ന്യൂദല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഉത്തര്‍ പ്രദേശ് ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരക്കുള്ള ടീമില്‍ റെയ്‌നക്ക് സ്ഥാനം ലഭിച്ചു. പതിനാറംഗ ടീമിനെ വിരാട് കോഹ്‌ലി നയിക്കും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് റെയ്‌ന അവസാനമായി ട്വന്റി 20 യില്‍ ഇന്ത്യക്കായി കളിച്ചത്. അന്ന് ഇംഗ്ലണ്ടിനെതിരെ 57 പന്തില്‍ 63 റണ്‍സ് നേടി. മത്സരത്തില്‍ ഇന്ത്യ 75 റണ്‍സിന് വിജയിച്ചു. പ്രാദേശിക ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് റെയ്‌നയക്ക് വീണ്ടും ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. മുഷ്താഖ് അലി 20 മത്സരത്തില്‍ ബംഗാളിനെതിരെ പുറത്താകാതെ 126 റണ്‍സ് നേടി. തമിഴ്‌നാട്, ബറോഡ ടീമുകള്‍ക്കെതിരെ അര്‍ധ സെഞ്ചുറിയും കുറിച്ചു.
ആറു മത്സരങ്ങളുടെ ഏകദിന പരമ്പരയ്‌ക്ക് ശേഷമാണ് ട്വന്റി 20 പരമ്പര തുടങ്ങുക.പരമ്പരയിലെ ആദ്യ മത്സരം അടുത്ത മാസം 18 ന് ജോഹന്നസ്ബര്‍ഗില്‍ നടക്കും. സെഞ്ചൂറിയനില്‍ 21 ന് രണ്ടാം മത്സരവും കേപ്ടൗണില്‍ 24 ന് മൂന്നാം മത്സരവും അരങ്ങേറും.
ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ ( വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ. എല്‍ രാഹുല്‍, സുരേഷ് റെയ്‌ന, എം എസ് ധോണി, ദിനേശ് കാര്‍ത്തിക് , ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡ്യ, അക് ഷര്‍ പട്ടേല്‍, യുവേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ജയദേവ് ഉനദ്ഘട്, ഷാര്‍ദുല്‍ താക്കൂര്‍.
















