ന്യൂദല്‍ഹി: പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. നീരവ് മോദിയുടെ സഹായിയും പിഎന്‍ബിയുടെ ഒരു ജീവനക്കാരനുമാണ് അറസ്റ്റിലായത്. പിഎന്‍ബിയുടെ മുന്‍ ജീവനക്കാരനാണ് അറസ്റ്റിലായ മുന്നാമത്തെയാള്‍.
നീരവ് മോദിയുടെ സഹായി ഹേമന്ത്, പിഎന്‍ബി ജീവനക്കാരന്‍ മനോജ്, മുന്‍ ഉദ്യോഗസ്ഥന്‍ ഗോകുല്‍ നാഥ് ഷെട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഷോറൂമുകളില്‍ എന്‍ഫോഴ്സ്‌മെന്റിന്റെ റെയ്ഡ് തുടരുന്നു. നീരവിന്റെ ബന്ധുവാണ് ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമസ്ഥന്‍. നോട്ട് നിരോധന കാലത്ത് നീരവ് മോദിയുടെ സ്വര്‍ണാഭരണ ശാലകളില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയ പ്രമുഖരെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നീരവിന്റെ ഉടമസ്ഥതയിലുള്ള 50 ലധികം വസ്തുവകകളില്‍ ഇതുവരെ റെയ്ഡുകള്‍ നടന്നിട്ടുണ്ട്. ഇതില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ പരിശോധിച്ച് നീരവിനെ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകുമെന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പറയുന്നത്.
ബോളീവുഡ് അഭിനേതാക്കള്‍, സെലിബ്രിറ്റികള്‍, രാഷ്‌ട്രീയ നേതാക്കള്‍ എന്നിവര്‍ നീരവ് മോദിയുടെയും ബന്ധുവായ മെഹുല്‍ ചോക്സിയുടെയും ആഭരണ ശാലകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
















