പത്തനാപുരം: പാട്ടത്തിനെടുത്ത സ്ഥലത്ത് വാഹന വര്‍ക്ഷോപ്പ് നിര്‍മ്മിക്കുന്ന വേളയില്‍ സിപിഐക്കാര്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് കൊടികുത്തിയതില്‍ മനംനൊന്ത് പ്രവാസി സംരംഭകന് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് മരിച്ചത്. കൊല്ലത്ത് ഏപ്രിലില്‍ നടക്കുന്ന സിപിഐ അഖിലേന്ത്യാ സമ്മേളനത്തിന് രണ്ട് ലക്ഷം രൂപ തന്നാല്‍ കൊടി മാറ്റാമെന്നായിരുന്നു വാഗ്ദാനം. സുഗതന് പണം നല്കാന് തയ്യാറായില്ല. 15 വര്‍ഷം മുന്‍പ് നികത്തിയ വയലാണ് പാട്ടത്തിനെടുത്തിരുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിന് പണം ആവശ്യപ്പെട്ട് സിപിഐക്കാര്‍ ഭീഷണിപ്പെടുത്തിയത് സുഗതനെ കടുത്ത വിഷാദത്തിലാക്കിയിരുന്നു.
കുടുംബം ഒന്നടങ്കം കൂട്ട ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന്സമീപം വര്‍ക്ഷോപ്പ് നടത്താന്‍ നിര്‍മ്മാണം തുടങ്ങിയ ഷെഡില്‍ കയറില്‍ തൂങ്ങിയാണ് നാട്ടുകാര്‍ സുഗതന്റെ ജഡം കണ്ടെത്തിയത്. മൂന്ന് കയറുകള്‍ കൂടി കുരിക്കിട്ട് വച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി ഇതിനെ പൊലീസ് സംശയിക്കുന്നു.
















