വെല്ലിങ്ടണ്‍: ത്രിരാഷ്‌ട്ര ട്വന്റി 20 പരമ്പരയില്‍ ഇംഗ്ലണ്ടിന് വീണ്ടും തോല്‍വി. ഇന്നലെ ന്യൂസിലാന്‍ഡിനോട് 12 റണ്‍സിനാണ് തോറ്റത്. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. പരാജയത്തോടെ ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചു. രണ്ട് മത്സരങ്ങള്‍ കളിച്ച ന്യൂസിലാന്‍ഡിന്റെ ആദ്യവിജയമാണിത്. ആദ്യ കളിയില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 9 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (72), ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (65) എന്നിവരുടെ മികവിലാണ് കിവീസ് മികച്ച സ്‌കോര്‍ നേടിയത്. 46 പന്തില്‍ നിന്ന് നാല് വീതം ബൗണ്ടറിയും സിക്‌സറുമടക്കമാണ് വില്യംസണ്‍ 72 റണ്‍സ് നേടിയത്. 40 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു ഗുപ്റ്റിലിന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ്, ആദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ പോരാട്ടം 20 ഓവറില്‍ 184/9 എന്ന നിലയില്‍ അവസാനിച്ചു. 59 റണ്‍സ് നേടിയ ഡേവിഡ് മലാന്‍ ആണ് ടോപ്പ് സ്‌കോറര്‍. അലക്‌സ് ഹെയില്‍സ് 47 റണ്‍സും ഡേവിഡ് വില്ലി 21 റണ്‍സും നേടി.
കിവീസിന് വേണ്ടി ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാറ്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി. വില്യംസണാണ് മാന്‍ ഓഫ് ദ മാച്ച്.
















