തിരുവനന്തപുരം: ഗജരാജ ചക്രവര്‍ത്തി ഗുരുവായൂര്‍ വലിയ കേശവന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്തിലെത്തി അന്തശായിയായ ശ്രീപദ്മനാഭനെ വണങ്ങി. ശ്രീകാര്യം ചെന്നാവൂര്‍ ദേവീക്ഷേത്രത്തില്‍ ഉത്സവത്തിനായാണ് വലിയ കേശവന്‍ തിരുവനന്തപുരത്ത് എത്തിയത്. എഴുന്നെള്ളത്തിനുശേഷം ശ്രീപദ്മനാഭസ്വാമിക്ഷേത്രസന്നിധിയില്‍ എത്തി. പടിഞ്ഞാറേനടയില്‍ എത്തിയ കേശവന്‍ ആദ്യം തിരുവമ്പാടിയില്‍ നമസ്‌കരിച്ചു. തുടര്‍ന്ന് കിഴക്കേനടയിലെത്തി അനന്തപദ്മനാഭനെ കണ്ട് വണങ്ങിയ കേശവനെ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ ശ്രീകോവിലില്‍ നിന്നുള്ള ഹാരം ചാര്‍ത്തി ആദരിച്ചു. കദളിക്കുലയും സമ്മാനിച്ചു.
അനന്തപദ്മനാഭനെ വണങ്ങിയശേഷം തെക്കേനടയിലെത്തിച്ച് നിവേദ്യച്ചോറും പ്രസാദവും നല്‍കി. കേശവനെ ക്ഷേത്രം വക രണ്ടാമത്തെ ആനയായ സുദര്‍ശന അകമ്പടി സേവിച്ചു. ആനയൂട്ടിനുശേഷം പടിഞ്ഞാറേനടവഴി ക്ഷേത്രത്തിനു പുറത്തിറങ്ങി ഗജരാജന്‍ ശ്രീപദ്മനാഭനെ ഒന്നുകൂടി വണങ്ങി യാത്ര പറഞ്ഞു. ആദ്യമായാണ് ഗുരുവായൂര്‍ വലിയകേശവന്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്തിലെത്തിയത്. പത്തുവര്‍ഷത്തിനുമുമ്പ് ഗുരുവായൂരിലെ പദ്മനാഭനും അനന്തപദ്മനാഭനെ വണങ്ങാന്‍ എത്തിയിരുന്നു. കേശവനെക്കാണാന്‍ നാട്ടുകാരും ഭക്തജനങ്ങളും ക്ഷേത്ര സന്നിധിയില്‍ എത്തിയിരുന്നു.
















