സഹകരണ മേഖലയില്‍ ക്ലറിക്കല്‍/ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലും മറ്റും ജോലി നേടാന്‍ ആഗ്രഹമുള്ളവര്‍ക്ക് ‘ജെഡിസി’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന് കോഴ്സ് പഠിക്കാം. പത്തു മാസമാണ് പഠന കാലാവധി. എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കാണ് പ്രവേശനം.
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ പതിനാറ് സഹകരണ പരിശീലന കേന്ദ്രങ്ങള്‍/കോളേജുകളിലായാണ് ‘ജെഡിസി’ കോഴ്സ് നടത്തുന്നത്. 2018-19 വര്‍ഷത്തെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ജൂണില്‍ ആരംഭിക്കുന്ന കോഴ്സിലേക്ക് മാര്‍ച്ച് 31 നകം അപേക്ഷിക്കണം.
പ്രവേശന യോഗ്യത: എസ്എസ്എല്‍സിയാണ് മിനിമം യോഗ്യത. ഗ്രേഡിങ് സമ്പ്രദായത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഡി+ ഗ്രേഡില്‍ കുറയാതെ വിജയിച്ചവരെയാണ് പരിഗണിക്കുക. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. 2018 ജൂണ്‍ ഒന്നിന് 16 വയസ്സ് പൂര്‍ത്തിയാകണം. 40 വയസ്സ് കവിയാനും പാടില്ല. ഒബിസിക്കാര്‍ക്ക് 43 വയസ്സും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 45 വയസുവരെയുമാകാം. സഹകരണ സംഘം ജീവനക്കാര്‍ക്ക് കുറഞ്ഞ പ്രായം 18 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്ല.
അപേക്ഷാഫോറം മൂന്നുതരം: ജനറല്‍ (മെരിറ്റ്), പട്ടികജാതി/വര്‍ഗ്ഗം, സഹകരണസംഘം ജീവനക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് പ്രത്യേകം അപേക്ഷാഫോറമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതത് വിഭാഗങ്ങള്‍ക്കുള്ള ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം വാങ്ങുമ്പോഴും ഇക്കാര്യത്തില്‍ ശ്രദ്ധ വേണം. സംസ്ഥാനത്തെ സഹകരണ പരിശീലനകേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷാഫോറം വിതരണം ചെയ്യുന്നത്. നേരിട്ട് 75 രൂപയും തപാല്‍മാര്‍ഗ്ഗം 105 രൂപയ്ക്കുമാണ് ഫോറം ലഭിക്കുക. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് യഥാക്രമം 50, 80 രൂപക്ക് ലഭ്യമാകും. സഹകരണസംഘം ജീവനക്കാര്‍ക്ക് നേരിട്ട് 150 രൂപക്കും തപാല്‍വഴി 180 രൂപക്കുമാണ് അപേക്ഷാഫോറം ലഭിക്കുക.
തപാല്‍മാര്‍ഗ്ഗം ഫോറം ലഭിക്കുന്നതിന് ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/കോളേജ് പ്രിന്‍സിപ്പാളിന്റെ പേര്‍ക്ക് മാര്‍ച്ച് 20 നകം കിട്ടത്തക്കവണ്ണം മണിയോര്‍ഡര്‍ ചെയ്ത് ആവശ്യപ്പെടണം. മാര്‍ച്ച് 31 വരെ അപേക്ഷാഫോറം വിതരണംചെയ്യും.
അപേക്ഷാഫോറം വിതരണം ചെയ്യുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകള്‍- തിരുവനന്തപുരം (കുറവന്‍കോണം, കവടിയാര്‍ പി.ഒ, ഫോണ്‍: 0471-2436689), കൊട്ടാരക്കര (അവന്നൂര്‍ 0474-2454787), ആറന്മുള (എന്‍എസ്എസ് കരയോഗ മന്ദിരം, 0468-2278140), ചേര്‍ത്തല (ദീപിക ജംഗ്ഷന്- 0478 2813070), കോട്ടയം (നാഗമ്പടം- 0481 2564738), പാല (മീനച്ചില്‍ കോംപ്ലക്സ്- 0482 2213107), ഇടുക്കി (പടിഞ്ഞാറെക്കവല, നെടുങ്കണ്ടം- 04868 234311), നോര്‍ത്ത് പറവൂര്‍ (സഹകാരിഭവന് 0484 2447866), തൃശൂര്‍ (അയ്യന്തോള്‍ 0487 2380462), പാലക്കാട് (കോളേജ് റോഡ് 0491 2522946), തിരൂര്‍ (സഹകരണഭവന്‍, മാവുംകുന്ന് – 0494 2423929), കോഴിക്കോട് (തളി, 0495 2702095), തലശ്ശേരി (മണ്ണയാട്, നെട്ടൂര്‍ പി.ഒ, 0490-2354065), കണ്ണൂര്‍ (സൗത്ത് ബസാര്‍ 0497-2706790), വയനാട് (കരണി, 04936 289725), കാസര്‍ഗോഡ് (മൂന്നാട്ട്, ചെങ്കള, 04994-207350).
മണിയോര്‍ഡര്‍ അയക്കുന്നവര്‍ അപേക്ഷകന്റെ പേരും പൂര്‍ണ്ണ മേല്‍വിലാസവും ഏത് വിഭാഗം ഫോറം വേണ്ടത് എന്നും മണിയോര്‍ഡര്‍ കൂപ്പണില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
പൂരിപ്പിച്ച അപേക്ഷാഫോറം ബന്ധപ്പെട്ട രേഖകള്‍ സഹിതം നിര്‍ദ്ദിഷ്ട സഹകരണ പരിശീലന കേന്ദ്രം/കോളേജ് പ്രിന്‍സിപ്പലിന്റെ മേല്‍വിലാസത്തില്‍ മാര്‍ച്ച് 31 നകം നേരിട്ടോ തപാല്‍മാര്‍ഗമോ ലഭിച്ചിരിക്കണം. സ്പോര്‍ട്സ് ക്വാട്ടാ സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയന്, ചെങ്കല്‍ചൂള, തിരുവനന്തപുരം-1 ല്‍ അയക്കുകയും അപേക്ഷയുടെ പകര്‍പ്പ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതുമാണ്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അപേക്ഷാഫോറത്തോടൊപ്പം ലഭിക്കുന്ന പ്രോസ്പെക്ടസിലുണ്ട്.
സെലക്ഷന്: യോഗ്യതാപരീക്ഷയുടെ മെരിറ്റ് പരിഗണിച്ചാണ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും വിവിധ വിഷയങ്ങള്‍ക്ക് ലഭിച്ച ഗ്രേഡിന് ആനുപാതികമായി പോയിന്റ് നല്കി മൊത്തം ലഭിച്ച പോയിന്റും അതിന്റെ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജും കണ്ടാണ് റാങ്കിംഗ് നിശ്ചയിക്കുക. പഴയ സ്കീമിലെ മാര്‍ക്കിനെ ഗ്രേഡാക്കി മാറ്റും. പ്ലസ്ടു വിജയിച്ചവര്‍ക്ക് ഒരു പോയിന്റും ഡിഗ്രിയുള്ളവര്‍ക്ക് രണ്ട് പോയിന്റും ബോണസായി നല്‍കും. ഓരോ സെന്ററിലും ആകെയുള്ള സീറ്റുകളില്‍ 50 % ഓപ്പണ്‍ വിഭാഗത്തിലും 35 % സഹകരണ ജീവനക്കാര്‍ക്കും 15 % സഹകരണം, ഫിഷറീസ്, വ്യവസായം, ക്ഷീരം, കയര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും വിഭജിച്ച് അഡ്മിഷന് നല്‍കും.
സഹകരണ സംഘത്തില്‍ സ്ഥിരം ജീവനക്കാരായി 31.3.2018 ല്‍ ഒരു വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ചവരെയാണ് പരിഗണിക്കുക.
പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് പ്രത്യേക ബാച്ചുകള്‍: എസ്സി/എസ്ടിക്കാര്‍ക്ക് മാത്രമുള്ള സഹകരണ പരിശീലനകേന്ദ്രങ്ങളില്‍ ഓരോ സെന്ററിലും ഒരു ബാച്ചില്‍ 80 സീറ്റുകള്‍ ലഭ്യമാണ്. 60 സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കും 20 സീറ്റുകള്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും വിഭജിച്ച് നല്‍കും. ഇത്തരം സഹകരണ പരിശീലനകേന്ദ്രങ്ങളുടെ പട്ടിക പ്രോസ്പെക്ടസിലുണ്ട്. സഹകരണ സംഘം ജീവനക്കാരില്‍ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
അഡ്മിഷന്: ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റര്‍/കോളേജ് പ്രിന്‍സിപ്പല്‍ ഇന്റര്‍വ്യു നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചശേഷമാണ് അഡ്മിഷന് നല്‍കുക. കോഴ്സ് ഫീസ് 10,000 രൂപയാണ്. പ്രവേശന സമയത്ത് ആദ്യഗഡുവായി 2000 രൂപ അടയ്ക്കണം. ബാക്കി തുക എട്ട് തുല്യഗഡുക്കളായി പ്രതിമാസം 1000 രൂപ വീതം അടയ്ക്കേണ്ടതാണ്. ഇതിനുപുറമെ വിവിധ ഇനങ്ങളിലായി 2150 രൂപകൂടി നല്‍കേണ്ടതുണ്ട്. കോഷന്‍ ഡിപ്പോസിറ്റായ 500 രൂപ മടക്കി നല്‍കും.
2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയാണ് കോഴ്സിന്റെ കാലയളവ്. ഇതില്‍ 30 ദിവസം പ്രായോഗിക പരിശീലനം നല്‍കും. പരീക്ഷകള്‍ നടത്തി ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സഹകരണസംഘം രജിസ്ട്രാര്‍ ചെയര്‍മാനായുള്ള ഒരു കേന്ദ്ര പരീക്ഷാ ബോര്‍ഡാണ്. സഹകരണ ഡിപ്പാര്ട്ടുമെന്റിലേയും സഹകരണ സ്ഥാപനങ്ങളിലേയും നിയമനങ്ങള്‍ക്ക് ഈ ജെഡിസി/ഡിപ്ലോമയെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: