ന്യൂദല്‍ഹി : സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എയര്‍സെല്‍ മാക്‌സിസ്, ഐഎന്‍എക്‌സ് മീഡിയ കേസില്‍ മകന്‍ കാര്‍ത്തി ചിദംബരത്തിന് പങ്കാളിത്തമുണ്ടെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, സിബിഐയും വസതിയിലും മറ്റും തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തിയിരുന്നു. ഇത്തരം റെയ്ഡുകളും പരിശോധനകളും തടയണമെന്നാണ് ആവശ്യം.
തന്റേയും കുടുംബത്തിന്റേയും മൗലികാവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ചിദംബരം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ സിബിഐയും, എന്‍ഫോഴ്‌സ്‌മെന്റിനെയും ഉപയോഗിച്ച് തന്നേയും കുടംബത്തേയും വേട്ടയാടുകയാണെന്നാണ് 100 പേജുള്ള ഹര്‍ജിയിലെ പരാതി.
















