കൊച്ചി: വിശന്നു വലഞ്ഞ പാവം വനവാസിയുവാവിനെ തല്ലിക്കൊന്ന സാക്ഷര കേരളത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രോഷാഗ്‌നി എരിഞ്ഞടങ്ങിയില്ല. കത്തുന്ന വാക്കുകളിലുള്ള പ്രതികരണങ്ങള്‍ ഒഴുകുകയാണ്. പാവത്തിനെ തല്ലിക്കൊല്ലുന്നതിന്റെ സെല്‍ഫിയെടുത്തവര്‍ക്കെതിരെ പ്രബുദ്ധരുടെ സെല്‍ഫിയെന്നാണ് ദേശീയ ചിന്തകരെന്ന കൂട്ടായ്‌മയില്‍ ശങ്കര്‍ റാം പ്രതികരിച്ചത്. ലജ്ജിക്കുന്നു പ്രബുദ്ധ കേരളത്തെ ഓര്‍ത്ത് എന്നും അദ്ദേഹം പ്രതികരിക്കുന്നു.വിശന്നു കരഞ്ഞ് കണ്ണീരുണങ്ങാത്ത ആ കണ്ണില്‍ നോക്കി നിങ്ങള്‍ക്കിങ്ങനെ ചെയ്യാന്‍ എങ്ങനെ കഴിഞ്ഞുവെന്നാണ് കരുണ്‍ നായരുടെ ചോദ്യം.
ആദര്‍ശ് എഴുതുന്നു: വടക്കേ ഇന്ത്യയില്‍ കാക്ക കറന്റ് അടിച്ചു മരിച്ചാല്‍ വാ തുറക്കുന്ന, കിട്ടിയ അവാര്‍ഡ് തിരിച്ചു കൊടുക്കും എന്ന് വീമ്പു പറയുന്ന (ഒരിക്കലും കൊടുക്കില്ല എന്നത് മറ്റൊരു കാര്യം) ഈ സാംസ്‌കാരിക നായകര്‍ കേരളത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടി കൊല്ലുമ്പോഴും, യുവാവിനെ 35 വെട്ടു വെട്ടി കൊല്ലുമ്പോഴും, പട്ടിണി കൊണ്ട് ഒരു പിടി അരി വാരിയ വനവാസിയെ തല്ലിക്കൊല്ലുമ്പോഴും മൗനത്തില്‍ ആണ്. കാരണം രാഷ്‌ട്രീയക്കാരന്‍ നല്‍കുന്ന അവാര്‍ഡ്, സ്ഥാനം എന്നിവയാണ് ഇവര്‍ക്ക് വലുത്. സംഭവം വടക്കേ ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ സര്‍ക്കാരും സാംസ്‌ക്കാരിക നായകരും മാധ്യമങ്ങളും ഞെട്ടുമായിരുന്നുവെന്നാണ് മറ്റൊരു ഫേസ്ബുക്ക് കമന്റ്.
നിറവയറിനും ഒഴിഞ്ഞ വയറിനും രക്ഷയില്ലാത്ത കേരളം എന്നാണ് മറ്റൊരു പോസ്റ്റ്. സിപിഎം നേതാവ് ഗര്‍ഭിണിയുടെ വയറ്റത്ത് ചവിട്ടി ശിശുവിനെ കൊന്നതുമായി ഈ സംഭത്തെ കൂട്ടിയിണക്കിയിരിക്കുന്നു. ചെകുത്താന്റെ സ്വന്തം നാടെന്നാണ് ഒരാളുടെ രോഷം.
















