രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ എല്ലാ സീമകളും ലംഘിച്ച് അധോഗതിയിലേക്ക് കുതിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ അഹങ്കാരങ്ങള്‍ തുടരാന്‍ ഇനിയും അനുവാദം നല്കിക്കൂടാ. ദല്‍ഹി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും, ഭരണനിര്‍വഹണ പ്രക്രിയയുടെ ഏറ്റവും മുതിര്‍ന്ന പദവി വഹിക്കുകയും ചെയ്യുന്ന ചീഫ് സെക്രട്ടറിയെ മര്ദ്ദിക്കാന്പോലും ആംആദ്മി നേതാക്കള്‍ തയ്യാറായിരിക്കുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സാന്നിധ്യത്തില്‍ നടന്ന അക്രമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പിന്തുണയുമുണ്ടായിരുന്നു എന്നാണ് ചീഫ് സെക്രട്ടറി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. ആപ്പ് എംഎല്‍എമാരായ അമാനുള്ള ഖാന്, പ്രകാശ് ജര്‍വാല്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടി റിമാന്റ് ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന പന്ത്രണ്ട് എംഎല്‍എമാര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമാനുള്ളഖാനും പ്രകാശ് ജര്വാലും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്റെ മുഖത്ത് നിരവധി പരിക്കുകളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രി കേജ്രിവാളും ഉപമുഖ്യമന്ത്രി സിസോദിയയും അടക്കം ആംആദ്മി പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളും ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവത്തിലെ ആസൂത്രണത്തിന്റെ ഭാഗമാണ്. നിരവധി തവണ തുടര്‍ച്ചയായി വിളിച്ച ശേഷമാണ് അര്‍ദ്ധരാത്രി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ചെല്ലാന്‍ ചീഫ് സെക്രട്ടറി തയ്യാറായത്. മുഖ്യമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ വിളിച്ചത് കേജ്രിവാളിന്റെ ഉപദേശകനായ വി.കെ ജയിനാണ്. ഇയാളെ ദല്‍ഹി പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് എംഎല്‍എമാരെ പിടികൂടിയത്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടായേക്കും.സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ആസൂത്രിതമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പോലീസും പറയുന്നത്. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല.
ജനങ്ങള്‍ക്ക് കപട വാഗ്ദാനങ്ങള്‍ നല്കി പറ്റിച്ച് അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത നിരവധി കാര്യങ്ങള്‍ ഇതിനകം ചെയ്തിട്ടുണ്ട്. കള്ളത്തരവും വ്യാജപ്രചാരണങ്ങളുമാണ് ഈ പാര്‍ട്ടിയുടേയും അതിന്റെ നേതാക്കളുടേയും മുഖമുദ്ര. ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവത്തിലും ആപ്പ് നേതാക്കള്‍ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്കുവേണ്ടി ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച ആപ്പ് നേതാക്കള്‍, ചീഫ് സെക്രട്ടറി ജാതീയമായി അധിക്ഷേപിച്ചെന്ന വ്യാജ പരാതിയും പോലീസില്‍ നല്‍കിയിട്ടുണ്ട്. അംബേദ്ക്കര്‍ നഗറിലെ എംഎല്‍എ അജയ് ദത്ത് നല്കിയ പരാതിയില്‍ ചീഫ് സെക്രട്ടറി ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് ആരോപിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റ യോഗത്തില്‍വച്ചാണ് സംഭവമെന്നും എംഎല്‍എയുടെ പരാതിയില്‍ പറയുന്നു.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചശേഷം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന തരംതാണ രാഷ്ട്രീയമാണ് ആംആദ്മി പാര്‍ട്ടി കളിക്കുന്നത്. സദാസമയവും ആംആദ്മി പാര്‍ട്ടിയുടെ പേരെഴുതിയ തൊപ്പി ധരിക്കുന്ന എംഎല്‍എ അമാനുള്ളഖാന് ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് പിടികൂടാനെത്തിയപ്പോള്‍ മുസ്ലിം മതവിശ്വാസികള്‍ ധരിക്കുന്ന തൊപ്പി ധരിച്ചതും ആംആദ്മിക്കാരുടെ കാപട്യത്തിന്റെ ലക്ഷണമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും അപകടകരവും രോഗഗ്രസ്ഥവുമായ പാര്‍ട്ടിയായി ആംആദ്മി പാര്‍ട്ടി മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ സംവിധാനങ്ങള്‍ തകര്‍ക്കാനുള്ള ആംആദ്മിക്കാരുടെ ശ്രമങ്ങള്‍ ഏതുവിധേനയും ചെറുത്തുതോല്‍പ്പിക്കപ്പെടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: