മലയിന്‍കീഴ്: മാമൂട്ടുവിളയില്‍ കുടിവെളളമെത്തിക്കാന്‍ കൊണ്ടിട്ട പൈപ്പുകളും അനുബന്ധ സാധനങ്ങളും ഒരു നിര്‍ധനന്റെ സൈ്വര്യം കെടുത്താന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം. മലയിന്‍കീഴ് ഈഴക്കോട് മാമൂട്ടുവിള അശ്വതിഭവനില്‍ മോഹനന്‍(53) ആണ് കൂറ്റന്‍ പൈപ്പുകളും യന്ത്രങ്ങളും കൈയടക്കിയ സ്വന്തം പുരയിടത്തില്‍ വീടുവയ്‌ക്കുക എന്ന കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റാനാകാതെ വിഷമിക്കുന്നത്.
ജപ്പാന്‍ കുടിവെള്ളപദ്ധതിക്കു വേണ്ടി തന്റെ വസ്തുവില്‍ കൊണ്ടിറക്കിയ പൈപ്പുകളും യന്ത്രസാമഗ്രികളും മാറ്റുന്ന ദിവസം സ്വപ്‌നം കണ്ട് കഴിയുകയാണ് ഇപ്പോള്‍ മോഹനന്‍. ഈ കൂറ്റന്‍ പൈപ്പുകള്‍ നീക്കിയാലേ മോഹനന് ആറ്റുനോറ്റ് വാങ്ങിയ ഏഴ് സെന്റില്‍ വീട് പണിയാനാകൂ. രണ്ടുവര്‍ഷം മുമ്പ് പൈപ്പുകള്‍ കൊണ്ടിട്ട കരാറുകാരനെ ഇപ്പോള്‍ കാണാനില്ല. വാടക നല്‍കാമെന്നു പറഞ്ഞാണ് കുറച്ചു നാളത്തേക്ക് അന്യസംസ്ഥാന കരാറുകാരന്‍ മോഹനന്റെ പുരയിടത്തില്‍ പൈപ്പുകള്‍ ഇറക്കിയിട്ടത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വാടകയുമില്ല. സാധനങ്ങളും മാറ്റാതായതോടെ മോഹനന്‍ ഇവര്‍ നല്‍കിയ നമ്പറുകളില്‍ മാറി മാറി വിളിച്ചു. ആരും ഫോണെടുക്കാതായപ്പോഴാണ് മോഹനന് താന്‍ വെട്ടിലായത് ബോധ്യപ്പെട്ടത്.
ഏകദേശം അരക്കോടി വിലയുള്ളതാണ് പൈപ്പുകളും യന്ത്രങ്ങളും. സര്‍ക്കാര്‍ പദ്ധതിക്കുള്ളതായതിനാല്‍ ഇത് ആരും കവരാതെ നേക്കേണ്ട ബാധ്യതയും ഇപ്പോള്‍ മോഹനന്റെ തലയിലാണ്. നാട്ടില്‍ കുടിവെള്ളമെത്തുന്ന പദ്ധതിയായതിനാലാണ് മറ്റാരും സ്ഥലം നല്‍കാതിരുന്നപ്പോള്‍ മോഹനന്‍ സ്വന്തം പുരയിടം വിട്ടു നല്‍കിയത്. ഇപ്പോള്‍ നാട്ടില്‍ കുടിവെള്ളം എത്തിയില്ലെന്നു മാത്രമല്ല, പൈപ്പുകള്‍ ഭൂമി അപഹരിക്കുകയും ചെയ്തു. ഈ ഒഴിയാബാധയില്‍ നിന്ന് രക്ഷതേടി സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് മോഹനന്.
















