വാഷിംഗ്ടണ്‍: ഇന്ത്യയിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാൻ പിന്തുണ നൽകുന്ന തീവ്രവാദ സംഘടനകളാണെന്ന് യുഎസ് ഇൻ്റലിജൻസ്. ജമ്മുകശ്മീരിലെ സഞ്ജ്വാന്‍ സൈനിക ക്യാംപ് ആക്രമിച്ചതിനു പിന്നാലെയാണ് യുഎസ് ഇൻ്റലിജൻസ് തലവൻ ഡാന്‍ കോട്ട്സ് ഇത്തരത്തിൽ പ്രതികരിച്ചത്. സെനറ്റിന്റെ ഇന്റലിജന്‍സ് സെലക്‌ട് കമ്മിറ്റിയുടെ ‘വേള്‍ഡൈ്വഡ് ത്രെഡ് അസസ്സ്മെന്റ്’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾ ഇന്ത്യാ-പാക്കിസ്ഥാൻ ബന്ധത്തെ കൂടുതൽ വഷളാക്കുമെന്ന് കോട്ട്സ് പറഞ്ഞു. ഇസ്ലാമാബാദിന്റെ പിന്തുണ ലഭിക്കുന്ന ഭീകര സംഘടനകള്‍ പാക്കിസ്ഥാൻ അവരുടെ സുരക്ഷിത താവളമാക്കി ഇന്ത്യയും അഫ്ഗാനിസ്ഥാൻ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
പാക്കിസ്ഥാൻ എല്ലായ്‌പ്പോഴും ഭീകര സംഘടനകളുമായി ബന്ധം പുലർത്തി ഭീകരവിരുദ്ധ നടപടികൾ സ്വീകരിക്കാതെയിരിക്കുന്നു. നിരന്തരം ചൈനയുമായി പാക്കിസ്ഥാൻ അടുപ്പം പുലർത്തിയും അമേരിക്കയുടെ താത്‌പര്യങ്ങളെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















