിസരത്തു പ്രവര്‍ത്തിക്കുന്നവയാണ് പലകടകളും. ചിലവ അഴുക്കു ചാലുകള്‍ക്കു മുകളില്‍തന്നെയാണ്. ആഹാര പദാര്‍ഥങ്ങള്‍ ഇത്തരം കടകളില്‍ മിക്കവാറും തുറന്നാണിരിക്കുന്നത്. കാറ്റും പൊടിയും ദുര്ഗന്ധവുമേറ്റുള്ള ഭക്ഷണപദാര്‍ഥങ്ങളാണ് ഇവിടെയുള്ളത്. ഇവിടങ്ങളില്‍ തുടരെ തുടരെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തേണ്ടതാണ്, പക്ഷേ അതു സംഭവിക്കാറില്ല. വല്ലപ്പോഴും സാംക്രമിക രോഗങ്ങള്‍ പകരുന്നുവെന്നു കേള്‍ക്കുമ്പോള്‍ മാത്രമാണ് പേരിന്നൊരു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: