ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിക്ഷേപക ഉച്ചകോടി ബുധനാഴ്ച മുതല്‍. വികസനകാര്യത്തില്‍ ബിജെപിയോട് സഹകരിക്കാന്‍ തയ്യാറെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചതും അമ്പതിലേറെ പ്രമുഖ കമ്പനികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതും യുപിയുടെ വികസനത്തില്‍ മാറ്റത്തിന്റെ കുതിപ്പാകും ഉച്ചകോടിയെന്ന് ഉറപ്പാക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉച്ചകോടി ഒരുക്കങ്ങള്‍ വിലയിരുത്തി. 600 ധാരണാ പത്രങ്ങള്‍ ഉച്ചകോടിയില്‍ ഒപ്പുവെക്കും. മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ പ്രതിരോധ ഉപകരമ ഉല്‍പ്പാദന കേന്ദ്രം തുടങ്ങാനാണ് പദ്ധതി.
യുപിയിലെ യുവാക്കള്‍ക്കായിരിക്കും ഈ നിക്ഷേപ ഉച്ചകോടികൊണ്ട് ഏറ്റവും നേട്ടമെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. തൊഴിലില്ലായ്‌മയെന്ന സംസ്ഥാനത്തിന്റെ ശാപത്തിന് ശമനമാകും. വീട്ടുപടിക്കല്‍ ജോലി അവസരമുണ്ടാകും. നൈപുണ്യം നേടിയവര്‍ക്ക് മികച്ച അവസരമാകും. നിപുണത നേടാന്‍ പരിശീനല സംവിധാനമൊരുക്കും, മുഖ്യമന്ത്രി പറഞ്ഞു.
ബുന്ദേല്‍ഖണ്ഡ് സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക പ്രദേശമാണ്. ഇവിടം പൊതുവേ കുറ്റവാളികളുടെ ഈറ്റില്ലവും താവളവുമൊക്കെയാണെന്നാണ് ആക്ഷേപങ്ങള്‍. സംസ്ഥാനത്തെ പൊതു വികസനത്തിനൊപ്പം ഏറ്റവും പിന്നാക്ക പ്രദേശങ്ങളെ ഉയര്‍ത്തികൊണ്ടുവരികയെന്ന ലക്ഷ്യമാണ് യോഗി ആദിത്യ നാഥിന്.
സംസ്ഥാനത്തെ നിക്ഷേപ സാദ്ധ്യതകള്‍ ഏറെയാണ്. നിലവില്‍ അത് സ്വകാര്യ മേഖല നേട്ടമാക്കുകയാണ്. സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയായിരിന്നു ഇതുവരെ. അത് മാറണം. സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കിക്കൊടുക്കാം. സ്വകാര്യ-സര്‍ക്കാര്‍ മേഖലയുടെ സംയുക്ത സംരംഭത്തിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും നേട്ടമുണ്ടാക്കാം,യോഗി പറഞ്ഞു.
ഫെബ്രുവരി 21, 22 തീയതികളിലാണ് ഉച്ചകോടി. 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 22 ന് സമാപന പരിപാടിയില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. 20ന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന അത്താഴവിരുന്നില്‍ 200 വ്യവസായ പ്രമുഖര്‍ പങ്കെടുക്കും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, കുമാര്‍മംഗലം ബിര്‍ല, ഗൗതം അദാനി, സുഭാഷ് ചന്ദ്ര, സുധീര്‍ മേത്ത, സഞ്ജിവ് പുരി, ഹേമന്ത് കനോറിയ, കുലിന്‍ ലാല്‍ഭായി, ജി. എം. റാവു, സുബ്രഹ്മണ്യന്‍ ശര്‍മ്മ തുടങ്ങിയവര്‍ വിരുന്നിനെത്തും.
















