ഗുവഹാത്തി: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി ഇന്നറിയാം. ഇന്ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കളിക്കാനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല. കാരണം ഇന്നും തോറ്റാല്‍ സെമിയിലെത്താതെ നിലവിലെ റണ്ണറപ്പുകളായ ബ്ലാസ്റ്റേഴ്സ് പുറത്താകും. ജയിച്ചാല്‍ നേരിയ സാധ്യത നിലനിര്‍ത്താം.
എന്നാലും ജംഷഡ്പൂര്‍ എഫ്സി, എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി എന്നീ ടീമുകളുടെ അടുത്ത മത്സരങ്ങളുടെ കൂടി ഫലം അനുസാരിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രവേശനം. നിലവില്‍ ബെംഗളൂരു (33 പോയിന്റ്) പൂനെ (28), ചെന്നൈയിന് (27) എന്നീ ടീമുകള്‍ കൂടി സെമിഫൈനല്‍ എകദേശം ഉറപ്പിച്ചു. ഒരു ടീമിനെയാണ് ഇനി അറിയാനുള്ളത്. ഈ സീറ്റിനുവേണ്ടിയാണ് ജംഷഡ്പൂര്‍ (25), കേരള ബ്ലാസ്റ്റേഴ്സ്(21), ഗോവ (20), മുംബൈ (17) എന്നീ ടീമുകളുടെ കാത്തിരിപ്പ്.
ജംഷഡ്പൂരും കേരള ബ്ലാസ്റ്റേഴ്സും 15 മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു. ഗോവയും മുംബൈയും 14 മത്സരങ്ങളും. ബ്ലാസ്റ്റേഴ്സിന്ഇനി മൂന്നു മത്സരങ്ങളും ജയിച്ചാല്‍ 30 പോയിന്റാകും. അതേസമയം ജംഷഡ്പൂര്‍ മൂന്ന് മത്സരം ജയിച്ചാല്‍ അവര്‍ക്ക് 34 പോയിന്റാകും. അതോടെ അവര്‍ സെമിയില്‍ ഇടം നേടുകയും ചെയ്യും. അതായത്ബ്ലാസ്റ്റേഴ്സ്മൂന്നു മത്സരങ്ങള്‍ ജയിച്ചാലും കാര്യമില്ലെന്ന് ചുരുക്കം. അതേസമയം എഫ്സി ഗോവ ശേഷിക്കുന്ന നാല് കളികളും ജയിച്ചാല്‍ അവര്‍ക്ക് 32 പോയിന്റാകും. അതേസമയം ജംഷഡ്പൂര്‍ രണ്ട് മത്സരങ്ങളിലാണ് ജയിക്കുന്നതെങ്കില്‍ അവരെ പിന്തള്ളി ഗോവ സെമിയിലെത്തും. എന്നാല്‍ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിച്ചാലും മുംബൈയുടെ കാര്യം സംശയമാണ്. അവര്‍ക്ക് 29 പോയിന്റ്മാത്രമെ ആകുകയുള്ളു.
നോര്‍ത്ത് ഈസ്റ്റും ദല്‍ഹി ഡൈനാമോസും നേരത്തെത്തന്നെ സെമിയില്‍ കയറാതെ പുറത്തായിക്കഴിഞ്ഞു. എടികെയും ഫലത്തില്‍ പുറത്തായി. തുടര്‍ച്ചയായ മൂന്ന് തോല്‍വികളുമായി വരുന്ന നോര്‍ത്ത് ഇൗസ്റ്റിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് സാധ്യത നിലനിര്‍ത്തുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. നിലവില്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് 11 പോയിന്റുമായി ഒമ്പതാമതും ബ്ലാസ്റ്റേഴ്സ് 21 പോയിന്റുമായി അഞ്ചാമതുമാണ്. സീസണിന്റെ തുടക്കത്തിലെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ സെമിപ്രവേശം ത്രിശങ്കുവിലാക്കിയത്.
പൂനെക്കെതിരെ നേടിയ 2-1 വിജയം കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും എടികെയുമായി സമനില പാലിച്ചതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയായിരുന്നു. സന്ദേശ്ജിങ്കന്, ഇയാന്‍ ഹ്യൂം എന്നിവര്‍ ഇല്ലാതെ കളിക്കേണ്ടി വന്നത് ബ്ലാസ്റ്റേഴ്സിനെ കാര്യമായി ബാധിച്ചു. ജിങ്കാന്റെ അഭാവത്തില്‍ പ്രതിരോധം തകര്‍ന്നു. വെസ്ബ്രൗണ്‍, ലാക്കിച്ച്പെസിച്ച്എന്നിവര് കളിക്കാനുണ്ടായിരുന്നുവെങ്കിലും ജിങ്കന്റെ അഭാവം വ്യക്തമായിരുന്നു.
അതേസമയം പരിക്കില്‍ നിന്ന് മുക്തനായ കൗമാരതാരം ദീപേന്ദ്ര നേഗി ഇന്ന് കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. ഒപ്പം പ്ലേ മേക്കര്‍ പുള്‍ഗയും കളിച്ചേക്കും. അതേസമയം പ്രതിരോധത്തിലെ കരുത്തന് ലാല്‍റുവാത്താര ഇന്ന് സസ്പെന്‍ഷന്‍കാരണം കളിക്കാനിറങ്ങില്ല. എങ്കിലും വിനീതും ബെര്‍ബറ്റോവും ഉള്‍പ്പെടുന്ന താരനിരയുടെ കരുത്തില്‍ ജയിക്കാമെന്ന പ്രതീക്ഷയിലാണ് കോച്ച് ഡേവിഡ് ജെയിംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: