മലയിന്‍കീഴ്: ഗ്രാമീണ റോഡുകളുടെ ദുരവസ്ഥയ്‌ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മലയിന്‍കീഴ് രാധാകൃഷ്ണന്‍. കുന്നംപാറ – വലിയറത്തല റോഡിന്റെ നവീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ നവീകരണത്തിനും പുനര്‍നിര്‍മ്മാണത്തിനും തദ്ദേശസ്ഥാപനങ്ങള്‍ അനുവദിച്ച ഫണ്ടുകള്‍ ലാപ്‌സാവാന്‍ ഇനി രണ്ട് മാസമാണ് ശേഷിക്കുന്നത്. ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇടത് സര്‍ക്കാര്‍ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചു. കുണ്ടുംകുഴിയും നിറഞ്ഞ റോഡുകള്‍ അപകടക്കെണികളായി മാറിയിട്ടും അധികൃതര്‍ക്ക് മൗനമാണ്. ഇത് മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി കാട്ടാക്കട ഹരി, ജില്ലാ കമ്മറ്റിയംഗം തൂങ്ങാംപാറ ബാലകൃഷ്ണന്‍, പഞ്ചായത്തംഗം അജികുമാര്‍, പ്രവീണ്‍, മോഹന്‍കുമാര്‍, രവിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
















