പേരൂര്‍ക്കട: അഞ്ചുമാസമായി തകര്‍ന്നുകിടക്കുന്ന അമ്പലംമുക്ക്-മുട്ടട റോഡ് എത്രയുംവേഗം നന്നാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കളക്ടര്‍, പൊതുമരാമത്ത് സെക്രട്ടറി, ജലഅതോറിറ്റി എംഡി, നഗരസഭാ സെക്രട്ടറി എന്നിവര്‍ നാലാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
അമ്പലംമുക്ക് ജംഗ്ഷനില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗികളെയും കൊണ്ടുപോകുന്ന പ്രധാന പാതയാണിത്. എംസി റോഡിലേക്കും എന്‍എച്ചിലേക്കും അമ്പലംമുക്കില്‍ നിന്നു പ്രവേശിക്കാവുന്ന പ്രധാനപാതയുമാണ്. എംജി കോളേജ്, മാര്‍ ഇവാനിയോസ്, മാര്‍ബസേലിയസ്, പട്ടം സെന്റ് മേരീസ് തുടങ്ങിയ വിദ്യാലയങ്ങളിലുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഈ റോഡ് ആശ്രയിക്കുന്നുണ്ട്.
കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും റോഡിന്റെ ശോചനീയാവസ്ഥ കാരണം സര്‍വീസ് നടത്താറില്ല. ഇളകി കിടക്കുന്ന കരിങ്കല്‍ കഷണങ്ങളിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ അത് ശരീരത്തിലേക്ക് തെറിച്ച് അപകടം സംഭവിക്കാറുണ്ട്. റോഡിലൂടെ ആംബുലന്‍സും ഒാട്ടോറിക്ഷയും പോലും സര്‍വീസ് നടത്താറില്ലെന്നും പൊതുപ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
















