ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോള്‍ നോക്കൗട്ടിലേക്ക് കടന്നിരിക്കുന്നു. എല്‍ ഗ്രൂപ്പില്‍ നിന്ന് ഏഴ് പോയിന്റ് നേടി ചാമ്പ്യന്മാരായി ഇംഗ്ലണ്ട്, ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ, മികച്ച മൂന്നാം സ്ഥാാനക്കാരില്‍ ഒന്നായി നാല് പോയിന്റുമായി ഘാന എന്നീ ടീമുകള്‍ നോക്കൗട്ട് റൗണ്ടില്‍. ഇംഗ്ലണ്ട് അവസാന മത്സരത്തില്‍ പാനമയ്‌ക്കെതിരെ 2-0ന്റെ വിജയവും ക്രൊയേഷ്യ 2-1ന് ഘാനയെയും പരാജയപ്പെടുത്തിയാണ് അവസാന 32-ല്‍ ഇടംപിടിച്ചത്.
ആധികാരികം ഇംഗ്ലണ്ട്
ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ജൂഡ് ബെല്ലങ്ങാമും സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നും നേടിയ ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പാനമയെ കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 62, 67 മിനിറ്റുകളിലായിരുന്നു ഇംഗ്ലണ്ടിന്റെ ഗോളുകള്‍.
പനാമയ്‌ക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് 4-1-4-1 ശൈലിയിലും പാമന പ്രതിരോധത്തിന് ഊന്നല്‍ നല്‍കി 5-4-1 ശൈലിയിലുമാണ് ഇറങ്ങിയത്. കളിയില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു കണ്ടത്. 67 ശതമാനവും പന്ത് കൈവശം വച്ചത് ഇംഗ്ലീഷ് താരങ്ങളായിരുന്നു. അവര്‍ ആറ് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടക്കം 17 തവണയാണ് എതിര്‍വല ലക്ഷ്യം വച്ചത്. അതേസമയം പാനമ രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 13 ഷോട്ടുകള്‍ പായിച്ചു. പാനമ ഗോളിയുടെ മികച്ച പ്രകടനമാണ് വന്‍ തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്. മികച്ച പ്രതിരോധം കെട്ടിപ്പൊക്കിയതോടെ ആദ്യപകുതിയില്‍ ഇംഗ്ലണ്ടിനെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടാനും പാനമയ്‌ക്ക് കഴിഞ്ഞു. സൂപ്പര്‍ താരങ്ങളായ ബുക്കായോ സാക്കയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും പാനമ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ മോസ്‌ക്വേരയുടെ തകര്‍പ്പന്‍ സേവുകളും പ്രതിരോധനിരയുടെ മിന്നും പ്രകടനവും ഇംഗ്ലണ്ടിന് വിനയായി. ആദ്യ 45 മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നെ പന്ത് തൊടാന്‍ പോലും അനുവദിക്കാതെ പാനമ പ്രതിരോധം കാത്തു.
കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ പാനമ ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡിനെ പരീക്ഷിച്ചു. അവരുടെ തോമസ് റോഡ്രിഗസാണ് നല്ലൊരു ഷോട്ടിലൂടെ ഇംഗ്ലണ്ടിനെ പരീക്ഷിച്ചത്. ഈയൊരു അവസരമാണ് അവര്‍ക്ക് ആദ്യപകുതിയില്‍ ലഭിച്ചത്. എട്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ആദ്യ അവസരം ലഭിച്ചു. ജൂഡ് ബെല്ലിങാം നല്‍കിയ പാസില്‍ നിന്ന് മാര്‍കസ് റാഷ്‌ഫോര്‍ ഉതിര്‍ത്ത ഷോട്ട് പാനമ ഗോളി കോര്‍ണറിന് വഴങ്ങി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങളുമായി ഇംഗ്ലണ്ട് കളം നിറഞ്ഞെങ്കിലും പാനമ പ്രതിരോധം തകര്‍ത്ത് ലക്ഷ്യം കാണാന്‍ അവര്‍ക്കായില്ല. ഇടയ്‌ക്ക് പാനമയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതും വിഫലമായി. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയില്‍ പുതിയ തന്ത്രങ്ങളുമായാണ് പരിശീലകന്‍ തോമസ് ടുഷേല്‍ ടീമിനെ ഇറക്കിയത്. 62-ാം മിനിറ്റില്‍ പാനമ പ്രതിരോധക്കോട്ട പൊളിച്ച് ആദ്യ ഗോളടിച്ചു. ബുകായോ സാക എടുത്ത കോര്‍ണര്‍ കിക്കിനൊടുവില്‍ ബോക്‌സിനുള്ളില്‍ നിന്ന് ബെല്ലിങ്ങാം പാനമ വലയില്‍ പന്തെത്തിച്ചു. ആദ്യ ഗോളിന്റെ ആഹ്ലാദം അടങ്ങും മുന്നേ ഇംഗ്ലണ്ട് രണ്ടാമതും നിറയൊഴിച്ചു. ജൂഡ് ബെല്ലിങ്ങാമിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ നായകന്‍ ഹാരി കെയ്ന്‍ പന്ത് വലയിലെത്തിച്ചു. ഈ ലോകകപ്പില്‍ ഹാരി കെയ്‌ന്റെ മൂന്നാം ഗോളായിരുന്നു ഇത്. ഗോള്‍നേട്ടത്തോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇംഗ്ലീഷ് താരമെന്ന റിക്കാര്‍ഡ് ഹാരി കെയ്ന്‍ സ്വന്തമാക്കി.
മുന്‍ ഇതിഹാസ താരം ഗാരി ലിനേക്കറുടെ 10 ലോകകപ്പ് ഗോളുകള്‍ എന്ന റിക്കാര്‍ഡാണ് ഹാരി കെയ്ന്‍ 11 ഗോളുകളോടെ തന്റെ പേരിലാക്കിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ പകരക്കാരനായി ഇറങ്ങിയ മിഡ്ഫീല്‍ഡര്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണും ഒരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. ഏഴ് പ്രമുഖ അന്താരാഷ്‌ട്ര ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ടിനായി ബൂട്ട് കെട്ടുന്ന ആദ്യ താരം എന്ന ബഹുമതിയാണ് ഹെന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്.
കളിയുടെ അവസാന നിമിഷങ്ങളില്‍ പാനമയുടെ ജോസെ ഫജാര്‍ഡോ ഒരു ഗോള്‍ മടക്കിയെങ്കിലും റഫറി അത് ഓഫ്സൈഡ് വിധിച്ചതോടെ പാനമയുടെ ആശ്വാസ ഗോള്‍ പ്രതീക്ഷകളും അസ്തമിച്ചു. ഇതോടെ 2-0ന്റെ വിജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പില്‍ നിന്ന് ഒന്നാമതായി നോക്കൗട്ട് റൗണ്ടിലെത്തി. മൂന്ന് മത്സരങ്ങളും തോറ്റ പാനമ കളിച്ച മൂന്ന് കളികളില്‍ ഒരു ഗോള്‍ പോലും നേടാനാകാതെയാണ് പുറത്തായത്. ജൂലൈ ഒന്നിന് രാത്രി 9.30ന് നടക്കുന്ന റൗണ്ട് ഓഫ് 32-ല്‍ കോംഗോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
















