തൃശൂര്‍: മര്‍ദ്ദിച്ചുകൊന്ന വനവാസി മധുവിന്റെ മൃതദേഹത്തോടും ക്രൂരത. ആദിവാസിക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന് കാണാന്‍ വേണ്ടി കാത്തുവെച്ചതിനാല്‍ ഇന്ന് മധുവിന്റെ പോസ്റ്റുമോര്‍ട്ടം നടന്നില്ല. മര്‍ദ്ദിച്ചുകൊന്നതിനേക്കാള്‍ വേദനിപ്പിക്കുന്ന അവഗണനയായി അധികൃതരില്‍നിന്ന്.
ഇന്നലെ വൈകിട്ട മൂന്നു മണിയോടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. മന്ത്രി എ.കെ. ബാലന്‍ എത്തി കണ്ട് അന്തിമോപചാരം അര്‍പ്പിച്ച ശേഷം മതി പോസ്റ്റ്‌മോര്‍ട്ടമെന്ന് അധികൃതര്‍ നിശ്ചയിച്ചു. പകല്‍ വെളിച്ചത്തില്‍ വേണം പോസ്റ്റ്‌മോര്‍ട്ടം എന്നാണ് നിയമം. ആറുമണിവരെ നടത്താം. മന്ത്രി പക്ഷേ എത്തിയില്ല. തുടര്‍ന്ന് അഞ്ചുമണിവരെ കാത്തശേഷം പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റി. അതുവരെ മൃതദേഹം ആശുപത്രി വരാന്തയില്‍ കിടത്തി.
മെഡിക്കല്‍ കോളെജിന് വിളിപ്പാടകലെ മന്ത്രി ഉണ്ടായിരുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രി. സംസ്ഥാന വികസനവും സാമ്പത്തിക സമത്വവും സാമൂഹ്യ സുരക്ഷയും സംബന്ധിച്ച പാര്‍ട്ടി ലൈന്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.
















