”തല്ലിക്കൊല്ലും മുമ്പ് പശിയടക്കാന്‍ രണ്ടു മണി വറ്റ് തരൂ” എന്നാര്‍ത്തു കരഞ്ഞ 35 കാരനായ വനവാസിയുടെ വേദന ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ മനസ്സിനെ എന്നും മുറിവേല്‍പ്പിച്ചുകൊണ്ടേയിരിക്കും. കള്ളന്, മോഷ്ടാവ്, മനോരോഗി എന്നിത്യാദി വിശേഷണങ്ങളുടെ പെരുവഴിയോരത്താണ് പാലക്കാട്, അട്ടപ്പാടി അഗളി, മുക്കാലിയില്‍ ആ ഹതഭാഗ്യന് പിടഞ്ഞുവീണു മരിച്ചത്. ആ പാപത്തിന്റെ തീച്ചൂടില്‍ നിന്ന് ഭരണകൂടത്തിനും അതിനെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയ കക്ഷിക്കും സാക്ഷരസമൃദ്ധമെന്ന് ഘോഷിക്കുന്ന ജനസമൂഹത്തിനും ഒഴിഞ്ഞുമാറാനാവുമോ? ഈ സംസ്ഥാനത്തിന്റെ അപമാനഭരിതമായ മുഖത്തിന് നേരെ ചൊവ്വെ ലോകത്തിനു മുമ്പില്‍ ഉയര്‍ന്ന് നില്ക്കാനാവുമോ?
ആരെയും മോഷ്ടാവെന്നും അക്രമിയെന്നും ചൂണ്ടിക്കാണിച്ച് സമൂഹത്തിന് വിചാരണ നടത്തി കൊല്ലാനാവുന്ന തരത്തില്‍ നമ്മുടെ സാക്ഷരത അധപ്പതിച്ചതിന്റെ ചിത്രമാണ് അഗളിയില്‍ കണ്ടത്. പാര്‍ട്ടിയുടെ അന്വേഷണത്തിനാണ് വിലകല്പിക്കുന്നതെന്നും, പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പറയുന്ന നേതാക്കളുടെ സ്വഭാവം ആള്‍ക്കൂട്ടത്തിന്റെ അക്രമാസക്ത സമീപനത്തിന് ഒത്താശ ചെയ്യുന്നതിലേക്ക് മാറിമറിഞ്ഞിരിക്കുന്നു. ദിവസങ്ങളോളം പട്ടിണികിടന്ന് ഗതികെട്ട വനവാസിയുവാവ് ഇത്തിരി ഭക്ഷണം കഴിക്കാനാണല്ലോ സാധനങ്ങളുമായി തന്റെ വാസസ്ഥലമായ കാടുകയറിത്. അയാള്‍ അതൊക്കെ മോഷ്ടിച്ചു നേടിയതാണെന്ന മ്ലേച്ഛചിന്താഗതിയിലേക്ക് ഒരു കൂട്ടം ആളുകള്‍ എത്തുകയായിരുന്നു. ഒരു ജനപ്രതിനിധിയുടെ അടുത്തബന്ധുവാണ് മധുവെന്ന വനവാസിയുവാവിനെ ഭേദ്യം ചെയ്തതും, അര്‍ധനഗ്നനാക്കി സെല്‍ഫിയെടുത്ത് സമൂഹത്തിനുമുമ്പില്‍ അയാളെ അപമാനിച്ചതും. അക്രമിക്കൊപ്പം ആളുകള്‍ ക്രൂരമായി അതൊക്കെ ആസ്വദിക്കുകയും ചെയ്തു.
മണ്ണും മാനവും വനവാസികളില്‍ നിന്ന് കവര്‍ന്നെടുത്ത് ഗതികേടിന്റെ പെരുവവഴിയിലാക്കിയവര് അവരെ ഉന്മൂലനം ചെയ്യുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. മണ്ണിന്റെ നേരവകാശികളുടെ അവകാശങ്ങള്‍ തട്ടിപ്പറിക്കുന്നവര്‍ സാക്ഷരത നേടിയവരും വനവാസികള്‍ നിരക്ഷരരുമാണെന്നോര്ക്കുക. കോടിക്കണക്കിനു രൂപ വനവാസിക്ഷേമത്തിനായി നീക്കിവയ്ക്കുന്ന സര്‍ക്കാര്‍ വാസ്തവത്തില്‍ അവര്‍ക്ക് അതൊക്കെ ലഭ്യമാവുന്നുണ്ടോ എന്ന് പ്രാഥമികമായിപോലും അന്വേഷിച്ചിട്ടില്ല. വനവാസി ക്ഷേമത്തിന്റെ മറവില്‍ ബന്ധപ്പെട്ടവര്‍ക്ക് തടിച്ചുകൊഴുക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ്. പട്ടിണിയും പരിവട്ടവുമായി ആ പാവങ്ങള്‍ ആരെയും ഉപദ്രവിക്കാതെ കഴിയുന്നു. പൊതുസമൂഹത്തിനു മുമ്പിലെത്തിയാല്‍ ആട്ടിയോടിക്കുന്നു; തല്ലിക്കൊല്ലുന്നു.
ഉത്തര്‍പ്രദേശിലും ബിഹാറിലുമുള്ളവരെ നിരന്തരം പുലഭ്യം പറയുന്ന കേരളത്തിലെ സാംസ്കാരിക സമ്പന്നരെന്ന് അഭിമാനിക്കുന്നവര്‍ക്ക് അഗളിയില്‍ മധു കൊല്ലപ്പെട്ടതിനെ എങ്ങനെ ന്യായീകരിക്കാനാവും? എല്ലാം ശരിയാക്കുമെന്ന് പുരപ്പുറത്ത് കയറിനിന്ന് ഘോഷിച്ചവരൊക്കെ ഇത്തരമൊരു സംഭവം അറിയില്ലെന്ന ഭാവത്തിലാണ്. വനവാസിയെ മര്ദ്ദിച്ചുകൊന്നവര്ക്കെതിരെ യുക്തമായ നടപടിയെടുത്ത് മാതൃക കാട്ടുന്നതിനൊപ്പം ഈ നിസ്സഹായരെ വേണ്ടുംവണ്ണം സംരക്ഷിക്കാനുള്ള നടപടിയെടുക്കുകയും വേണം. മട്ടന്നൂരില്‍ ഷുഹൈബിനെ വെട്ടിക്കൊന്ന രാഷ്ട്രീയവെറിയും മണ്ണാര്‍ക്കാട് മധുവിനെ മര്‍ദ്ദിച്ചുകൊന്ന സമൂഹഭ്രാന്തും എന്നെന്നേക്കുമായി അവസാനിപ്പിച്ചേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: