കൊച്ചി: സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന് സസ്പന്‍ഷനിലായ വിജിലന്‍സ് മുന്‍ ഡയറക്ടറും ഐഐഎം ഡയറക്ടറുമായ ഡോ. ജേക്കബ് തോമസ് കേരള മോഡല്‍ വികസനത്തെ പരിഹസിച്ച് ബ്ലോഗെഴുതി. വനവാസി മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിമര്‍ശനം. ഭരണകൂടത്തെയും ബുദ്ധിജികളേയും കണക്കിന് വിമര്‍ശിക്കുന്ന കുറിപ്പില്‍ വികസനം പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണെന്ന നിലയിലെത്തിയെന്നാണ് പരിഹസിക്കുന്നത്.
ഭരണകൂടത്തെയും ഭരണകക്ഷിയേയും അവര്‍ക്കു ശിങ്കിടി പാടുന്ന ബുദ്ധിജീവികളേയുമാണ് ഡോ. തോമസ് വിമര്‍ശനത്തിന് ലക്ഷ്യമാക്കുന്നത്. അഴിമതി-കാലാവസ്ഥാ മാറ്റ ഗവേഷകനായ സ്വതന്ത്ര എഴുത്തുകാരന്‍ എന്ന പദവിയിലാണ് ബ്ലോഗിലെ കുറിപ്പ്.
ബോഗിന്റെ പൂര്‍ണ്ണ രൂപം: ” 2017 ലെ ആഗോള അഴിമതി സൂചികയും അസമത്വ സൂചികയും സദ്ഭരണ സൂചികയും വിരല്‍ചൂണ്ടുന്നത് അഴിമതിയുടെ ഭയാനക ഫലങ്ങളിലേക്കാണ്.
സ്‌റ്റേറ്റ് ക്യാപ്ചര്‍ അഥവാ പണമുള്ളവന്‍ ഭരണത്തില്‍ കാര്യക്കാരനാവുന്നതിനെപ്പറ്റിയായിരുന്നു സമീപകാല ഗവേഷണങ്ങള്‍ ഏറെയും. ഒരു ഇന്ത്യന്‍ വ്യവസായിക്കുവേണ്ടി ഭരണ നയങ്ങള്‍ പാകപ്പെടുത്തിയതും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ഇഷ്ടക്കാര്‍ക്ക് കട്ടുമുടിക്കാന്‍ അവസരമൊരുക്കിയതുമെല്ലാം പഠനവിധേയമായി.
ധനികന്‍ ഭരണത്തിന്റെ ഗുണഫലങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമേറുന്നു. ഈ അന്തരം ആളോഹരി വരുമാനത്തില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രതിഫലിക്കും. പട്ടിണി, ആരോഗ്യം, വിദ്യാഭ്യാസം, എന്നു തുടങ്ങി മനുഷ്യന്റെ സാമൂഹ്യാവബോധത്തെപ്പോലും ബാധിക്കും സ്റ്റേറ്റ് കാപ്ച്ചര്‍. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരന്‍ എങ്ങനെ എത്തി?
വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു.
വിശപ്പടക്കാന്‍ അപ്പക്കഷണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീന്‍ വാല്‍ജീന്റെ കഥ വിക്ടര്‍ ഹ്യൂഗോ എഴുതിയിട്ട് 156 വര്‍ഷമായി. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകം.”
















