ബിഎസ്പിയുടേയും സമാജ് വാദി പാര്‍ട്ടിയുടേയും ഭരണകാലത്ത് ഉത്തര്‍പ്രദേശ് ഗുണ്ടാരാജിന്റെ പിടിയിലായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ ക്രൈം റേറ്റില്‍ മുന്നിലെത്തിക്കുന്നതില്‍ ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളുടെ സഹായത്തില്‍ പടര്‍ന്നു പന്തലിച്ച ഗുണ്ടകള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ പതിറ്റാണ്ടുകളായുള്ള യുപിയുടെ പേരുദോഷം തിരുത്തിക്കുറിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച കര്‍ശന നടപടികള്‍ യുപിയുടെ ക്രൈം റേറ്റില്‍ വലിയ കുറവ് വരുത്തിയിരിക്കുന്നു. പ്രശ്ന പ്രദേശ് എന്ന ദുഷ്പേര് മാറ്റാനാണ് തന്റെ ശ്രമമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി യുപിയെ മാറ്റാനുള്ള യോഗിയുടെ ശ്രമങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു ഗുണ്ടാരാജിനെതിരെ യോഗിയുടെ പോലീസ് നടപടികള്‍ ആരംഭിച്ചത്. 2017 മാര്‍ച്ച് 20 മുതല്‍ ഈവര്‍ഷം ഫെബ്രുവരി 14 വരെ 1,240 ഏറ്റുമുട്ടലുകളാണ് ഗുണ്ടാസംഘങ്ങള്‍ക്കെതിരെ യുപി പോലീസ് നടത്തിയത്. നിരവധി വര്‍ഷങ്ങളായി ഒളിവില്‍ക്കഴിയുന്ന കൊടുംകുറ്റവാളികളായ 40 ഗുണ്ടകളെയാണ് പോലീസ് കൊലപ്പെടുത്തിയത്. 2,956 ഗുണ്ടകളെ ഇക്കാലയളവില്‍ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 305 ഗുണ്ടകള്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റപ്പോള്‍ 247 പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഗുണ്ടകളെ നേരിടുന്നതിനിടെ പരിക്കുപറ്റി. 147 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ ഗുണ്ടകളില്‍നിന്ന് പിടിച്ചെടുത്തിട്ടുമുണ്ട്.
ഗുണ്ടകള്‍ക്കെതിരായ പോലീസ് നടപടികള്‍ തുടരുമെന്ന് യോഗി ആദിത്യനാഥ് നിയമസഭാ കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്. ഗുണ്ടാപ്പണി അവസാനിപ്പിച്ചെന്നും കൊല്ലരുതെന്നും യാചിക്കുന്ന ഗുണ്ടകളുടെ ഫോട്ടോകളും മാറുന്ന യുപിയുടെ മുഖമാണ്. എന്നാല്‍ കുറ്റകൃത്യങ്ങളുടെ കൂത്തരങ്ങായി യുപിയെ മാറ്റിയവര്‍ യോഗിയുടെ നടപടികള്‍ക്കെതിരെ പതിവുപോലെ രംഗത്തെത്തിയിട്ടുണ്ട്. എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ നിയമസഭയിലും പാര്‍ലമെന്റിലും വിഷയം ഉയര്‍ത്തി ബഹളത്തിന് ശ്രമിച്ചെങ്കിലും ഗുണ്ടകളെ അടിച്ചമര്‍ത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷനും ഗുണ്ടകള്‍ക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഗുണ്ടകള്‍പോലും ജാമ്യം റദ്ദാക്കി ജയിലിലേക്ക് മടങ്ങുന്ന കാഴ്ചയാണ് യുപിയില്‍ ദൃശ്യമാകുന്നത്. 71 പേരാണ് ഇത്തരത്തില്‍ ജയിലിലേക്ക് സ്വയം പോയത്. തലയ്ക്ക് വിലയിട്ട 142 ക്രിമിനലുകള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി ജയിലിലേക്ക് പോയി. ജാമ്യം ലഭിച്ച 26പേര് ജയിലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാതെ ജയിലില്‍തന്നെ കഴിയുന്നുമുണ്ട്. യുപിയിലെ പോലീസ് നടപടികള്‍ ശരിയായ ദിശയിലാണെന്നതിന്റെ തെളിവുകളാണ് ഇതെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: