ഇനി പൂര്‍ണ്ണ ബജറ്റ് അടുത്ത പൊതുതെരഞ്ഞെടുപ്പിനുശേഷം. സാമ്പത്തിക വിദഗ്ധരും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും ചരിത്രത്തിലില്ലാത്ത വിധം ലഭ്യമായ എല്ലാ സൂഷ്മദര്‍ശിനികളും ഉപയോഗിച്ച് നിരീക്ഷിച്ച ബജറ്റുകളായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബജറ്റുകള്‍. അംബാനിയും അദാനിയും ഏതെങ്കിലും വിധത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ എല്ലാ കണ്ണികളും അവര്‍ പരിശോധനാ വിധേയമാക്കി. അവസാനം നിശബ്ദമായി അരുണ്‍ ജെറ്റ്ലിയുടെ അഞ്ചാമത്തെ ബജറ്റവതരണവും കേട്ടു.
കച്ചവട രംഗത്ത് വമ്പന്‍മാരെ സഹായിക്കുന്ന സര്‍ക്കാരായിരിക്കും മോദിയുടേതെന്ന് യുക്തിരഹിതമായി, മുന്‍വിധിയോടെ കൊട്ടിഘോഷിച്ചവര്‍ക്ക് വായിക്കാനുള്ള പാഠങ്ങളാണ് 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്ലി അവതരിപ്പിച്ച ബജറ്റ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ബജറ്റ് സന്തുലിതമാക്കാന്‍ കൃത്രിമമായി കമ്മി കുറച്ച് കാണിക്കാനോ, ഉന്നത വ്യവസായികളുടെ കൈയ്യടി നേടാനോ നീക്കുപോക്കുകള്‍ നടത്താതെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ശുപാര്‍ശകള്‍ നിരത്തിയപ്പോള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത് നവഭാരതത്തിന്റെ മുഖമാണ്. ഒരു ‘ഹരിത നടപടി’- എന്ന് വിശേഷിപ്പിക്കാവുന്ന ചലനാത്മക പദ്ധതിക്ക് മോദി സര്‍ക്കാര്‍ നല്‍കിയ രൂപരേഖയാണ് 2018-19 ലേക്ക് അവതരിപ്പിച്ച ബജറ്റ് എന്നതില്‍ ആര്‍ക്കും സംശയമില്ല.
വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ നേട്ടങ്ങള്‍ക്കോ, ഓഹരി വിപണിയിലെ വന്‍കിട നിക്ഷേപകര്‍ക്ക് അനര്‍ഹമായി നേട്ടമുണ്ടാക്കനോ ബജറ്റ് ശുപാര്‍ശകള്‍ വഴിതെളിക്കില്ല. ഭാരതത്തിന്റെ സമ്പദ്ഘടനയുടെ അടിസ്ഥാന മേഖലയ്‌ക്ക് സര്‍ക്കാര്‍ ആവശ്യമായ ശ്രദ്ധ നല്‍കിയപ്പോള്‍ വിമര്‍ശകര്‍ക്കുപോലും നിശബ്ദരാകേണ്ടി വന്നു.
ഇരുപത്തിയേഴ് വര്‍ഷം മുമ്പ് ആരംഭിച്ച സാമ്പത്തിക-വ്യാവസായിക ഉദാരവല്‍ക്കരണത്തിനുശേഷം ആദ്യമായാണ് യഥാര്‍ത്ഥ ഭാരതത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ബജറ്റ് ശുപാര്‍ശ നടത്തുന്നത്. കൃഷിയും ഗ്രാമീണ മേഖലയുമാണ് ഭാരതത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. അതിന് അര്‍ഹമായ പ്രാധാന്യവും ശ്രദ്ധയും സര്‍ക്കാര്‍ നല്‍കി എന്നുമാത്രമല്ല, ഇവയെ പുനരുദ്ധരിക്കാന്‍ 14 ലക്ഷം കോടിയിലധികം ധനം ഈ മേഖലകളിലേക്ക് ഒഴുക്കാന്‍ ബജറ്റ് ശുപാര്‍ശകള്‍ വഴിതുറക്കുന്നു. ഇത് അസംഖ്യം ഗ്രാമീണ തൊഴിലവസരം സൃഷ്ടിക്കുമെന്ന് മാത്രമല്ല, പതിവിന് വിപരീതമായി നഗര കേന്ദ്രീകൃത സാമ്പത്തിക വളര്‍ച്ച ഭാരതത്തിന്റെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളിലെക്ക് വഴിമാറുകയും ചെയ്യും. അതിന് എല്ലാവിധ തയ്യാറെടുപ്പും മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്ടസി കോഡ്- 2016 നിലവില്‍ വന്നതിനുശേഷം വാണിജ്യ ബാങ്കും കടമെടുപ്പുകാരും തമ്മിലുള്ള ബന്ധങ്ങളുടെ സമവാക്യത്തില്‍ മാറ്റം വന്നു. ഒപ്പം വാണിജ്യ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ റിക്യാപ്പിറ്റലൈസേഷന്‍ സഹായം വഴി ബാങ്കുകള്‍ക്ക് വീണ്ടും കടം നല്‍കാന്‍ ശക്തി പകര്‍ന്നതോടെ സ്വകാര്യ മേഖലയിലെ നിക്ഷേപത്തിന് മറ്റൊരു ഭാഗത്ത് പുതിയ വഴികള്‍ തുറന്നു. ഒപ്പം നികുതി സമ്പ്രദായത്തിലെ സമഗ്രമായ മാറ്റവും കള്ളപ്പണ വേട്ടയും തുടര്‍ന്നപ്പോള്‍ വര്‍ഷങ്ങളായി നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങള്‍ നീക്കപ്പെട്ടു.
മോദി സര്‍ക്കാര്‍ തുടക്കം കുറിച്ച സമൂലമായ ഘടനാപരിഷ്‌കാരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് താങ്ങാന്‍ കഴിയുന്ന വിധത്തില്‍ നയം രൂപപ്പെടുത്തി നടപ്പിലാക്കിയപ്പോള്‍ ഒരു കാര്യം മനസ്സിലായി, കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത് രാജ്യത്തെ ഓരോ പൗരനും അര്‍ഹിക്കുന്ന വിധത്തിലുള്ള ശാശ്വതമായ നേട്ടമാണ്.
കച്ചവട വിഭാഗത്തെ മാത്രം പ്രീണിപ്പിച്ചിരുന്ന ഉദാരവല്‍ക്കരണ നയത്തിന്റെ ഒഴുക്ക് കാര്‍ഷിക-ഗ്രാമീണ-പിന്നാക്ക മേഖലകൡലേക്ക് തിരിച്ചുവിട്ടപ്പോള്‍ നയത്തിലെ കരുത്തും, അത് നടപ്പിലാക്കാനുള്ള പാടവവും ചൂണ്ടിക്കാണിച്ച് പലരും സര്‍ക്കാരിനെ പ്രശംസിച്ചു. സ്മാര്‍ട്ട് സിറ്റി എന്ന നഗരവികസന പദ്ധതിയിലൂടെ നൂറോളം നഗരങ്ങളെ ഉദ്ധരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയതിലൂടെ നഗരങ്ങള്‍ക്കാവശ്യമായ ശ്രദ്ധയും സര്‍ക്കാര്‍ ഉറപ്പാക്കിയെന്ന് കരുതണം. ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ ബഹുമുഖ തന്ത്രങ്ങളുടെ ഗുണം വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകുമെന്നതില്‍ സംശയമില്ല.
താത്കാലികമായ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ചില മേഖലകള്‍ക്കുള്ള അമിതമായ ബജറ്റ് വകയിരുത്തലുകള്‍ പലപ്പോഴും ദീര്‍ഘവീക്ഷണത്തോടെ ആകാറില്ല. അതാണ് നാം മുന്‍കാലങ്ങൡ കണ്ടിരുന്നത്. അതിനെ ‘താത്വിക ബജറ്റ്’- എന്ന് ഓമനേപ്പര് നല്‍കി കാര്‍ഷിക മേഖലയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചു. അതില്‍നിന്നുള്ള വഴിമാറ്റമാണ് 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ശുപാര്‍ശകള്‍. അതുപോലെതന്നെയാണ് ആരോഗ്യമേഖലയും. ഈ മേഖലയില്‍ സ്വകാര്യ സംരംഭങ്ങള്‍ വ്യാപകമായതോടെ ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും ആരോഗ്യപരിപാലനം, ചികിത്സ എന്നിവ താങ്ങാന്‍ കഴിയാത്ത സേവനമായി മാറുകയുണ്ടായി. ഇതില്‍നിന്നുള്ള മോചനമാണ് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ആയുഷ്മാന്‍ ഭാരത്’- എന്ന പേരിലുള്ള സാര്‍വ്വത്രിക ആരോഗ്യപരിപാലന പദ്ധതി. ഇതുപ്രകാരം രാജ്യത്ത് 10 കോടി കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സൗകര്യം ഉറപ്പ് വരുത്തുന്നു. രാജ്യത്തെ 50 കോടിയോളം ജനങ്ങള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമ്പോള്‍ ഇത് ലോകത്തെ എറ്റവും വലിയ ആരോഗ്യ പദ്ധതിയായി മാറുന്നു.
ദരിദ്രരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ വകയിരുത്താറുണ്ടായിരുന്ന തുച്ഛമായ തുകപോലും കഴിഞ്ഞ കാലങ്ങളില്‍ അവരുടെ പുരോഗതി ഉറപ്പ് വരുത്താറില്ല. സാമൂഹ്യ മേഖലകളില്‍ വാരിക്കോരി കൊടുക്കാറുണ്ടായിരുന്ന ബജറ്റ് തുക ഉദേ്യാഗസ്ഥ രാഷ്‌ട്രീയ മേലാളന്‍മാരെ മാത്രമേ സമ്പന്നരാക്കാറുണ്ടായിരുന്നുള്ളൂ. അവയെല്ലാം അഴിമതിക്ക് പുതിയ ജാലകങ്ങള്‍ തുറക്കാേറയുണ്ടായിരുന്നുള്ളൂ. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണങ്ങള്‍ കാത്തിരിക്കാറുണ്ടായിരുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്ന് വാര്‍ത്തകള്‍കൊണ്ട് മാത്രം കഴിഞ്ഞ കാലങ്ങളില്‍ തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ചെലവാക്കിയ പണത്തിന്റെ മൂല്യമോ ലക്ഷ്യമിട്ടിരുന്ന വിഭാഗത്തിന് ലഭിക്കേണ്ട അന്തിമമായ നേട്ടമോ വിദഗ്ധര്‍ വിലയിരുത്താറില്ല. എന്നാല്‍ അത്തരം ബജറ്റ് വകയിരുത്തലുകളെ ജനപ്രിയ നടപടികളെന്നായിരുന്നു ചിലര്‍ വിശേഷിപ്പിക്കാറുള്ളത്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ഫലപ്രദമായ സംവിധാനം മോദി സര്‍ക്കാര്‍ രൂപപ്പെടുത്തി. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ താങ്ങുവില ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന നയം നടപ്പിലാക്കുകയും, അവരുടെ വരുമാനം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നല്‍കുന്നു.
കൃഷിമേഖലയെപ്പോലെ വിവിധ രീതിയിലുള്ള ചെറുകിട സംരംഭങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട ഗ്രാമവികസനത്തിനും ബജറ്റ് മുന്‍ഗണന നല്‍കി എന്നത് ശ്രദ്ധേയമാണ്. എട്ട് കോടി സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍, കൃഷിയെ അവലംബിച്ചുകൊണ്ടുള്ള, ഉദാരമായ വ്യവസ്ഥയില്‍ കച്ചടവികസന സൗകര്യം തുടങ്ങിയവ ഭാരതത്തില്‍ മാറിവീശുന്ന കാറ്റിന്റെ സൂചനയാണ്.
ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും ശാശ്വതമായ ക്ഷേമം ഉറപ്പുവരുത്തുന്ന വികസനമാണ് ലക്ഷ്യം. അതിന് പ്രാഥമികമായി ശ്രദ്ധിക്കേണ്ടത് കമ്മി നികത്തലാണ്. കേന്ദ്ര ബജറ്റില്‍ വര്‍ദ്ധിച്ചുവരുന്ന കമ്മിയുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ആദ്യം നേരിടേണ്ടിവരുന്നത് കുറഞ്ഞ വരുമാനക്കാരാണ്. ഈ തിരിച്ചറിവ് സര്‍ക്കാരിനുള്ളതുകൊണ്ടാണ് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മേഖലകള്‍ക്ക് ഇത്തവണ സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത് എന്നുവേണം കരുതാന്‍.
കൃഷി, ഗ്രാമവികസനം, ചെറുകിട കച്ചവടം, മത്സ്യ ബന്ധനം, ഗ്രാമീണ റോഡ് വികസനം, ആരോഗ്യപരിപാലനം മുതലായ മേഖലകള്‍ക്ക് വന്‍തുക വകയിരുത്തിയതിലൂടെ സര്‍ക്കാര്‍ അതിന്റെ നയം വ്യക്തമാക്കുന്നു. വികസനത്തിന്റെ ഗുണഫലം ആദ്യം താഴെക്കിടയില്‍ എത്തിയിരിക്കണം എന്നതാണത്.
(സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
















