ഇത്തവണത്തെ പത്മപുരസ്കാരം സംബന്ധിച്ച് മന്ത്രി എ.കെ.ബാലന് നടത്തിയ പ്രതികരണം ഏറെ വേദനാജനകമാണ്. കേരളത്തില്‍ പത്മപുരസ്കാരം ലഭിച്ചതില്‍ ഏറെ ശ്രദ്ധേയമായത് വനവാസി വൈദ്യരംഗത്ത് മികവ് തെളിയിച്ച ലക്ഷ്മിക്കുട്ടിഅമ്മയുടേതാണ്. ദശാബ്ദങ്ങളായി ആരുമറിയാതെ വിദഗ്ധ ചികിത്സയും പരിചരണവും നല്കി പുതുജീവിതത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതില്‍ അവര്‍ പ്രകടിപ്പിച്ച മികവ് പ്രശംസനീയമായിരുന്നു. പച്ചമരുന്നിന്റെ, പ്രത്യേകിച്ച് ആയുര്‍വേദത്തിന്റെ അസാധാരണമായ പ്രത്യേകത സമൂഹത്തിന് മുന്നില്‍ തെളിയിച്ച ലക്ഷ്മിക്കുട്ടിഅമ്മയുടെ അപാരമായ കഴിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്മ അവാര്‍ഡിന് അവരെ തെരഞ്ഞെടുത്തത്. ഇവരെ പത്മാ അവാര്‍ഡിന് പരിഗണിക്കണമെന്ന ഒരു ശുപാര്‍ശയും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടില്ല. ഇത്തവണ 41 പേരുകളാണ് പത്മാ അവാര്‍ഡിനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. അതില്‍ പലതും അനര്‍ഹരാണെന്ന് പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകാവുന്നതാണ്. പട്ടികയിലെ ചിലരുടെ യോഗ്യത പോലും പറഞ്ഞില്ല. ഇനിഷ്യല്‍ എഴുതാന്‍ തന്നെ വിസ്മരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പട്ടിക അപ്പാടെ അംഗീകരിക്കുന്ന കീഴ്വഴക്കം ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. എന്നിട്ടും സംസ്ഥാനം നല്കിയ പട്ടിക അംഗീകരിക്കാത്തതില്‍ സാംസ്കാരിക മന്ത്രി എ.കെ.ബാലന് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നു. മാത്രമല്ല, ഇത്തവണ പത്മ പുരസ്കാരം ലഭിച്ച വനവാസി മേഖലയിലെ വൈദ്യരത്നം ലക്ഷ്മിക്കുട്ടി അമ്മയെ ഇകഴ്ത്തുംവിധം പ്രതികരിക്കാനും മന്ത്രി മുതിര്‍ന്നു. ഇക്കണക്കിന് മാജിക്കുകാര്‍ക്കും കൈനോട്ടക്കാര്‍ക്കും പത്മ പുരസ്കാരം നല്‍കുമെന്നാണ് മന്ത്രി പ്രതികരിച്ചത്. മാജിക്കും കൈനോട്ടവും മോശപ്പെട്ട തൊഴിലും അതില്‍ ഏര്‍പ്പെടുന്ന ലക്ഷക്കണക്കിനാള്‍ക്കാര്‍ അംഗീകാരത്തിനര്ഹരല്ലെന്നുമുള്ള കാഴ്ചപ്പാട് വ്യക്തിപരമല്ലെന്നും തന്റെ പ്രത്യയശാസ്ത്രപരമായ നിലപാടാണെന്നും മന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് പത്മപുരസ്കാരം നല്‍കാനിടയായ സാഹചര്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിമാനത്തോടെ എടുത്തുപറഞ്ഞിട്ടുണ്ട്.
സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവരെയല്ല, ദൈവദത്തമായ അനുഗ്രഹവുമായി ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ ആദരിക്കാന്‍ ലഭിച്ച അവസരത്തെയാണ് പ്രധാനമന്ത്രി അനുസ്മരിച്ചത്. അധഃകൃതരുടെ അനന്തരാവകാശികളെന്ന് അഭിമാനിക്കുന്നവര്‍ ആദിവാസി മേഖലയിലെ കഴിവുകള്‍ അശരണര്‍ക്കായി ഉപയോഗപ്പെടുത്തുന്നത് അവഗണിക്കുന്നത് അത്ഭുതമുണ്ടാക്കുന്നതാണ്. എ.കെ.ബാലന് പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ അധഃപതനമാണ് ഇവിടെ മറനീക്കി പുറത്തുന്നവിരിക്കുന്നത്. പട്ടുമെത്തയില്‍ കിടന്നുറങ്ങി പൊങ്ങച്ചത്തിലൂടെ ആളാകാന്‍ ശ്രമിക്കുന്ന പ്രാഞ്ചിയേട്ടന്മാര്ക്ക് പകരം അര്ഹിക്കുന്നകരങ്ങളില് തന്നെ പത്മപുരസ്കാരം നല്കാന് കേന്ദ്രം തയ്യാറായതിനെ അഭിനന്ദിക്കാന്‍ കേരള സര്‍ക്കാറിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതില്ല. കേന്ദ്രം ചെയ്യുന്ന എല്ലാത്തിനേയും കണ്ണുമടച്ച് നിഷേധിക്കുന്ന ദോഷൈകദൃഷ്ടി അപകടകരമാണ്. പച്ചമരുന്നുകള്‍ക്കും മരങ്ങള്‍ക്കുമിടയിലെ കൂരയില്‍ ജീവിച്ച് മാരകരോഗങ്ങളില്‍ നിന്നും ആയിരങ്ങളെ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്ന മഹാപ്രതിഭയാണ് ലക്ഷ്മിക്കുട്ടി അമ്മ. ഔപചാരികവിദ്യാഭ്യാസം നേടിയില്ലെങ്കിലും പ്രായോഗികപരിജ്ഞാനവും വൈദ്യരംഗത്തെ മികവും അവര്‍ തെളിയിച്ചിട്ടുണ്ട്. എന്തുകൊണ്ടും ലക്ഷ്മിക്കുട്ടി അമ്മ അംഗീകാരത്തിന് അര്‍ഹയാണ്. അവര്‍ക്ക് ആദരപൂര്‍വ്വം അഭിനന്ദനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: