വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ ഐഎസ് ഭീകരന്‍ അബു റുമായ്‌സനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. സിദ്ധാര്‍ത്ഥ ധര്‍ എന്നയാളാണ് ഇസ്ലാം മതം സ്വീകരിച്ച് അബു റുമായ്‌സ് എന്ന് പേര് മാറ്റിയിരുന്നത്.
ബ്രിട്ടീഷ് ഭീകര സംഘടനയായ അല്‍ മുഹാജിറൗണിന്റെ നേതാവാണ് ഇയാള്‍. 2014ല്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ ബ്രിട്ടീഷ് പോലീസിനെ കബളിപ്പിച്ച് ഭാര്യയെയും മക്കളെയും കൊണ്ട് ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് കടന്നുകളയുകയായിരുന്നു. ഐഎസ് ബന്ദികളെ കൊലപ്പെടുത്തുന്ന ദൗത്യമുണ്ടായിരുന്ന മുഹമ്മദ് ഇംവാസി കൊല്ലപ്പെട്ടതിന് ശേഷം ഇയാളായിരുന്നു പുതിയ ആരാച്ചാര്‍. അതിനാല്‍ പുതിയ ജിഹാദി ജോണ്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടത്.
2016 ജനുവരിയില്‍ ബ്രിട്ടനു വേണ്ടി ചാര പ്രവര്‍ത്തി നടത്തി എന്ന് ആരോപിച്ച് ബന്ദികളാക്കിയവരെ കൊലപ്പെടുത്തുന്ന വീഡിയോയിലെ മുഖം മൂടി ധാരി ധര്‍ ആണെന്ന സംശയത്തിലാണ് ഇയാളെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചത്. ഐഎസ് ഭീകരര്‍ ലൈംഗീക അടിമയാക്കിയിരുന്ന നിഹദ് ബരക്കത് എന്ന പെണ്‍കുട്ടി മോചിതയായപ്പോള്‍ ധര്‍ ആണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് വെളിപ്പെടുത്തിയിരുന്നു. ധറിനെ കൂടാതെ മൊറോക്കന്‍ സ്വദേശി അബ്ദുലെത്തീഫ് ഗയീനിയെയും അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.
















