കൊച്ചി: ബിനോയ് കോടിയേരിക്കെതിരേ കേസുണ്ടായിരുന്നുവെന്ന് ബിനീഷ് കോടിയേരി. കേസ് പിഴയുള്‍പ്പെടെ കൊടുത്ത് ഒത്തുതീര്‍ന്നെന്നും സമ്മതിച്ചു. ബിനോയ് കോടിയേരിക്കെതിരേ കേസില്ലെന്നും ഉണ്ടായിരുന്ന സിവില്‍ കേസായിരുന്നുവെന്നും മുമ്പു പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് സമ്മതിച്ച് ഫേസ്ബുക്കിലാണ് ബിനീഷിന്റെ വെളിപ്പെടുത്തല്‍.
നാലു കാര്യങ്ങളാണ് ഇപ്പോള്‍ ബിനീഷ് പറയുന്നത്:
ഒന്ന്: ”ബിനോയ് കോടിയേരിക്കെതിരേ ക്രിമിനല്‍ കേസുണ്ടായിരുന്നു. 60000 ദിര്‍ഹം പിഴയടയ്‌ക്കുകയും തുടര്‍ന്ന് ക്രിമിനല്‍ കേസ് റദ്ദാക്കുകയും ചെയ്തു.”
രണ്ട്: ”ഫെബ്രുവരി ഒന്നിന് പുതിയ കേസുണ്ട്. അതു പ്രകാരം യാത്രാവിലക്കില്‍ ദുബായിയില്‍ നിന്ന് നാട്ടിലേക്ക് വരാനാകാതെ കഴിയുകയാണ് ബിനോയ്.”
മൂന്ന്: ”സിവില്‍ നടപടികള്‍ ദുബായിയില്‍ തീര്‍ന്ന ശേഷമേ ബിനോയ് നാട്ടിലേക്ക് വരൂ.”
നാല്: ”സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറബ് വംശജനായിട്ടുള്ള ഒരു വ്യക്തിയെ ഏത് തരത്തില്‍ സ്വാധീനിച്ചു എന്ന് തെളിയിക്കേണ്ട ബാദ്ധ്യത വാര്‍ത്ത പടച്ചുവിട്ടവര്‍ക്കുണ്ട്.”
എന്തായാലും, ”കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുതെന്ന്” ജനുവരി 25 ന് വീമ്പു പറയുകയും കേസൊന്നും നിലവിലില്ലെന്ന് ദുബായ് പോലീസിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്ത ബിനീഷ് കോടിയേരി ഫെബ്രുവരി അഞ്ചിന് പറയുന്നതിങ്ങനെ: ”മാധ്യമ സുഹൃത്തുക്കള്‍ സ്വയം വിലയിരുത്തലിന് തയ്യാറാവണം.”
















