കൊച്ചി: സിയാല്‍ ഗോള്‍ഫ് കോഴ്‌സില്‍ നടക്കുന്ന പിജിടിഐ-കൊച്ചിന്‍ മാസ്റ്റേഴ്‌സ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ആദ്യ റൗണ്ട് സമാപിച്ചപ്പോള്‍ അമര്‍ദീപ് സിങ് മാലിക് ഒന്നാമത്. മുംബൈ സ്വദേശിയായ ഇരുപത്തൊന്നുകാരന്‍ ആകാശ് മോദി രണ്ടാം സ്ഥാനത്ത് എത്തി. ദല്‍ഹിയുടെ ഹണി ബെയ്‌സായ, ചണ്ഡീഗഡിലെ അഭിജിത് സിങ് ചദ്ദ, ബെംഗളൂരു സയിദ് സഖിബ് അഹ്മദ്, പൂനെയുടെ സമീര്‍ എം. ഷെയ്ഖ്, ഓം പ്രകാശ് ചൗഹാന്‍ എന്നിവരാണ് മൂന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള അമര്‍ദീപ് സിങ് മാലിക് പിജിടിഐ രണ്ടാം പാദത്തിലെ വിജയി കൂടിയാണ്. രണ്ട് മാസത്തോളം ഗോള്‍ഫില്‍ നിന്നും വിട്ടുനിന്ന ശേഷം തിരിച്ചെത്തിയതാണ് മാലിക്.
കഴിഞ്ഞ വര്‍ഷം പിജിഐടിയില്‍ പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തിയ താരമാണ് ആകാശ് മോഡി. തന്റെ കരിയറിലെ ഏറ്റവും മികച്ച റൗണ്ട് ഷൂട്ട് ചെയ്താണ് ഇന്നലെ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. സിയാല്‍ ഗോള്‍ഫ് കോഴ്‌സില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ 115 പേര്‍ മത്സരിക്കാനെത്തി. ഇവരില്‍ ആറു പേര്‍ വിദേശതാരങ്ങളാണ്. ഗോള്‍ഫ് ദേശീയ ചാമ്പ്യനെ കണ്ടെത്താനായി തുടങ്ങിയ ടൂര്‍ണമെന്റില്‍ 40 ലക്ഷമാണ് ആകെ സമ്മാന തുക. കൂടുതല്‍ പോയിന്റ് നേടുന്ന 50 താരങ്ങള്‍ക്കും കാഷ് പ്രൈസ് ലഭിക്കും.
















