കോഴിക്കോട്: കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആര്‍എംപി ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി ന്യൂദല്‍ഹി എകെജി ഭവന് സമീപം പ്രതിഷേധം സംഘടിപ്പിക്കും. 21ന് രാവിലെ 10 മുതല്‍ നടക്കുന്ന പ്രതിഷേധത്തില്‍ കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ആര്‍എംപിഐയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
ജീവിക്കാനും സ്വതന്ത്രമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താനും അനുവദിക്കാത്ത സിപിഎമ്മിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെയാണ് പ്രതിഷേധമെന്ന് കെ.കെ. രമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനു മറയിടാനാണ്.
സിപിഎം രാഷ്‌ട്രീയമായി പ്രതിരോധത്തിലാകുമ്പോഴാണ് കൊലപാതകങ്ങളുണ്ടാകുന്നത്. സമൂഹത്തിന്റെയും മാദ്ധ്യമങ്ങളുടേയും ശ്രദ്ധ തിരിച്ചുവിടാനാണ് മട്ടന്നൂരില്‍ കൊലപാതകം നടത്തിയത്. പരോളില്‍ പുറത്തിറങ്ങിയ ടി.പി. വധക്കേസ് പ്രതികളും സംഭവത്തിനു പിന്നിലുണ്ട്. രമ ആരോപിച്ചു. കെ.പി. പ്രകാശനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















